മക്ക: അല്ലാഹുവിന്റെ അതിഥികളെ സ്വീകരിച്ച എസ്.കെ.ഐ.സിയുടെ സന്നദ്ധ സേവക സംഘമായ വിഖായ വളണ്ടിയര്‍മാര്‍ക്ക് മികച്ച സേവനത്തിന് സഊദി അധികൃതരുടെ അംഗീകാരം. വിഖായ ഹജ്ജ് സെല്‍ സഊദി നാഷനല്‍ കമ്മിറ്റിയുടെ പേരിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തോടെ ആശുപത്രി അധികൃതര്‍ പ്രശംസാ പത്രം കൈമാറിയത്.
മിനാദുരന്ത വേളയില്‍ വിഖായയുടെ മൂന്നാം യൂനിറ്റ് സജീവമായി ഇടപെടുകയും അപകടസ്ഥലത്ത് കര്‍മനിരതരാകുകയും ചെയ്തിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷകള്‍ നല്‍കുന്നതിലും ആശുപത്രികളില്‍ എത്തിക്കുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം ഏറെ ഗുണകരമായിരുന്നു. വിദേശമാധ്യമങ്ങളും ആശുപത്രി അധികൃതരും വിഖായ വളണ്ടിയര്‍മാരെ പ്രത്യേകം പ്രശംസിച്ചു. മിനായിലെ ന്യൂ മിന ആശുപത്രിയില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് അനുമോദനപത്രം കൈമാറിയത്.
ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും തിരക്കേറിയ മിനാ റോഡ്, പാലം, ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം. മിനാ ദുരന്തം നടന്ന ഉടനെ മുഴുവന്‍ യൂനിറ്റും ആശുപത്രികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തി. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റുകള്‍ കയറിയിറങ്ങി കാണാതായ ഹാജിമാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഹജ്ജ് മിഷനും കോണ്‍സുലേറ്റിനും കൈമാറിയത് വളരെയധികം സഹായകമായി.