മ്യാന്മറില്‍ മുസ്ലിംകള്‍ ഭയന്നോടുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി

യാങ്കൂണ്‍: മധ്യ മ്യാന്മറിലെ സിറ്റ് ക്വിന്‍ ഗ്രാമത്തില്‍ 2000 പേരുണ്ട്. ഇവരില്‍ മുസ്്‌ലിം അംഗസംഖ്യ നൂറില്‍ കവിയില്ല. മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെ ബുദ്ധ വര്‍ഗീയവാദികള്‍ കലാപം തുടങ്ങിയതോടെ ഇവരെല്ലാം നാടുവിട്ടിരിക്കുകുയാണ്. ഇവര്‍ എവിടേക്കാണ് പോയതെന്നു പോലും അറിയില്ല. തങ്ങളുടെ വീടുകളും കടകളും പള്ളികളും തകര്‍ത്ത് കലാപകാരികള്‍ മുന്നേറിക്കൊണ്ടിരിക്കെ മുസ്്‌ലിം കുടുംബങ്ങളില്‍ പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് നീങ്ങി. ചിലര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ ഒളിച്ചു.
കലാപം തുടരുന്ന മീക്തില നഗരത്തില്‍ മുസ്്‌ലിം ഉടമസ്ഥതയിലുള്ള അവസാന കടയും ബുദ്ധമതക്കാര്‍ തകര്‍ത്തു. ഇതോടെ അടുത്ത ലക്ഷ്യം സിറ്റ് ക്വിന്‍
ഗ്രാമമായിരുന്നു. ''കലാപകാരികള്‍ അവിടെ എത്തുന്നതിനു മുമ്പ് തന്നെ എല്ലാവരും രക്ഷപ്പെട്ടു. അവരിപ്പോള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല''-ടാക്‌സി ഡ്രൈവറായ ആങ് കോ മിന്റ് പറയുന്നു. 

മീക്തിലയില്‍ ഇരുപതിന് തുടങ്ങിയ കലാപത്തില്‍ ഇതുവരെ 42 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മധ്യ മ്യാന്മറിലെ പത്തോളം നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും കലാപം വ്യാപിച്ചു.

ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന മുസ്്‌ലിം വിരുദ്ധ പ്രചാരണങ്ങളും ബുദ്ധ സന്യാസിമാരുടെ നിര്‍ദേശങ്ങളുമാണ് കലാപകാരികള്‍ക്ക് ആവേശം പകരുന്നത്. മുസ്്‌ലിംകള്‍ നടത്തുന്ന കടകള്‍ ബഹിഷ്‌കരിക്കാനും അവര്‍ക്ക് ജോലി നല്‍കാതെ അകറ്റിനിര്‍ത്താനും ചില തീവ്ര ബുദ്ധമത സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്മറില്‍ കേവലം അഞ്ച് ശതമാനം മാത്രമാണ് മുസ്്‌ലിംകളുള്ളത്.

സിറ്റ് ക്വിന്‍ ഗ്രാമത്തില്‍ നാലു ദിവസം മുമ്പ് മുപ്പതോളം ബൈക്കുകളിലെത്തിയ ഒരുകൂട്ടം ആളുകള്‍ മുസ്്‌ലിംകളെ ഗ്രാമത്തില്‍നിന്ന് ആട്ടിപ്പുറത്താക്കാന്‍ അയല്‍വാസികളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവര്‍ പോയത് പള്ളികളും കടകളും തകര്‍ക്കാനായിരുന്നു. അഭ്യൂഹങ്ങള്‍ കേട്ടാണ് അക്രമികള്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കലാപം ബാധിച്ചിട്ടുണ്ട്