മറ്റൊരു ബജറ്റ് കൂടി അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു കേരളത്തില്‍. ബജറ്റിന്റെ ക്ഷേമ ക്ഷാമങ്ങളെ കുറിച്ചാണ് നാടൊട്ടുക്കും ചര്‍ച്ച. ഇരുപക്ഷം പിടിക്കാനും രാഷ്ട്രീയത്തിലും സാംസ്കാരികരംഗത്തും ആളുകളുണ്ട്. പുതിയ അഴിമതിക്കഥകള്‍ പുറത്തു വന്നുകൊണ്ടിക്കുന്നതിനാല് തത്കാലത്തേക്ക് അതസംബന്ധമായ വാഗ്വാദങ്ങള്‍ അടങ്ങുമെന്ന് പ്രതീക്ഷിക്കാം.
ബജറ്റ് ക്ഷേമ ബജറ്റാണെന്നുഴുതി ഒരു വിഭാഗം പത്രങ്ങള്‍. നിരാശപ്പെടുത്തിയെന്നെഴുതി മറ്റൊരു വിഭാഗം. ചാനല്‍ ചര്‍ച്ചകളിലും ബജറ്റിന്റെ ന്യായാന്യായങ്ങളെ കുറിച്ച് മണിക്കൂറുകള്‍ നീണ്ട് പ്രസംഗം നടന്നു. തന്റെ വകുപ്പിനെ പരിഗണിച്ചില്ലെന്ന പരാതിയില്‍ ഒരു മന്ത്രി അവതരണത്തിനിടെ തന്നെ ബജറ്റിനെതിരെ രംഗത്തു വന്നു. അധികം വൈകും മുമ്പേ മറ്റൊരു പാര്‍ട്ടിനേതാവ് മന്ത്രിക്കെതിരെ പ്രസ്താവന നടത്തി. അതെ തുടര്‍ന്ന് ഒന്നു രണ്ട് ദിവസം ബജറ്റിലെ സാമുദായികതയെ കുറിച്ച് പരസ്പര പ്രസ്താവനകള്‍ നടന്നു. തന്റെ മണ്ഡലത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് ഒരു എം.പി പ്രസ്താവിച്ചത്. ബജറ്റ് എന്താവണമെന്നതിലുപരി എന്തായിക്കൂടാ എന്നാണ് ഇതൊക്കെ മൊത്തത്തില്‍ പഠിപ്പിക്കുന്നത്.