ജിദ്ദ: അടുത്ത ഹജ്ജിനുള്ള ഇന്ത്യ-സഊദി ഹജ്ജ് ധാരണാപത്രത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും സഊദി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ഹജ്ജാറും ഒപ്പുവെച്ചു. 1,70,000 ഹാജിമാര്‍ക്കാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമുണ്ടാവുക. സഊദി ഹജ്ജ് മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ അഡീഷണല്‍ ക്വാട്ടയായി ഇന്ത്യയില്‍ നിന്ന് 10,000 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജിദ്ദ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അഹമ്മദ് പറഞ്ഞു.
ഇരുഹറമുകളുടെയും വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ക്വാട്ട വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ടെങ്കിലും ഇന്ത്യയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സഊദി ഹജ്ജ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്തംബര്‍ ഏഴിന് എത്തും. ഹാജിമാരുമായുള്ള അവസാന വിമാനം നവംബര്‍ 20ന് വിമാനം തിരിച്ചു പോകുമെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ഇന്ത്യന്‍ ഹജ്ജ് മിഷനും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രീന്‍, അസീസിയ്യ എന്നിങ്ങനെ രണ്ട് വിഭാഗത്തിലായിരിക്കും ഹാജിമാര്‍ക്ക് സൗകര്യമൊരുക്കുക. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് താമസിക്കുന്നതിന് ഹറമില്‍നിന്നും 1,500 മീറ്റര്‍ ദൂരപരിധിയില്‍ 25,000 യൂണിറ്റ് ഇതിനകം മക്കയില്‍ കണ്ടെത്തിയിട്ടുണ്ട്. അസീസിയ്യ കാറ്റഗറിയിലുള്ളവര്‍ക്ക് താമസിക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുന്ന നടപടികള്‍ മാര്‍ച്ച് പത്തൊമ്പതിന് ആരംഭിക്കും.
ദുല്‍ഹജ്ജ് 8, 9 ദിവസങ്ങളില്‍ സേവനം ചെയ്യാനെത്തുന്ന ഇന്ത്യക്കാരായ വളണ്ടിയര്‍മാര്‍ക്ക് മുന്‍ വര്‍ഷത്തെപോലെ പ്രത്യേക അനുമതി നല്‍കണമെന്ന് സഊദി ഹജ്ജ് മന്ത്രിയോട് ആവശ്യപ്പെട്ടതായും മന്ത്രി അഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം അനുകൂലതീരുമാനമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പു ലഭിച്ചതായും അദ്ദേഹം അറിയിച്ചു. സഊദി ഹജ്ജ് മന്ത്രിയുടെ ജിദ്ദയിലെ ഓഫീസില്‍ നടന്ന ഹജ്ജ് ധാരണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ് അലി റാവു, വിദേശകാര്യ ജോയിന്റ് സെക്രട്ടറി എ.ആല്‍ ഗണശ്യാം, സഊദി ഡെപ്യൂട്ടി ഹജ്ജ് മന്ത്രിമാരായ ഡോ. ഹാതിം ഖാദി, ഡോ. സഹല്‍ സബ്ബാന്‍, സൗത്തേഷ്യന്‍ മുഅസ്സസ ചെയര്‍മാന്‍ ഡോ.റഫാത് ബദര്‍, സഊദി ഹജ്ജ് മന്ത്രാലയ ഡയറക്ടര്‍ ഹുസ്‌നി ബുസ്താസി തുടങ്ങിയവരും സംബന്ധിച്ചു.
1,70,000 ഹാജിമാരാണ് കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നിന്ന് ഹജ്ജിനെത്തിയിരുന്നത്