ഖുദ്‌സിന്റെ സംരക്ഷണത്തിന് 100 കോടി ഡോളര്‍ സ്വരൂപിക്കും

ദോഹ: മുല്ലപ്പൂ വിപ്ലവങ്ങളുടെ അലകള്‍ അടങ്ങാത്ത അറബ് ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ഇഴകീറി വിലയിരുത്തുന്ന 24-ാമത് അറബ് ലീഗ് ഉച്ചകോടിക്ക് ദോഹയില്‍ തുടക്കമായി. 
വിപ്ലവാനന്തര രാജ്യങ്ങളിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളും സിറിയ, ഫലസ്തീന്‍ ഉള്‍പ്പെടെ അറബ് ലോകത്തിന്റെ നീറുന്ന പ്രശ്‌നങ്ങളും ചര്‍ച്ചയാകുന്ന ഉച്ചകോടിയില്‍ സിറിയന്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത്. ദോഹ ഷെരാട്ടണ്‍ ഹോട്ടലിലെ ദഫ്‌ന ഹാളില്‍ ഇന്നലെ കാലത്ത് 11ന് ആരംഭിച്ച സമ്മേളനം ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഉദ്ഘാടനം ചെയ്തു. സിറിയക്കു വേണ്ടി ഒഴിഞ്ഞുകിടന്ന ഔദ്യോഗിക ഇരിപ്പിടത്തിലേക്ക് ഖത്തര്‍ അമീര്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രസിഡണ്ട് മുആസ് അല്‍ഖാതിബിനെ ക്ഷണിച്ചിരുത്തി.

ജെറുസലേമിനെ (അല്‍ഖുദ്‌സ്) ജൂതവല്‍ക്കരണത്തില്‍നിന്ന് സംരക്ഷിക്കുന്നതിനും ഖുദ്‌സിന്റെ അറബ് അസ്തിത്വം ഉറപ്പുവരുത്തുന്നതിനും ഫലസ്തീന് 100 കോടി ഡോളറിന്റെ സഹായം നല്‍കാന്‍ ഖത്തര്‍ അമീര്‍ അറബ് രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ന് ഉച്ചകോടി തീരുന്നതിന് മുമ്പ് ഈ സഹായ ഫണ്ട് സ്വരൂപിക്കും. ഖത്തര്‍ ഈ ലക്ഷ്യത്തിലേക്ക് 25 കോടി ഡോളര്‍ സംഭാവന ചെയ്യുന്നതായും അദ്ദേഹം സമ്മേളന പ്രതിനിധികള്‍ക്കു മുമ്പാകെ അറിയിച്ചു. 

''ഫലസ്തീനാണ് അറബ് ലോകത്തിന്റെ ഒന്നാമത്തെ പ്രശ്‌നം. നമ്മുടെ ആദ്യ ഖിബ്‌ലയും മൂന്നാമത്തെ വിശുദ്ധ ഗേഹവുമായ മസ്ജിദുല്‍ അഖ്‌സയെയും അതിന്റെ പരിസര പ്രദേശങ്ങളെയും അല്ലാഹു അനുഗ്രഹീത ഭൂമിയായി പ്രഖ്യാപിച്ചതാണ്. ഖുദ്‌സിന്മേല്‍ ഫലസ്തീനികള്‍ക്കും അറബികള്‍ക്കും ഇസ്‌ലാമിനുമുള്ള അവകാശങ്ങള്‍ ഒരു സാഹചര്യത്തിലും വിട്ടുവിഴ്ച ചെയ്യാന്‍ കഴിയുന്നതല്ലെന്ന യാഥാര്‍ഥ്യം ഇസ്‌റാഈല്‍ മനസ്സിലാക്കണം. ഖുദ്‌സ് സംബന്ധിച്ച് നാം മുമ്പ് കൈകൊണ്ട തീരുമാനങ്ങളൊന്നും പ്രവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് വളരെ ഖേദകരമാണ്. 

ഖുദ്‌സിന്റൈ അറബ് അസ്തിത്വം സംരക്ഷിക്കാന്‍ നാം തയ്യാറുണ്ടെങ്കില്‍ ഈ ഉച്ചകോടിക്ക് അതിനു കഴിയണം.''- അമീര്‍ പറഞ്ഞു. ഫലസ്തീനില്‍ പ്രസിഡന്റ് -പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ നടത്താനായി സ്വതന്ത്രരായ ആളുകളുള്ള ഇടക്കാല സര്‍ക്കാര്‍ രീപീകരിക്കാനും അറബ് ലീഗ് ഉച്ചകോടിയില്‍ ആലോചനയുണ്ട്. ഗസ്സ മുനമ്പില്‍ വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തില്‍ നരകയാതന അനുഭവിക്കുന്ന നമ്മുടെ സഹോദരന്മാരെ അത് മറികടക്കാന്‍ സഹായിക്കണമെന്നും ഗസ്സയുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. 

ഗുരുതരമായ സാഹചര്യങ്ങളിലും ഫലസ്തീനികള്‍ ഭിന്നിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിന് പരിഹാരം കാണാനായി ഉടന്‍ ഈജിപ്തിന്റെ അധ്യക്ഷതയില്‍ കെയ്‌റോയില്‍ മിനി അറബ് ഉച്ചകോടി ചേരുമെന്നും ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അറിയിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. നബീല്‍ അല്‍അറബി, സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രസിഡണ്ട് മുആസ് അല്‍ഖാതിബ്, തുര്‍ക്കി വിദേശകാര്യമന്ത്രി അഹ്മദ് ദാവൂദ് ഒഗ്‌ലോ, ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒ ഐ സി സെക്രട്ടറി ജനറല്‍ പ്രൊഫ. അക്മലുദ്ദീന്‍ ഇഹ്‌സാനോവ്, അറബ് പാര്‍ലമെന്റ് സ്പീക്കര്‍ അഹ്മദ് മുഹമ്മദ് അല്‍ജര്‍വാന്‍ എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു. 

സിറിയന്‍ സീറ്റില്‍ പ്രതിപക്ഷ നേതാവ് 
ദോഹ: അറബ് ലീഗ് ഉച്ചകോടിയില്‍ ഏറെ ശ്രദ്ധേയമായത് സിറിയന്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം. അധികാര കൈമാറ്റത്തിനുള്ള അറബ് സമാധാന പദ്ധതി അംഗീകരിക്കാത്തതിന്റെ പേരില്‍ 2011 നവംബറില്‍ സിറിയയെ അറബ് ലീഗില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. 

സിറിയയുടെ ഒഴിഞ്ഞു കിടന്ന ഔദ്യോഗിക സീറ്റിലേക്കാണ് അറബ് ലീഗ് പ്രതിപക്ഷ നേതൃത്വത്തെ ക്ഷണിച്ചിരുത്തിയത്. സിറിയന്‍ പ്രതിപക്ഷ നേതൃത്വത്തില്‍ ഭിന്നതയുണ്ടെന്നും പ്രതിപക്ഷ സഖ്യത്തിന്റെ പ്രസിഡണ്ട് രാജിവെച്ചെന്നുമുള്ള വാര്‍ത്തകള്‍ വന്നതിനു തൊട്ടുപിന്നാലെയാണ് മുആസ് അല്‍ഖാതിബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയത്. ഉച്ചകോടിയില്‍ സിറിയയെ പ്രതിനിധീകരിച്ച് പ്രതിപക്ഷം പങ്കെടുക്കുന്ന കാര്യത്തില്‍ നേരത്തെ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. 

സിറിയന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി വ്യക്തമാക്കി.