അബൂദബി: വിശ്വാസി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വ്രത വിശുദ്ധിയുടെ ദിനങ്ങള്‍ക്ക് നാളെ തുടക്കം.
ഇന്നലെ യു.എ.ഇയിലെവിടെയും ചന്ദ്രപ്പിറവി കണ്ടതായി വിവരമില്ലാത്തതിനാല്‍ ഇന്ന് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെ റമദാന്‍ വ്രതത്തിന് തുടക്കം കുറിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. സൗദിയിലും നാളെയാണ് റമദാന്‍ ആരംഭിക്കുന്നത്.
മനസിനെയും ശരീരത്തെയും വ്രത വിശുദ്ധിയുടെ പൂവിതള്‍കൊണ്ട് മിനുക്കിയെടുക്കുന്ന റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം തയാറായി കഴിഞ്ഞു. ഇന്ന് സൂര്യനസ്തമിക്കുന്നതോടെ റമദാന് ആരംഭം കുറിക്കും. പള്ളികളില്‍ ഇശാ നമസ്‌കാരാനന്തരം 'തറാവീഹ്' നമസ്‌കാരം നടക്കും. പുലര്‍ച്ചെ അത്താഴം കഴിഞ്ഞ് സുബ്ഹിയോടെ വ്രതാരംഭമായി. സ്വയം നോമ്പനുഷ്ഠിക്കുന്നതോടൊപ്പം നോമ്പുകാരനെ നോമ്പ് തുറപ്പിച്ചും പുണ്യങ്ങള്‍ സ്വരുക്കൂട്ടുവാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.