പ്രവാസികളുടെ കാര്യത്തില്‍ ഭരണകൂട നയങ്ങള്‍ ഉദാസീനമാണ്. പ്രഖ്യാപനങ്ങളിലെ ധാരാളിത്തം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവാറില്ല. സഊദി അറേബ്യയിലെ സ്വദേശിവല്‍ക്കരണമാണ് ഏറ്റവുമൊടുവില്‍ പ്രവാസി ലോകത്തിന്റെ നീറുന്ന പ്രശ്‌നമായി ഉയര്‍ന്നുവന്നിരിക്കുന്നത്.
അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളാണ് സഊദി 'ഭരണകൂടത്തിന്റെ പുത്തന്‍ നിലപാടില്‍ തൊഴില്‍രഹിതരാവാന്‍ പോവുന്നത്. ഇവരില്‍ മുക്കാല്‍ പങ്കും മലയാളികളും മലപ്പുറത്തുകാരുമാണ്. പ്രശ്‌നത്തിന്റെ സങ്കീര്‍ണതകള്‍ മാധ്യമങ്ങളിലുടെ പുറത്ത് വന്നയുടന്‍ പ്രവാസികാര്യ മന്ത്രാലയം ഇടപെടുകയും പുനരധിവാസമെന്ന പരിഹാരത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ചര്‍ച്ചകള്‍ക്ക് മുട്ടില്ലാത്ത നാടാണ് നമ്മുടേത്. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കും.
പല പ്രഖ്യാപനങ്ങളും വരും. അതെല്ലാം കടലാസില്‍ വിശ്രമിക്കുന്ന വേദനാജനകമായ സത്യത്തിന് മുന്നില്‍ പ്രതിഷേധിക്കാന്‍ മാത്രമെ പ്രവാസികള്‍ക്ക് നിശ്ചയമുള്ളൂ. നമ്മുടെ നാട്ടിലെന്ന പോലെ പ്രവാസ ലോകത്തും കാക്കത്തൊള്ളായിരം സംഘടനകളുണ്ട്. അവരെല്ലാം പ്രശ്‌നത്തില്‍ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
'ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കാന്‍ എല്ലാ ദിക്കില്‍ നിന്നും ശ്രമങ്ങളും നടക്കുന്നു. സ്വദേശിവല്‍ക്കരണത്തില്‍ തൊഴില്‍ നഷ്ടമാവുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ അടിയന്തര നടപടിക്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നാണ് പ്രവാസികാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അംബാസഡര്‍തല ചര്‍ച്ചകളും ആരംഭിച്ചിരിക്കുന്നു.
അറബ് ലോകവുമായി ഉറ്റസൗഹൃദം നിലനിര്‍ത്തുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, സഊദി 'ഭരണക്കൂടവുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹമാണ് ഇന്ത്യ-സഊദി ബന്ധത്തിലെ നിര്‍ണായക കണ്ണി. പ്രവാസികളെ ബാധിക്കുന്ന പ്രശ്‌നങ്ങളിലെല്ലാം അടിയന്തിരമായി ഇടപെടുന്ന ഇ.അഹമ്മദിന്റെ രക്ഷാദൗത്യം വിജയിക്കണമെങ്കില്‍ സഊദി സര്‍ക്കാര്‍ കാര്‍ക്കശ്യ നിലപാടില്‍ മാറ്റം വരുത്തണം.
ഇത്രയും പ്രവാസികള്‍ ഒറ്റയടിക്ക് തിരിച്ചുപോവുമ്പോള്‍ അത് രാജ്യത്തെ ബാധിക്കുമെന്ന വസ്തുത സഊദി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വദേശികള്‍ക്ക് ജോലി നല്‍കുമ്പോള്‍ തന്നെ സ്വദേശികള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായ പല ജോലികളും രാജ്യത്തുണ്ട്. ഒരു കൂട്ട പലായനമുണ്ടാക്കുന്ന വലുതായ പ്രശ്‌നങ്ങളെ 'ഭരണകൂടത്തെ ബോധ്യപ്പെടുത്തുക എന്ന ജോലിയില്‍ ഇതിനകം ഇന്ത്യ വിജയിച്ചിട്ടുണ്ട്.
ഇനി വേണ്ടത് കാര്യങ്ങളുെട ഗുരുതരാവസ്ഥ മനസ്സിലാക്കി അടിയന്തരമായ ശാശ്വത പരിഹാരനടപടികളെ കുറിച്ച് ആഭ്യന്തരതലത്തില്‍ തന്നെ ആലോചിക്കുകയാണ്. നമ്മുടെ രാജ്യം അതിവിശാലമാണ്. ഇവിടെയുള്ള മാനുഷിക വിഭവശേഷിയെ ഇവിടെ തന്നെ പ്രയോജനപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാനുള്ള ചില മുന്നറിയിപ്പുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ദീര്‍ഘകാലമായ സ്വദേശിവല്‍ക്കരണകാര്യത്തില്‍ സഊദി 'ഭരണകൂടം ജാഗ്രത പുലര്‍ത്തുന്നു. ഇപ്പോള്‍ കര്‍ക്കശനിയമ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ചെറിയ സ്ഥാപനങ്ങളില്‍ പോലും പത്തിലൊന്ന് തസ്തികകളില്‍ സ്വദേശികളെ നിര്‍ബന്ധമായും നിയമിക്കണമെന്ന നിദാഖാത്ത് പദ്ധതിയുടെ വിജയത്തിനായി രാജ്യത്തിന്റെ എല്ലാ 'ഭാഗങ്ങളിലും റെയ്ഡുകള്‍ പൊലീസ് കര്‍ക്കശമാക്കിയിട്ടുണ്ട്.
അനധികൃത താമസക്കാരെയും കച്ചവടക്കാരെയും പിടികൂടുകയും നിയമപ്രകാരമല്ലാത്ത എല്ലാ കച്ചവടങ്ങളും അവസാനിപ്പിക്കുകയുമാണ് പൊലീസ് ലക്ഷ്യങ്ങള്‍. നിദാഖാത്ത് പദ്ധതി പ്രകാരം സ്വദേശികളെ നിയമിക്കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും നല്‍കിയ അന്ത്യശാസനം കഴിഞ്ഞ ദിവസം അവസാനിച്ച സാഹചര്യത്തില്‍ വിവിധ പ്രവിശ്യാ 'ഭരണകൂടങ്ങള്‍ക്ക് കേന്ദ്ര 'ഭരണകൂടം കര്‍ക്കശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പദ്ധതി വ്യവസ്ഥകള്‍ അംഗീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് പറയപ്പെടുന്നത്.
സഊദി സര്‍ക്കാറിന്റെ നിലപാടുകളെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്കാവില്ല. ബിരുദ ധാരികളായ സ്വദേശികള്‍ക്ക് പോലും ജോലിയില്ലാത്ത അവസ്ഥയാണെന്നാണ് 'ഭരണകൂടം പറയുന്നത്. തദ്ദേശികള്‍ക്ക് ജോലി നല്‍കാത്തപക്ഷം 'ഭരണം നടത്തുക പ്രയാസമാണ്.
വര്‍ഷങ്ങളായി സഊദിയുടെ മണ്ണില്‍ ജോലി ചെയ്യുന്നവരാണ് മലയാളികള്‍. അവരോടാണ് ഒരു ദിവസം പെട്ടെന്ന് നിയമത്തിന്റെ കാര്‍ക്കശ്യവുമായി അധികാരികള്‍ പടിയിറങ്ങാന്‍ പറയുന്നത്. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം അഞ്ച് ലക്ഷത്തോളം ആളുകള്‍ സഊദിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഒരു ലക്ഷത്തോളം പേര്‍ അവിദഗ്ധ മേഖലയിലാണ്.
ഡ്രൈവര്‍ വിസയിലും വീട്ടുവിസയിലുമെല്ലാം പോയി മറ്റ് ജോലി ചെയ്യുന്നവര്‍. ഇടത്തരം സ്ഥാപനങ്ങളിലാണ് 'ഭൂരിഭാഗത്തിനും ജോലി. എല്ലാവര്‍ക്കും ലഭിക്കുന്നത് ചെറിയ പ്രതിഫലം. നാട്ടിലെ ദുരവസ്ഥയില്‍ മണലാരണ്യത്തിന്റെ ചൂടിലേക്ക് ജിവിക്കാന്‍ പുറപ്പെട്ടവരുടെ കൈവശം കാര്യമായ സമ്പാദ്യങ്ങളില്ല.
കുടുംബ പ്രാരാബ്ധത്തില്‍ കഴിയുന്നവരുടെ മുന്നിലേക്ക് ഇടിത്തീയായാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. അവിദഗ്ധ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സഊദിയില്‍ തന്നെ പുനരധിവസിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ ഫലം എന്താണെന്ന് കൃത്യമായും വ്യക്തമല്ല. പക്ഷേ ഇപ്പോള്‍ നടക്കുന്ന റെയ്ഡുകളില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ മാനസിക പീഡനം അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത നമ്മുടെ രാജ്യത്തിനുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക ശക്തി പ്രവാസികളാണ്. കോടിക്കണക്കിന് രൂപയാണ് പ്രവാസി നിക്ഷേപമായി ഇന്ത്യയില്‍ വരുന്നത്. പുതിയ പ്രതിസന്ധിയില്‍ പതിവായുള്ള ചര്‍ച്ചാ ദൈര്‍ഘ്യങ്ങളില്‍ കാര്യങ്ങള്‍ അവസാനിക്കരുത്. ആത്മാര്‍ത്ഥമായ പരിശ്രമത്തോടൊപ്പം പ്രായോഗികവും വേഗമേറിയതുമായ പരിഹാരത്തിനാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കേണ്ടത്. പുറം നാടുകളിലെ മലയാളികള്‍ ആശങ്കയുടെ തീ പടരുമ്പോള്‍, കരിയുന്നത് ഈ നാട്ടിലെ അമ്മ നെഞ്ചുകളാണ്.(ചന്ദ്രിക)