കൊണേ്‌ടാട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിനു പോവാനുള്ള അപേക്ഷാ സമര്‍പ്പണം നാളെ അവസാനിക്കും. കഴിഞ്ഞ 20ന് അവസാനിക്കേണ്‌ടതായിരുന്നെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റി 10 ദിവസംകൂടി നീട്ടുകയായിരുന്നു. ഇതുവരെയായി 41,000 അപേക്ഷകള്‍ കരിപ്പൂര്‍ ഹജ്ജ്‌ഹൌസില്‍ ലഭിച്ചിട്ടുണ്‌ട്. ഇതില്‍ 31,431 അപേക്ഷകളില്‍ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയായി.
നേരിട്ട് അവസരം ലഭിക്കുന്ന 70നു മുകളില്‍ പ്രായമുള്ള എ കാറ്റഗറി വിഭാഗത്തില്‍ 1914 അപേക്ഷകള്‍ ലഭിച്ചു. കാറ്റഗറി ബി ഇനത്തില്‍ 4779 അപേക്ഷകളും ലഭിച്ചിട്ടുണ്‌ട്. നറുക്കെടുപ്പ് ഏപ്രില്‍ 26ന് കരിപ്പൂര്‍ ഹജ്ജ്‌ഹൌസില്‍ നടക്കും. കേരളത്തിന്റെ ഹജ്ജ് ക്വാട്ട 9000 ആണെന്നാണു പ്രതീക്ഷ. മറ്റു സംസ്ഥാനങ്ങളില്‍ ഹജ്ജ് അപേക്ഷ കുറഞ്ഞതിനാല്‍ കേരളത്തിന് അധിക ക്വാട്ട ലഭിക്കുമെന്നാണു കരുതുന്നത്. ഇതോടെ മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനു പോവാനാവും. കഴിഞ്ഞവര്‍ഷം 49,500 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഫെബ്രുവരി 6 മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.