മനാമ: തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ടെന്നും സമസ്തയുടെ ചരിത്രത്തിലിന്നുവരെയും ഒരു തീവ്രവാദ ആരോപണവും ഭീകരവാദ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ബഹ്‌റൈനില്‍ അഭിപ്രായപ്പെട്ടു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സമസ്ത കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് 90 വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ 100-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഇക്കാലമത്രയും സമസ്തയുടെ ചരിത്രത്തില്‍ തീവ്രവാദ ആരോപണങ്ങളോ ഭീകരവാദ പ്രവര്‍ത്തനങ്ങളോ ഉണ്ടായിട്ടില്ല- തങ്ങള്‍ പറഞ്ഞു.
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രീതി ഒരിക്കലും സമസ്ത സ്വീകരിച്ചിട്ടില്ലെന്നു മാത്രവുമല്ല, എല്ലാ കാലത്തും അതിനെ എതിര്‍ക്കുകയും അതിനെതിരായി പ്രചരണം നടത്തുകയുമാണ് സമസ്ത ചെയ്തിട്ടുള്ളത്. കൂടാതെ സലഫിസം, മൗദൂദിസം, കള്ള ത്വരീഖത്ത്, വ്യാജ സിദ്ധന്മാര്‍ എന്നിവരെയും സമസ്ത എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് കേരളത്തില്‍ മത സൗഹാര്‍ദ്ധം നിലനില്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സമസ്ത.