ഇഫ്‌ളു കാമ്പസ് പാണക്കാട്ട്; മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമായി

മലപ്പുറം: ഒടുവില്‍ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാലയുടെ (ഇഫ്‌ളു) ഓഫ് കാമ്പസ് മലപ്പുറത്തെത്തുന്നു. സ്ഥലം കൈമാറ്റം കഴിഞ്ഞതോടെ കാമ്പസ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി വേഗത്തിലാകും. ഈ അധ്യയന വര്‍ഷം തന്നെ ചില കോഴ്‌സുകളോടെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. വിദ്യാഭ്യാസ രംഗത്ത് മലപ്പുറം രാജ്യാന്തര തലത്തിലേക്ക് ഉയരുന്നതിനുള്ള ചവിട്ടുപടി കൂടിയാണ് ഇഫ്‌ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ഗവേഷകരും മലപ്പുറം കാമ്പസ് തേടി വരും. വിദേശ ഭാഷകളുമായി ബന്ധപ്പെട്ട പഠനത്തിന് ഇവിടുത്തുകാര്‍ക്കും അവസരമൊരുങ്ങും. ആഗോള തലത്തില്‍ നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം. ഹൈദരാബാദിലെ 'ഇഫ്‌ളു'സര്‍വകലാശാല ആസ്ഥാനത്തുള്ള കോഴ്‌സുകള്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം ഓഫ് കാമ്പസിലും എത്തുമെന്നാണ് പ്രതീക്ഷ
മലപ്പുറത്തേക്ക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ഇഫ്‌ളു കാമ്പസ് കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. വൈസ് ചാന്‍സലറെ നേരില്‍ക്കണ്ട് ശുപാര്‍ശ നല്‍കി. പത്തനാപുരത്ത് സ്ഥലവും കണ്ടെത്തി. ഇതോടൊപ്പം ഹരിയാനയും കാമ്പസിനായുള്ള ശ്രമം തുടങ്ങിയിരുന്നു. ഈ രണ്ട് ഓഫ് കാമ്പസുകള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 20 കോടി വീതം കഴിഞ്ഞ ബജറ്റില്‍ വകയിരുത്തി. സാങ്കേതിക കാരണങ്ങളാല്‍ പത്തനാപുരത്ത് പദ്ധതി യാഥാര്‍ഥ്യമാകാതെ പോയി.
 യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ഓഫ് കാമ്പസിനായി ശ്രമംതുടങ്ങി. മലപ്പുറം പാണക്കാട്ട് ഇന്‍കെലിന്റെ കൈവശമുള്ള സ്ഥലം കാമ്പസിനായി കണ്ടെത്തി. സര്‍വകലാശാലാ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാമ്പസിന് അനുയോജ്യമെന്ന് കണ്ടെത്തി. വ്യവസായ വകുപ്പിന്റെ കൈവശമുള്ള സ്ഥലം കൈമാറുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ അനുമതി കിട്ടിയതോടെ കാര്യങ്ങള്‍ വേഗത്തിലായി. 
മലപ്പുറം നഗരത്തില്‍ നിന്ന് ആറുകിലോമീറ്റര്‍ മാത്രം അകലവും വിമാനത്താവളത്തോടും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനോടുമുള്ള സാമീപ്യവും അനുകൂലഘടകങ്ങളായി. 75 ഏക്കര്‍ സ്ഥലം ലഭിക്കുമെന്നതും ഗുണകരമായി. ഹൈദരാബാദില്‍ സര്‍വകലാശാല ആസ്ഥാനം തന്നെ 30 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, ഇഫ്‌ളു സര്‍വകലാശാല അധികൃതര്‍ എന്നിവരുടെ ശ്രമഫലമായാണ് കാമ്പസ് മലപ്പുറത്ത് എത്തുന്നത്.
ഇഫ്‌ളു
ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനത്തിനായി ഹൈദരാബാദ് ആസ്ഥാനമായി 1968 ല്‍ രൂപംകൊണ്ട വിദ്യാഭ്യാസ സ്ഥാപനം. 1973 -ല്‍ ഡീംഡ് സര്‍വകലാശാലയായി. തുടര്‍ന്ന് 2007 ല്‍ കേന്ദ്രസര്‍വകലാശാലയായി മാറി. സ്ഥലം സൗജന്യമായി ലഭ്യമായാല്‍ രാജ്യത്തിനകത്തും പുറത്തും റീജണല്‍/ഓഫ് കാമ്പസുകള്‍ തുടങ്ങാനുള്ള അനുമതിയോടെയാണ് സര്‍വകലാശാല ആരംഭിക്കുന്നത്. ഇംഗ്ലീഷിലും മറ്റ് 10 വിദേശഭാഷകളിലും പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യം നിലവിലിവിടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള 2000 ത്തിലധികം കുട്ടികള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ടിവിടെ. 300 ഓളം അധ്യാപകരും 1000ത്തോളം അനധ്യാപകരും ജോലി ചെയ്യുന്നു. 
മൊത്തം സീറ്റിന്റെ 25 ശതമാനം വരെ വിദേശ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. ബാക്കിയുള്ള സീറ്റില്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള വ്യവസ്ഥ കള്‍ക്കനു സൃതമായാണ് പ്രവേശം. ഇംഗ്ലീഷ് കൂടാതെ സ്​പാനിഷ്, ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ്, പേര്‍ഷ്യന്‍, അറബിക്, കൊറിയന്‍, റഷ്യന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകളിലെ പഠനത്തിനുള്ള സൗകര്യമാണിവിടെ. നിലവില്‍ മേഘാലയയിലെ ഷില്ലോങ്, ഉത്തര്‍ പ്രദേശിലെ ലക്‌നൗ എന്നിവിടങ്ങളില്‍ ഓഫ് കാമ്പസ് സെന്ററുകളുമുണ്ട്. ഇവിടങ്ങളില്‍ 200 വീതം വിദ്യാര്‍ഥികള്‍ പഠിക്കുന്നു.