അബുദാബി: എസ്.കെ.എസ്.എസ്.എഫ് മുഖ പ്രസിദ്ധീകരണമായ സത്യധാരയുടെ ഗള്‍ഫ് പതിപ്പിന് മാര്‍ച്ച്22ന് വ്യാഴാഴ്ച അബുദാബിയില്‍ തുടക്കമാവും. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മുസ്ലിം ലീഗ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ മാസികയുടെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
നാട്ടില്‍ ദ്വൈവാരികയായി ഇറങ്ങുന്ന സത്യധാരയുടെ ഗള്‍ഫ് എഡിഷന് പക്ഷേ മാസികയായിട്ടായിരിക്കും തുടക്കത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രവാസി മലയാളികളെ കേന്ദ്രികരിച്ചായിരിക്കും മാസികയുടെ ഉള്ളടക്കങ്ങളെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇസ്ലാമിക ലോകത്തിന്റെ സമകാലിക ചിത്രം, മുന്‍ഗണനാ ക്രമങ്ങള്‍, പ്രസ്ഥാനങ്ങള്‍, കാഴ്ചപ്പാടുകള്‍ തുടങ്ങി ആഗോള ഇസ്ലാമിക സമൂഹത്തെ പരിചയപ്പെടുത്തുന്ന പ്രത്യേക പംക്തികളും ഉള്‍പ്പെടുത്തും. വിദ്യാര്‍ഥികള്‍ക്കും കുടുംബിനികള്‍ക്കും പ്രത്യേകം പംക്തികള്‍ തന്നെ ഗള്‍ഫ് സത്യധാര കൈകാര്യം ചെയ്യും.
യു.എ.ഇക്കു പുറമേ മാറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ഗള്‍ഫ് സത്യധാര ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സത്യധാര ഡയറക്ടര്‍കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിയില്‍ അധ്യക്ഷനാവും. യു.എ.ഇ പ്രസിഡണ്ടിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍-ഹാഷിമി, സത്യധാര മുഖ്യ പത്രാധിപര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ. യൂസുഫലി, എസ്.കെ.എസ്. എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഗള്‍ഫ് രാജ്യങ്ങളിലെ വിവധ ഇസ്ലാമിക് സെന്റര്‍, സുന്നീ സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.