വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ താക്കീതായി SKSSF മനുഷ്യജാലിക

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലൊരുക്കി 75 കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്നു

കോഴിക്കോട്: വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ താക്കീതായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ 75 കേന്ദ്രങ്ങളിലായി പതിനായിരങ്ങള്‍ അണിനിരന്നു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നടന്നു വരുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി യുവജന പരിപാടിയായ മനുഷ്യജാലികയില്‍ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ 22 കേന്ദ്രങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തകര്‍ അണിനിരന്നു. ഭരണഘടന നിലവില്‍ വന്ന ദിവസമെന്ന നിലയില്‍ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജന ശ്രദ്ധ ക്ഷണിക്കുകയുമാണ് മനുഷ്യ ജാലികയിലൂടെ ലക്ഷ്യമാക്കുന്നത്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കൊയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലി കുട്ടി മുസ്ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി കെ ഇമ്പിച്ചി കോയ തങ്ങള്‍ പഴയ ലക്കിടി, സയ്യിദ് ഹദിയത്തുള്ള തങ്ങള്‍ അല്‍ ഹൈദ്രോസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂകോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ജി എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സത്താര്‍ പന്തലുര്‍, ശൗക്കത്തലി മൗലവി വെള്ളമുണ്ട, അല്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, നാസര്‍ മാസ്റ്റര്‍ കരുളായി, സ്വാദിഖ് ഫൈസി താനൂര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി, മുജ്തബ ഫൈസി ആനക്കര, സയ്യിദ് മൂഈനലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം പി മാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമ ചന്ദ്രന്‍, കെ സുധാകരന്‍, എം എല്‍ എ മാരായ രാജ ഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, ഡോ.എം.കെ മുനീര്‍, പാറക്കല്‍ അബ്ദുള്ള, പി ഉബൈദുള്ള, പി വി ഇബ്രാഹീം, അഡ്വ.എന്‍ ശംസുദ്ധീന്‍, സി മമ്മുട്ടി, വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

ഡല്‍ഹി ജാമിയ മില്ലിയയില്‍ ഡോ.ജാഫറലി അറക്കല്‍, ബിഹാറിലെ കൊര്‍ദോബ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ.സുബൈര്‍ ഹുദവി, മണിപ്പൂരിലെ ക്രിയേറ്റീവ് സ്‌കൂളില്‍ മുഹമ്മദ് അനീസ് മണിപ്പൂരി, ആന്ധ്രാപ്രദേശിലെ ദാറുല്‍ ഹുദാ പുഗാനൂര്‍ കാംപസില്‍ ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാടും സംസാരിച്ചു.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ജില്ലയിലെ അനന്തപൂര്‍, ധര്‍മവരം, ടാദിപത്രി, കടപ്പ ജില്ലയിലെ കടപ്പ, പ്രോദാത്തൂര്‍, ചിറ്റൂര്‍ ജില്ലയിലെ പുങ്ങാനൂര്‍, പാലംനേര്‍, മാടാനപ്പള്ളി, ഓങ്കോള്‍, തെലങ്കാനയിലെ സെവന്‍ ടോമ്പ്‌സ്, ഹൈദരാബാദ്, ജാര്‍ഖഢിലെ റാഞ്ചി, പശ്ചിമ ബംഗാളിലെ ദാറുല്‍ഹുദാ ബംഗാള്‍ സെന്റര്‍, കര്‍ണാടകയിലെ ദാറുല്‍ ഹുദാ ഹംഗേല്‍ സെന്റര്‍, ബംഗുളൂരുവിലെ ഹെബ്ബല്‍, ദക്ഷിണ കന്നടയിലെ കില്‍കാംബ, ഉടുപ്പിയിലെ പാലിമര്‍, മഹാരാഷ്ട്രയില്‍ മുംബൈയിലെ ഖുവ്വത്തുല്‍ ഇസ്്‌ലാം സെന്റര്‍, ദാറുല്‍ ഹുദാ അസം കാംപസിലും മനുഷ്യജാലികയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു.

ഇന്ത്യക്ക് പുറത്ത് സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും മനുഷ്യ ജാലിക തീര്‍ത്തു.
- SKSSF STATE COMMITTEE