വിഘടിതരുടെ നിലപാട് അപഹാസ്യം : SKSSF

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ദീര്‍ഘകാല അധ്യക്ഷനായിരുന്ന മര്‍ഹൂം കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാരെ ജീവിത കാലത്ത് തള്ളിപ്പറയുകയും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം നിരന്തരം ഇകഴ്ത്താന്‍ ശ്രമിക്കുകയും ചെയ്ത കാന്തപുരം വിഭാഗം സുന്നികള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ ആണ്ടുനേര്‍ച്ച നടത്താന്‍ ഇറങ്ങിത്തിരിച്ചത് അപഹാസ്യമാണെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സമസ്തക്ക് നേതൃത്വം നല്‍കാന്‍ യോഗ്യരല്ലെന്ന് പ്രഖ്യാപിച്ച് സമാന്തര സംഘടനയുണ്ടാക്കുകയും തങ്ങളുടെ ഗുരുവര്യന്‍ കൂടിയായ കണ്ണിയത്ത് ഉസ്താദിനെ പ്രതിചേര്‍ത്ത് വ്യവഹാരത്തിന് പോലും രംഗത്ത് വന്നവര്‍ ഇപ്പോള്‍ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ചൂഷണത്തിന് ശ്രമം നടത്തുകയാണ്. അടിസ്ഥാനപരമായി ഒരാശയമോ സംഘടനാ നിലപാടോ ഇല്ലാതായ ഈ വിഭാഗം എത്തിപ്പെട്ട ആദര്‍ശ പാപ്പരത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതിലൂടെ വ്യക്തമായത്. സമസ്തക്ക് സമാന്തരമായി മറ്റൊരു സംഘടന ഉണ്ടാക്കാന്‍ കാന്തപുരം ഉന്നയിച്ച വിഷയങ്ങളുടെയെല്ലാം പ്രസക്തി നഷ്ടപ്പെടുകയും ഒരു മത സംഘടനയായി നിലനില്‍ക്കാനുള്ള ധാര്‍മ്മിക അവകാശംപോലും ഇല്ലാത്ത ഇവര്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലം സമുദായത്തിലുണ്ടാക്കിയ ശിഥിലീകരണ പ്രവര്‍ത്തനത്തിന് മുസ്‌ലിം സമുദായത്തോട് മാപ്പുപറഞ്ഞ് സംഘടന പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി പ്രസ്തുതയോഗത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, അലി. കെ. വയനാട്, സത്താര്‍ പന്തലൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദു റഹീം ചുഴലി, നവാസ് പാനൂര്‍, സൈതലവി റഹ്മാനി, അബ്ദുള്ള കുണ്ടറ, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി എന്നിവര്‍ പങ്കെടുത്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.