ഹജ്ജ്: ഇന്ത്യ സഊദി മന്ത്രാലയവുമായി ശനിയാഴ്ച കരാറൊപ്പിടും

കോഴിക്കോട്:ഈ വര്‍ഷത്തെ ഇന്ത്യയുടെ ഹജ്ജ് കരാര്‍ സുഊദി മന്ത്രാലയവുമായി ശനിയാഴ്ച ഒപ്പുവെക്കും. വിദേശകാര്യമന്ത്രി ഇതിനായി വ്യാഴാഴ്ച സുഊദിയിലെത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹജ്ജ് കമ്മിറ്റി, സ്വകാര്യ ഗ്രൂപ്പുകള്‍ എന്നിവ വഴി ഇന്ത്യക്ക് ലഭിക്കുന്ന ക്വാട്ട 1,70,000 ആണ്. ഈ വര്‍ഷവും പ്രസ്തുത കണക്ക് തന്നെ തുടരാനാണ് സാധ്യതയെന്നറിയുന്നു. ഓരോ രാജ്യത്തെയും മുസ്‌ലിംഅംഗബലത്തെ അടിസ്ഥാനപ്പെടുത്തിയാണ് സുഊദി സര്‍ക്കാര്‍ ഹജ്ജിനുള്ള ക്വാട്ട അനുവദിക്കാറ്. എന്നാല് ഇന്ത്യക്ക് അര്‍ഹതപ്പെട്ട കണക്ക് ബോധ്യപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അലംഭാവമാണ് അര്‍ഹതപ്പെട്ട ക്വാട്ട ലഭിക്കാത്തതിന് കാരണമെന്ന് പൊതുവെ ആരോപണമുണ്ട്.
2011 ല്‍ രാജ്യത്ത് പുതിയ സെന്‍സസ് നടന്നിട്ടുണ്ടെങ്കിലും ഇപ്പോഴും പത്തു വര്‍ഷം മുമ്പുള്ള 2001 ലെ കണക്കുകളാണത്രെ സുഊദിക്ക് സമര്‍പ്പിക്കാറ്. 2011 ലെ സെന്‍സസ് ഫലത്തില്‍ മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും നേരത്തെ പരാതിയുണ്ട്.