ഫലസ്തീന്: ഫലസ്തീന്‍ അതോറിറ്റി എന്നതിന് പകരം ഇനിമുതല്‍ ഫലസ്തീന്‍ സ്റ്റേറ്റ് എന്നായിരിക്കും പ്രയോഗിക്കുകയെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പ്രഖ്യാപിച്ചു. എല്ലാ ഔദ്യോഗിക ഇടപാടുകളിലും കരാറുകളിലും ഐക്യരാഷ്ട്ര സഭയുടെ യോഗങ്ങളിലും ഫലസ്തീന്‍ രാഷ്ട്രം എന്നായിരിക്കും ഇനി പ്രയോഗിക്കുക. എന്നാല്‍ ‘ഫലസ്തീന്‍ രാഷ്ട്രം’ എന്ന പ്രയോഗം ഐക്യരാഷ്ട്ര സഭയുടെ വൃത്തത്തില്‍ മാത്രം പരിമിതമായിരിക്കുമെന്നും മൂണ്‍ തുടര്‍ന്നു. ഇസ്റായേലുമായുള്ള സന്ധികളില്‍ ഇതുപയോഗിക്കില്ല. ഫലസ്തീന് നിരീക്ഷക രാഷ്ട്രത്തിന്റെ പദവി നല്‍കുന്നത് ഉള്‍ക്കൊള്ളാന്‍ ഇസ്രയേലിന് വളരെയധികം പ്രയാസമായിരിക്കുമെന്നത് കൊണ്ടാണ് ഉപയോഗിക്കാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.
ഏറെ കാലത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ 2012 നവംബറിലാണ് ഫലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ നിരീക്ഷകാംഗത്വ രാഷ്ട്ര പദവി ലഭിച്ചത്. അന്താരാഷ്ട്ര കോടതിയടക്കമുള്ള വേദികളിലേക്ക് ഫലസ്തീന്‍റെ പ്രവേശം എളുപ്പമാക്കുന്ന ഈ സ്ഥാനത്തിനെതിരെ ഇസ്റായേല്‍ ശക്തമായി രംഗത്തുവന്നിരുന്നു. ഫലസ്തീന്‍ സ്റ്റേറ്റ് എന്ന് രാജ്യത്തിന്‍റെ ഔദ്യോഗിക രേഖകളിലും മറ്റും ഉപയോഗിക്കാന്‍ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവു നല്‍കിയിരുന്നു.