സൈനുല്‍ ഉലമാ സ്മാരക മന്ദിരം; ശിലാസ്ഥാപനം നിര്‍വഹിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിര്‍മിക്കുന്ന സൈനുല്‍ ഉലമാ സ്മാരക-ദാറുല്‍ഹിക്മ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആയിരങ്ങള്‍ക്ക് മതവിജ്ഞാനം പകര്‍ന്ന്, കര്‍മശാസ്ത്ര രംഗത്തെ അവസാന വാക്കായി സമൂഹത്തില്‍ പ്രോജ്ജ്വലിച്ച് നിന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനമാതൃകകള്‍ പുതുതലമുറകള്‍ക്കു കൂടി കൈമാറേണ്ടതാണെന്നും അറിവും വായനയും കൈമുതലാക്കി, പൂര്‍വികപാത തുടരുന്ന പണ്ഡിത സമൂഹത്തെ നാം വാര്‍ത്തെടുക്കേതുണ്ടെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിര്‍മാണ ചെലവിലേക്ക് സൈനുല്‍ ഉലമായുടെ കുടുംബം നല്‍കുന്ന വിഹിതം അദ്ദേഹത്തിന്റെ മകന്‍ ചെറുശ്ശേരി റഫീഖ് സയ്യിദ് ഹൈദരലി തങ്ങളെ ഏല്‍പിച്ചു. രണ്ടു പതിറ്റാണ്ടിലേറെക്കാലംസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദീര്‍ഘകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാല പ്രോ.ചാന്‍സലറുമായിസേവനമനുഷ്ഠിച്ച സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം വാഴ്‌സിറ്റിയുടെ ഡിഗ്രി കാമ്പസിലാണ് മന്ദിരം നിര്‍മിക്കുന്നത്.ഡിജിറ്റല്‍-റഫറന്‍സ് ലൈബ്രററി, റീഡിംഗ് റൂം, സൈമിനാര്‍ ഹാള്‍ എന്നിവയാണ് ഇരു നില മന്ദിരത്തില്‍ സജ്ജീകരിക്കുന്നത്. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ.യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, പി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍സംബന്ധിച്ചു. ദാറുൽ ഹുദ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും ഡിഗ്രി പ്രിൻസിപ്പാൾ സി യൂസുഫ് ഫൈസി മേൽമുറി നന്ദിയും പറഞ്ഞു.


ഫോട്ടോ: ദാറുല്‍ഹുദാഇസ്‌ലാമിക സര്‍വകലാശാലയില്‍ നിര്‍മിക്കുന്ന സൈനുല്‍ ഉലമാ സ്മാരക-ദാറുല്‍ഹിക്മ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.
- Darul Huda Islamic University