ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സൗകര്യങ്ങൾ പരിഗണിക്കണം: SKSSF TREND

കേരള ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കുന്നതിനു വിദ്യാർത്ഥിസമൂഹത്തിന്റെ പഠനസൗകര്യം സർക്കാർ പരിഗണിക്കണമെന്ന് ട്രെന്റ്‌ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദൂരവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്നത്‌ കോഴിക്കോട്‌ സർവ്വകലാശാലയുടെ കീഴിൽ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൾ നിന്നാണെന്ന വസ്തുത സർക്കാർ മറന്നുപോകരുത്‌. വിദൂരവിദ്യാഭ്യാസ പഠനവിഭാഗം കാലിക്ക റ്റിൽ നിർത്തലാക്കി ഓപൺ സർവ്വകലാശാലയിലേക്ക്‌ മാറുന്നതോടെ കാലിക്കറ്റ്‌ സർവ്വകലാശാല കാമ്പസിൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഭാഗമായ ബഹുനിലകെട്ടിടങ്ങൾ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങൾ ഉപയോഗശൂന്യമായിത്തീരും. ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനു വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ കൂടുതൽ വിദ്യാർത്ഥികൾക്ക്‌ സൗകര്യപ്രദമാകുന്ന തരത്തിൽ ഓപൺ സർവ്വകലാശാല കാലിക്കറ്റ്‌ സർവ്വകലാശാല കാമ്പസിൽ സ്ഥാപിക്കാനാകും. ഇക്കാര്യം സർക്കാർ മാസങ്ങൾക്ക്‌ മുമ്പ്‌ പഠിക്കുകയും പ്രസ്താവന നടത്തിയതുമാണ്‌. വിദ്യാഭ്യാസരംഗത്ത്‌ പ്രയാസങ്ങൾ സൃഷ്ടിക്കാതെ വിദ്യാർത്ഥിസമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത്‌ സർക്കാർ നിലകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ റഷീദ് കൊടിയൂറ, ഡോ, അബ്ദുൽ മജീദ് കൊടക്കാട്, ഡോ, അബ്ദുൽ ഖയ്യും, ശാഫി ആട്ടീരി, സിദ്ധീഖ് ചെമ്മാട്, സിദ്ധീഖുൽ അക്ബർ വാഫി, കെ. കെ മുനീർ വാണിമേൽ, അനസ് പൂക്കോട്ടൂർ, ജംഷീർ വാഫി കുടക്, ജിയാദ് എറണാകുളം, ഷമീർ തിരുവനന്തപുരം, ഹനീഫ് ഹുദവി ഖത്തർ, നാസർ മാസ്റ്റർ കൊല്ലം, അർഷദ് ബാഖവി കോട്ടയം, സൈനുദ്ധീൻ പാലക്കാട്‌, നസീർ സുൽത്താൻ ലക്ഷദ്വീപ്, സിദ്ധീഖ് മന്ന, മാലിക് ചെറുതിരുത്തി, നൗഫൽ വാകേരി, സാലിഹ് തൊടുപുഴ ഹമ്ദുല്ല തങ്ങൾ കാസറഗോഡ് പങ്കെടുത്തു
- SKSSF STATE COMMITTEE

റബീഉൽ അവ്വൽ കാംപയിൻ; സമസ്ത: പോഷക ഘടകങ്ങൾക്ക് പരിപാടികളുടെ സംഘാടന ചുമതല നൽകി

ചേളാരി: ‘തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വർഷം ആചരിക്കുന്ന റബീഉൽ അവ്വൽ കാംപയിന് സമസ്ത കീഴ്ഘടകങ്ങൾക്ക് വിവിധ പരിപാടികളുടെ സംഘാടന ചുമതല നൽകി. കാംപയിന്റെ സംസ്ഥാന തല ഉൽഘാടനം 2020 ഒക്ടോബർ 17ന് പാണക്കാട് വെച്ച് നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും മാത്രമായിരിക്കും എല്ലാ പരിപാടികളും നടക്കുക.

മുന്നൊരുക്കം, വീട്ടകങ്ങളിൽ മൗലിദ് സദസ്സുകൾ, ഓൺലൈൻ പ്രഭാഷണങ്ങൾ, സെമിനാറുകൾ, പഠനസംഗമം, പള്ളികൾ കേന്ദ്രീകരിച്ച് മൗലിദ് സദസുകൾ, മദ്‌റസ തല നബിദിന പരിപാടികൾ, മദീന പാഷൻ, അയൽകൂട്ട മീലാദ് മത്സരം, വിദാഅ് പ്രഭാഷണം തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടക്കുക. പോഷക ഘടകങ്ങൾക്ക് അതത് പരിപാടികളുടെ സംഘാടന ചുമതല നൽകിയിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് കാംപയിൻ പരിപാടികൾ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.
- Samasthalayam Chelari

പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഇടപെടൽ മാതൃകാപരം: ഹൈദരലി തങ്ങൾ

മലപ്പുറം: പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള എസ് കെ എസ് എസ് എഫിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനയുടെ ആതുരസേവന വിഭാഗമായ സഹചാരി ഫണ്ട് ശേഖരണത്തിൽ മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറക്ക് നേർദിശ കാണിക്കുന്നതും അവരെ സംസ്ക്കാര സമ്പന്നരാക്കുന്നതുമായ പ്രവർത്തനങ്ങളാണ് എസ് കെ എസ് എസ് എഫ് ഇതിനകം നിർവ്വഹിച്ചത്. ഇത്തരം മാതൃകാ പ്രവർത്തനങ്ങളാണ് സംഘടനക്ക് വൻ സ്വീകാര്യത ലഭിക്കാൻ കാരണമായതെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേൽമുറി, ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീൻ ദാരിമി പടന്ന സംബന്ധിച്ചു.

സഹചാരി റിലീഫ് സെല്ലിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ചത് കണ്ണൂർ ജില്ലയിലെ പൊയിലൂർ ശാഖയാണ്. ഫണ്ട് ശേഖരണം സമയബന്ധിതമായി പൂർത്തിയാക്കിയതിൽ ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച മലപ്പുറം ഈസ്റ്റ് (ജില്ല), പെരിന്തൽമണ്ണ (മേഖല), തിരൂർക്കാട് (ക്ലസ്റ്റർ) എന്നീ ഘടകങ്ങളാണ്. നിശ്ചിത കാലയളവിന് ശേഷം ഈ വർഷത്തെ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരണം നടത്തിയത് കോഴിക്കോട് (ജില്ലാ), കുറ്റ്യാടി (മേഖല), തൊട്ടിൽപ്പാലം (ക്ലസ്റ്റർ) എന്നിവയാണ്. വിവിധ ഘടകങ്ങളുടെ ഭാരവാഹികളാണ് ഉപഹാരങ്ങൾ ഏറ്റുവാങ്ങിയത്.


ഫോട്ടോ അടക്കിപ്പ്: എസ് കെ എസ് എസ് എഫ് ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക് കൂടുതൽ ഫണ്ട് ശേഖരിച്ച സംഘടനാ ഘടകങ്ങൾക്കുള്ള ഉപഹാരങ്ങൾ നൽകുന്ന പരിപാടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഖുര്‍ആന്‍ ഉപയോഗിക്കരുത്: SKSSF

കോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിക്കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് യോജിക്കാത്ത അപശബ്ദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകള്‍ ബോധപൂര്‍വ്വം ഖുര്‍ആനില്‍ കേന്ദ്രീകരിക്കുകയാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ അന്വേഷണങ്ങള്‍ കൃത്യമായി നടക്കട്ടെ. പക്ഷെ, വര്‍ഗീയ ശക്തികള്‍ക്ക് അവസരം സൃഷ്ടിക്കും വിധം വിഷയം വഴിതിരിച്ചുവിടാന്‍ ആരും ശ്രമിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. മത രാഷ്ടീയ ചിന്തകള്‍ക്കതീതമായി മലയാളി ഒരുമയോടെ നിലനിന്നതുകൊണ്ടാണ് കേരളീയ സമൂഹത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വേരൂന്നാന്‍ സാധിക്കാതെ പോയത്. അത് തകര്‍ക്കുന്ന സാഹചര്യം കേരളത്തെ അപകടത്തിലേക്കാണ് എത്തിക്കുക.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി. പ്രൊഫസറായി നിയമനം

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്‌ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം. ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.

ദാറുല്‍ഹുദാ ഖുർആൻ ഡിപ്പാർട്ട്മെന്റിൽ നിന്നു റാങ്കോടെ ഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്മെന്റില്‍ നിന്നു ബിരുദാനന്തര ബിരുദവും മലേഷ്യന്‍ ടെക്‌നോളജി സര്‍വകലാശാല (യു.ടി.എം)യില്‍ നിന്നു പി.എച്ച്.ഡിയും നേടി. ദാറുല്‍ഹുദാ യു.ജി സ്ഥാപനമായ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ നിന്നായിരുന്നു അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

2014 ല്‍ ഐ.ഐ.യു.എമ്മിലെ മികച്ച വിദ്യാര്‍ത്ഥി പട്ടം ലഭിച്ചത് ജഅ്ഫര്‍ ഹുദവിക്കായിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുവ്വത്താണി പറമ്പൂര്‍ യൂസുഫ്- ഫാത്വിമ സുഹ്റ ദമ്പതികളുടെ മകനാണ്. ദാറുല്‍ഹുദാ മാനേജ്‌മെന്റും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയും ജഅ്ഫര്‍ ഹുദവിയെ അനുമോദിച്ചു.
- Darul Huda Islamic University

2020ല്‍ സെലക്ഷന്‍ ലഭിച്ചവര്‍ക്ക് അടുത്ത വര്‍ഷം ഹജ്ജിന് അവസരം നല്‍കണം: SKIMVB

ചേളാരി: 2020ല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് അവസരം ലഭിക്കുകയും എന്നാല്‍ കോവിഡ്-19 വിലക്ക് കാരണം ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് 2021ലെ ഹജ്ജിന് അവസരം നല്‍കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി സമസ്ത അംഗാകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10,275 ആയി. ശംസുല്‍ ഉലമാ മദ്റസ - നെത്തിലപ്പടവ് (ദക്ഷിണ കന്നഡ), എഡീറ അക്കാദമി മദ്റസ - ചിനക്കല്‍, മൂന്നിയൂര്‍, മദ്റസത്തുല്‍ ബാഫഖി - മാങ്ങോടമ്മല്‍, മൈത്ര (മലപ്പുറം), മദ്റസത്തു തഖ്വ - കല്ലടിക്കുന്ന് (പാലക്കാട്), മിസ്ബാഹുല്‍ ഹുദാ മദ്റസ - മുരിയങ്കര, പിണര്‍മുണ്ട (എറണാകുളം), ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്റസ - ഹയ്യ് അന്നസീം (ജിദ്ദ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത ഓണ്‍ലൈന്‍ മദ്റസ ചാനല്‍ വഴി വെള്ളിയാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് 'തിലാവ' ക്ലാസ് നടത്താനും തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം. മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ സമസ്ത ട്രഷറര്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായി ചേലക്കാട് എ മുഹമ്മദ് മുസ്ലിയാരും മുശാവറ മെമ്പറായി എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ കുമരനല്ലൂരും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ നിരവധി ശിഷ്യരുടെ ഗുരുവും വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയില്‍ 45 കൊല്ലം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യ ഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കുട്ടി മുസ്ലിയാര്‍ ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവര്‍ പ്രധാന ഗുരുക്കളാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്, ചേലക്കാട് എന്നിവിടങ്ങളിലും, 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 7 വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും, 6 വര്‍ഷം മടവൂര്‍ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്.

മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശിയാണ്. മണ്ണാരവളപ്പില്‍ കുഞ്ഞാലിയുടെയും ഉമ്മയ്യഉമ്മയുടെയും മകനായി 1945ലാണ് ജനനം. മാരായംകുന്ന്, കുമരനല്ലൂര്‍, കുളത്തോള്‍, വളവന്നൂര്‍, കാനാഞ്ചേരി, പടിഞ്ഞാറങ്ങാടി, ചെറുകുന്ന് എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നാണ് ബിരുദം നേടിയത്. ചൊവ്വലൂര്‍ ജുമുഅത്ത് പള്ളിയില്‍ 35 വര്‍ഷം മുദരിസായി സേവനം ചെയ്ത ശേഷം 2005 മുതല്‍ മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വ കോളേജിന്റെ പ്രിന്‍സിപ്പളായി സേവനം തുടരുന്നു. നിലവില്‍ സമസ്ത പൊന്നാനി താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവുമാണ്. വിവിധ മഹല്ലുകളിലെ ഖാസിയും കൂടിയാണ് ഇസ്മാഈല്‍ മുസ്ലിയാര്‍.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഒ മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, എ മരക്കാര്‍ മുസ്ലിയാര്‍, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, എം.എം അബ്ദുല്ല ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari

TREND ബേസിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

എസ് കെ എസ് എസ എഫ് ട്രന്റ് സംസ്ഥാന കമ്മറ്റി ട്രന്റ് റിസോഴ്‌സ് ബാങ്കിന് കീഴിൽ നടത്തുന്ന ട്രെന്റ് ബേസിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 13 മുതൽ 22 വരെ ഓൺലൈനിലാണ് കോഴ്സ്. www.trendinfo.in എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 11.09.2020 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങൾക്ക്: 9061808111
- SKSSF STATE COMMITTEE

നിര്‍ദ്ദിഷ്ഠ ഓപ്പണ്‍ സര്‍വ്വകലാശാല മലബാറില്‍ സ്ഥാപിക്കണം: SKSSF TREND

കേരള ഗവണ്മെന്റ് പരിഗണനയിലുള്ള നിര്‍ദ്ധി ഷ്ഠ സര്‍വ്വകലാശാല ആസ്ഥാനം മലബാറില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ് കെ എസ് എസ് എഫ് ട്രന്റ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. മലബാറിലെ റഗുലര്‍ പഠനത്തിനുള്ള അവസരങ്ങള്‍ ആനുപാതികമായി വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് വേണ്ടി വിദൂര വിദ്യാഭ്യാസ സംവിധാനങ്ങളെ ആശ്രയിക്കുന്നതും മലബാറിലാണ്. സര്‍ക്കാര്‍ ഇത് മുഖവിലക്കെടുക്കണം. രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദൂരപഠനത്തിന് വേണ്ടി ആശ്രയിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ റഷീദ് കൊടിയൂറ അധ്യക്ഷത വഹിച്ചു. ഡോ. എം അബ്ദുള്‍ ഖയ്യൂം, ഷാഫി മാസ്റ്റര്‍ ആട്ടീരി, കെ. കെ മുനീര്‍ വാണിമേല്‍, ജിയാദ് എറണാംകുളം, മാലിക് ചെറുതിരുത്തി, സിദ്ധീഖുല്‍ അക്ബര്‍ വാഫി, ജംഷീര്‍ വാഫി കുടക്, അനസ് മാസ്റ്റര്‍ പൂക്കോട്ടൂര്‍, സൈനുദ്ധീന്‍ പാലക്കാട്, ഹനീഫ് ഹുദവി ഖത്തര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

ഓണ്‍ലൈന്‍ പഠനത്തിന് സമസ്തയുടെ മറ്റൊരു ചരിത്രം; ആംഗ്യ ഭാഷയില്‍ സമസ്ത ഓണ്‍ലൈന്‍ മ്‌റസ പഠനം ഇന്ന് (05-09-2020) മുതല്‍

ചേളാരി: സംസാരവും കേള്‍വിയും ഇല്ലാത്തവര്‍ക്ക് ആംഗ്യഭാഷയിലുള്ള സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ഇന്ന് (സെപ്തംബര്‍ 5) മുതല്‍ സംപ്രേഷണം ചെയ്യും. സംസ്ഥാനത്ത് ഇതാദ്യമായാണ് ആംഗ്യ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 1,46,712 ബധിരരുണ്ടെന്നാണ് കണക്ക്. കോവിഡ്-19 പശ്ചാത്തലത്തില്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നപോലെ 2020 മാര്‍ച്ച് മാസം മുതല്‍ അന്ധ-ബധിര വിദ്യാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. സകൂള്‍-മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനാവസരം ലഭിച്ചിരുന്നെങ്കിലും ഈ വിഭാഗത്തിന് അവസരം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇവര്‍ക്ക് ആശ്വാസമായി എത്തിയത്. ഇന്നു മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന്റെ ഭാഗമായി ആംഗ്യഭാഷയിലുള്ള ക്ലാസുകളും സംപ്രേഷണം ചെയ്യും. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന യൂട്യൂബിലും മൊബൈല്‍ ആപ്പിലും ഫെയ്‌സ് ബുക്കിലും ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. 2020 ജൂണ്‍ ഒന്നു മുതല്‍ തുടങ്ങിയ സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഇതിനകം 15 കോടിയോളം പഠിതാക്കള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ഓദ്യോഗിക കണക്ക്. ഓണ്‍ലൈന്‍ പഠന രംഗത്ത് ചരിത്രം സൃഷ്ടിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയതിലൂടെ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് കൂടി പഠനം സാധ്യമാവുന്ന വിധം ശബ്ദം നല്‍കിയാണ് ആംഗ്യ ഭാഷാ ക്ലാസുകള്‍ സംവിധാനിച്ചിട്ടുള്ളത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചേളാരി സമസ്താലയത്തില്‍ സ്ഥാപിച്ച സ്റ്റുഡിയോവില്‍ വെച്ചാണ് ക്ലാസുകള്‍ റിക്കാര്‍ഡ് ചെയ്യുന്നത്. ആംഗ്യ ഭാഷയിലെ ഓണ്‍ ലൈന്‍ പഠന ക്ലാസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു.
- Samasthalayam Chelari

ട്രന്റ് പരിശീലകരുടെ മൊബൈൽ ആപ് ലോഞ്ച് ചെയ്തു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ട്രന്റ് സംസ്ഥാന സമിതിയുടെ ഉപവിഭാഗമായ ട്രന്റ് റിസോഴ്സ് ബാങ്ക് പരിശീലകരുടെയും സംഘടനയുടെയും വിശദവിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട് ലോഞ്ച് ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ വിദ്യാർഥികളിലും പൊതുജനങ്ങളിലുമെത്തിക്കാൻ ട്രെൻഡ് പരിശീലകർ തയ്യാറാകണമെന്ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.

പരിശീലകരുടെ വിവരണങ്ങളടങ്ങിയ ബ്രോഷർ പ്രകാശനം എസ് കെ.എസ്.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജനാബ് സത്താർ പന്തല്ലൂർ നിർവ്വഹിച്ചു. ട്രെൻഡ് സംസ്ഥാന ചെയർമാൻ റഷീദ് കോടിയൂറ അദ്ധ്യക്ഷം വഹിച്ചു. ഡോ. എം അബ്ദുൽ ഖയ്യൂം ആമുഖ ഭാഷണം നടത്തി. ഷാഹുൽ ഹമീദ് മേൽമുറി, എസ്. വി. മുഹമ്മദലി, അലി കെ വയനാട്, റഹീം ചുഴലി, ഡോ. മജീദ് കൊടക്കാട്, ഷംസുദ്ദീൻ ഒഴുകൂർ, റഷീദ് കമ്പളക്കാട്, റിയാസ് നരിക്കുനി, നൗഫൽ വാകേരി, ഷംസാദ് സലിം പൂവത്താണി, എസ് കെ ബഷീർ, വഹാബ് പടിഞ്ഞാറ്റുമുറി, റഫീഖ് പുത്തനത്താണി തുടങ്ങിയവർ സംസാരിച്ചു. ട്രെൻഡ് കൺവീനർ ഷാഫി ആട്ടീരി സ്വാഗതവും ടി.ആർ.ബി. കോ ഓർഡിനേറ്റർ ജിയാദ് കെ.എം. നന്ദിയും പറഞ്ഞു. നേരത്തെ മാന്വൽ പ്രകാരം പരിശീലനം ലഭിച്ച നൂറ്റി അമ്പതോളം വരുന്ന പരിശീലകരുടെ കോൺവൊക്കേഷൻ ഫെബ്രുവരിയിൽ നടന്നിരുന്നു. ഇവരുടെ വിവരങ്ങളും ട്രെൻഡ് പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
- SKSSF STATE COMMITTEE

സുപ്രഭാതം ക്യാമ്പയിന്‍ വിജയിപ്പിക്കുക: SMF

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ സുപ്രഭാത്തിന്റെ ഏഴാം വാര്‍ഷിക ക്യാമ്പയിന്‍ നടന്നുവരികയാണ്. കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ക്യാമ്പയിന്‍ വിജയിപ്പിക്കുവാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ല / പഞ്ചായത്ത് / മേഖല കമ്മിറ്റികളും മഹല്ല് ജമാഅത്ത് കമ്മിറ്റികളും സജീവമായി രംഗത്തിറങ്ങണം. ആശയ സംരക്ഷണം, ഇന്ത്യന്‍ ഭരണഘടനയുടെ പരിരക്ഷ തുടങ്ങിയ നിരവധി കാലിക വിഷയങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സുപ്രഭാതത്തിന്റെ പേജുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ധാരാളം വായനക്കാരെയും വരിക്കാരെയും കണ്ടെത്തി വിജയിപ്പിക്കാന്‍ ആവശ്യമായ പരിപാടികള്‍ നടപ്പില്‍ വരുത്തുവാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനിച്ചു. എസ്. എം. എഫ് സംസ്ഥാന സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി. ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, പ്രൊഫ. തോന്നക്കല്‍ ജമാല്‍, കോ-ഓര്‍ഡിനേറ്റര്‍ എ. കെ ആലിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION

ജീവിതത്തിന് വഴി കാണിക്കേണ്ടവര്‍ മരണത്തിലേക്ക് നയിക്കരുത് SKSSF

കോഴിക്കോട്: വളര്‍ന്ന് വരുന്ന ചെറുപ്പക്കാര്‍ക്ക് ജീവിത വഴികള്‍ തുറന്ന് കൊടുക്കേണ്ടവര്‍ മരണത്തിന്റെ വഴികള്‍ മരണത്തിന്റെ ദിശ തിരിച്ചു കൊടുക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പി. എസ്. സി യുടെ നിരുത്തരവാദ സമീപനത്തിന്റെ പേരില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത് പ്രബുദ്ധ കേരളത്തിന്റെ ചിന്താവിഷയമാവേണ്ടതാണ്. നിക്ഷിപ്ത രാഷ്ട്രിയ താത്പര്യത്തിന് വേണ്ടി ചെറുപ്പക്കാരെ കുരുതി കൊടുക്കുന്നതും പ്രതിഷേധാര്‍ഹമാണ്. വിദ്യാഭ്യാസവും തൊഴിലും നല്‍കി പുതുതലമുറയെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയക്ക് പ്രാപ്തമാക്കാന്‍ മത ജാതി രാഷ്ട്രിയ വ്യത്യാസങ്ങള്‍ക്കതീതമായി പരിശ്രമിക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF മഹാസിൻ അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ: തൃശൂർ ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നത നേതാക്കളായിരുന്ന മർഹും എസ് എം കെ തങ്ങൾ, ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, എം. എം മുഹ്യദ്ധീൻ മൗലവി എന്നിവരുടെ പേരിൽ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ല കമ്മിറ്റി നൽകുന്ന അവാർഡുകൾ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഉമറാ രംഗത്തെ മികച്ച സേവനത്തിനുള്ള എസ് എം കെ തങ്ങൾ സ്മാരക "കർമ്മ ശ്രേഷ്ഠ" അവാർഡ്, വിദ്യഭ്യാസ രംഗത്തുള്ള സമഗ്ര സംഭാവനക്കുള്ള ചെറുവാളൂർ ഉസ്താദ് സ്മാരക "വിദ്യാ പീഠം" അവാർഡ്, മികച്ച സംഘാടകനുള്ള എം എം ഉസ്താദ് സ്മാരക "സേവനരത്ന" അവർഡ് എന്നിവയിലേക്ക് ടി. എസ് മമ്മി സാഹിബ്‌ ദേശമംഗലം, ഡോ. സുബൈർ ഹുദവി ചേകന്നൂർ, ഹുസൈൻ ദാരിമി അകലാട് എന്നിവർ യഥാക്രമം തെരെഞ്ഞെടുക്കപ്പെട്ടു.

49 വർഷത്തെ പ്രദേശിക മഹല്ല് നേത്യത്വവും, സമസ്ത പോഷക ഘടങ്ങളുടെ രൂപീകരണങ്ങളിലും അതിന്റെ പ്രവർത്തനങ്ങളിലും നേതൃപരമായ പ്രവർത്തനങ്ങളുടെ നീണ്ട വർഷങ്ങളുടെ സേവനമാണ് മമ്മി സാഹിബിന് ഉള്ളത്. നിലവിൽ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മദ്രസ മാനേജ്‌മന്റ് അസോസിയേഷൻ സംസ്ഥാന കൗൺസിലർ ആയും സേവനം ചെയ്യുന്നു.

ബീഹാറിലെ കിഷൻകഞ്ച് ആസ്ഥാനമാക്കി ഹാദിയ നടപ്പിലാക്കുന്ന വിദ്യഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളിലെ സേവനങ്ങൾക്കാണ് ഡോ: സുബൈർ ഹുദവി അർഹനായത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സിഎച്ച് ചെയർ മേധാവിയായും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി രജിസ്ട്രാർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ് കെ എസ് എസ് എഫിന്റെ പ്രവർത്തമേഖലയിലെ കഴിഞ്ഞ പത്ത് വർഷത്തെ സേവനങ്ങളാണ് ഹുസൈൻ ദാരിമിയെ അവാർഡിന് അർഹനാക്കിത്. ഗൾഫ് സത്യധാര തുടങ്ങുന്നതിൽ ശ്രദ്ദേയമായ പ്രവർത്തങ്ങൾ കാഴ്ച്ചവെച്ച ഹുസൈൻ ദാരിമി എസ് കെ എസ് എസ് എഫ് യു എ ഇ നാഷ്ണൽ കമ്മിറ്റി സെക്രട്ടറിയായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ദുബൈ സുന്നി സെന്റര് സെക്രട്ടറി ഗൾഫ് സത്യധാര മാനേജിംഗ് കമ്മിറ്റി അംഗം, ബർദുബൈ സുന്നി സെന്റര് മദ്രസ പപ്രസിഡന്റ് ആയും പ്രവൃത്തിയ്ക്കുന്നു.

ജില്ല കമ്മിറ്റി നൽകുന്ന അവാർഡിന് യോഗ്യരായ ആളുകളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ദേശമംഗലം, ഷെഹീർദേശമംഗലം, അഡ്വ: ഹാഫിസ് അബൂബക്കർ സിദ്ദീഖ്, മഹറൂഫ് വാഫി എന്നിവർ അംഗങ്ങളായ ഏഴ് അംഗങ്ങളുള്ള ജൂറി സമിതിയാണ് തെരെഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും മൊമന്റോയും അടങ്ങുന്ന അവാർഡ് വിപുലമായ പരിപാടിയിൽ വെച്ച് നൽകുന്നതാണെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
- SKSSF Thrissur

സമസ്ത ഓണ്‍ലൈന്‍ മദ്റസ; ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യ ഭാഷയില്‍ ക്ലാസ്

ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ ചാനല്‍ വഴി ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയില്‍ ക്ലാസ് തുടങ്ങുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ അന്ധ-ബധിര-മൂക വിദ്യാലയങ്ങള്‍ തുറുന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം സാദ്ധ്യമാവാത്തതിനാലാണ് ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് സമസ്ത ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറ് കണക്കിന് ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വഴി മദ്റസ പഠനം സാദ്ധ്യമാകും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തുന്നത്. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയിലുള്ള ഓണ്‍ലൈന്‍ മദ്റസ ക്ലാസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. ആകൃതിയിലും സ്വഭാവങ്ങളിലുമുള്ള വൈജാത്യം കാണാം. പഠന രീതിയും വ്യത്യസ്തമാണ്. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എം.എ ചേളാരി, കബീര്‍ ഫൈസി ചെമ്മാട് സംബന്ധിച്ചു. മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും വി. മുഹമ്മദുണ്ണി കാരച്ചാല്‍ നന്ദിയും പറഞ്ഞു. വളാഞ്ചേരി മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഫസലുറഹ്മാന്‍ അല്‍ഖാസിമി പൊന്നാനിയാണ് ആംഗ്യഭാഷയില്‍ ക്ലാസെടുക്കുന്നത്.

സെപ്തംബര്‍ 5 മുതല്‍ രാവിലെ 9 മണിക്ക് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബിലും, മൊബൈല്‍ ആപ്പിലും, ഫെയ്സ് ബുക്കിലും, ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ മദ്റസ പഠനത്തില്‍ ചരിത്ര നേട്ടം കൈവരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തിയത് വഴി മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിക്കുകയാണ്.
- Samasthalayam Chelari