ചപ്പാരപ്പടവ് : നൂറ്റാണ്ടുകള്‍ ചെയ്തു തീര്‍ത്ത നിര്‍മ്മാണങ്ങള്‍ക്ക് മൂക സാക്ഷിയായി ചരിത്ര സ്മൃതികളില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്ന ജൂമാ മസ്ജിദ് ... മഹാ മനീഷികളുടെ തൃക്കരങ്ങളാല്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമായ കുതുബ് ഖാന .. ഇന്നലെകള്‍ക്ക് ഈണം പകര്‍ന്ന് കൊച്ചോളങ്ങളില്‍ പല്ലവി പൊഴിക്കുന്ന പുഴ.. പാരമ്പര്യത്തിന്റെ പാവനതക്ക് പവിത്രത പകര്‍ന്ന് മഖാമുകള്‍
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹരിത മാലകള്‍ അതിര് തീര്‍ത്ത ഈ ജ്ഞാന തീരത്തെത്താം. വിജ്ഞാന ദാഹികള്‍ക്കും ദീനീ സ്‌നേഹികള്‍ക്കും അനുഭൂതികള്‍ സമ്മാനിച്ച് നിറശോഭയോടെ പരിലസിക്കുന്ന ഇര്‍ഫാനിയ്യ: അറബിക് കോളേജ് ഇവിടെ ഖിള്‌രിയ നഗറില്‍ സ്ഥിതി ചെയ്യുന്നു. ആത്മീയ വൈജ്ഞാനിക വിപ്ലവ മാര്‍ഗ്ഗത്തില്‍ പ്രശസ്തിയുടെ പടവുകള്‍ ചാടിക്കയറുന്ന ഇര്‍ഫാനിയ്യ: അതിന്റെ പ്രയാണ വീഥിയില്‍ ഇന്ന് രണ്ട് ദശകം പിന്നിടുന്നു.