കൊണ്ടോട്ടി: ഹജ്ജ് അപേക്ഷാഫോം സ്വീകരിക്കുന്ന സമയപരിധി നീട്ടി. മാര്‍ച്ച് 30 വരെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി.
നേരത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനദിനം ബുധനാഴ്ചയായിരുന്നു. തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് സമയപരിധി നീട്ടുന്നതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. സമയപരിധി നീട്ടിയതോടെ കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ പൊതുവിഭാഗക്കാരുടെ അപേക്ഷകള്‍ നേരിട്ട് വാങ്ങുന്നത് വ്യാഴാഴ്ച നിര്‍ത്തും. ബുധനാഴ്ച പൊതുവിഭാഗക്കാരുടെ അപേക്ഷകളും ഹജ്ജ്ഹൗസില്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ് പറഞ്ഞു. റിസര്‍വ് കാറ്റഗറിക്കാരുടെ അപേക്ഷകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വാങ്ങും. പൊതുവിഭാഗക്കാര്‍ തപാല്‍ അല്ലെങ്കില്‍ കൊറിയര്‍ മുഖേനവേണം അപേക്ഷ നല്‍കാന്‍.
ചൊവ്വാഴ്ചയും ഹജ്ജ്ഹൗസില്‍ അപേക്ഷകരുടെ വന്‍ തിരക്കായിരുന്നു. മൂവായിരത്തോളം അപേക്ഷകളാണ് ചൊവ്വാഴ്ച ഹജ്ജ് ഹൗസിലെത്തിയത്. നേരിട്ടെത്തിയ അപേക്ഷകരില്‍ ഏറെയും പൊതു വിഭാഗത്തി ല്‍പ്പെട്ടവരായിരുന്നു.