Showing posts with label SMF. Show all posts
Showing posts with label SMF. Show all posts

സ്‌കൂള്‍ സമയമാറ്റം; ശിപാര്‍ശ തള്ളണം: എസ്.എം.എഫ്

ചേളാരി: സ്‌കൂള്‍ സമയം രാവിലെ എട്ട് മണിക്ക് ആരംഭിക്കണമെന്ന ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മദ്രസാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ശിപാര്‍ശയാണിത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പഠനത്തിന് വിഘാതമാവാത്ത വിധമാണ് കാലങ്ങളായി മദ്രസാ സമയം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. സമസ്തയുടെ പതിനായിരത്തിലധികം മദ്രസകളിലടക്കം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അധ്യയനം നടത്തി വരുന്നത്. വളര്‍ന്ന് വരുന്ന തലമുറക്ക് മത ധാര്‍മികബോധവും, സാമൂഹികാവബോധവും രാജ്യസ്‌നേഹവും പകര്‍ന്ന് നല്‍കി ഉത്തമ പൗരന്‍മാരാക്കി വളര്‍ത്തിയെടുക്കുന്ന വലിയ ദൗത്യം നിര്‍വഹിക്കുന്ന മദ്രസകളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. നേരത്തേ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാന്‍ സമൂഹചര്‍ച്ചക്ക് നല്‍കിയ രേഖയില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ ചര്‍ച്ചക്ക് വെച്ച ഈ വിഷയത്തില്‍ വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ ധാര്‍മിക നിലവാരം തകര്‍ക്കുന്ന ജെന്റര്‍ ന്യൂട്രാലിറ്റിയെന്ന അപകടകരമായ ആശയത്തിനും വര്‍ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനുമെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ആര്‍.പി ശില്‍പശാല ഒക്ടോബര്‍ 1 ശനിയാഴ്ച നടക്കും.

ഒഴിവുണ്ടായിരുന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വി.എ.സി കുട്ടി ഹാജി (പാലക്കാട്)യെ തെരഞ്ഞെടുത്തു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, അഞ്ചല്‍ ബദറുദ്ദീന്‍ കൊല്ലം, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍, അബ്ദുല്‍ കരീം ഫൈസി തൊഴിയൂര്‍, അബ്ദുല്‍ കരീം എറണാകുളം, കെ.എ. ശരീഫ് കുട്ടി ഹാജി കോട്ടയം, മഹ്മൂദ് ഹാജി കാസറഗോഡ്, പി.ടി.മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍, ഹമീദ് മൗലവി കുടക്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

എസ്.എം.എഫ് മോറല്‍ ഡിപ്ലോമ കോഴ്‌സ് ശില്‍പശാല സംഘടിപ്പിക്കുന്നു

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടന്ന് വരുന്ന ഡിപ്ലോമ കോഴ്‌സ് ഇന്‍ മോറല്‍ ആന്റ് പ്രാക്ടിക്കല്‍ എഡ്യുക്കേഷന്‍ (സ്വദേശി ദര്‍സ്) അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ശില്‍പശാലയും പരിശീലനവും സംഘടിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 25 ചൊവ്വാഴ്ച നടക്കുന്ന ശില്‍പശാലയില്‍ എസ്.എം.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറിമാര്‍, സ്വദേശി ദര്‍സ് ഉപസമിതിയുടെ ജില്ലാ കണ്‍വീനര്‍, നിലവില്‍ കോഴ്‌സ് നടന്ന് കൊണ്ടിരിക്കുന്ന മഹല്ലുകളുടെ ഭാരവാഹികള്‍, കോഴ്‌സിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍മാര്‍, എസ്.എം.എഫ് ജില്ലാ കോഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മാടാക്കരയില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ കോഴ്‌സ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഉമര്‍ ഫൈസി മുക്കം, ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സംബന്ധിക്കും. ആസിഫ് ദാരിമി പുളിക്കല്‍, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട് ശില്‍പശാലക്ക് നേതൃത്വം നല്‍കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി. ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, യാസര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഫൈസി കോഴിക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION

ലഹരി നിർമാർജനത്തിന് മഹല്ലുകൾ മുന്നിട്ടിറങ്ങണം: സുന്നീ മഹല്ല് ഫെഡറേഷൻ

ചേളാരി: ജനതയുടെ സാമൂഹികാരോഗ്യവും സാംസ്കാരിക ബോധവും പുതിയ തലമുറയുടെ ക്രിയാത്മകതയും ധാർമികതയും തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ മഹല്ലുജമാഅത്തുകളും സംഘടനാ പ്രവർത്തകരും അതീവ ജാഗ്രതയോടെ കർമരംഗത്തിറങ്ങണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ജനറൽ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ആഹ്വാനം ചെയ്തു. വ്യക്തി ജീവിതത്തിൻ്റെ അന്തസ്സും കുടുംബത്തിൻ്റെ ഭദ്രതയും സമൂഹത്തിൻ്റെ സ്വസ്ഥതയും ഇല്ലാതാക്കുന്ന ലഹരിയോടുള്ള അഡിക്ഷൻ അത്യന്തം അപകടകരമാം വിധം പുതിയ തലമുറയിൽ വർധിച്ച് വരികയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ആർക്കും ഈ അപകടം കണ്ടില്ലെന്ന് നടിക്കാനാവില്ല.

മഹല്ല് സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹ സന്ദർശനം നടത്തിയും വ്യക്തി സമ്പർക്കത്തിലൂടെയും ലഹരിയടക്കമുള്ള അപകടങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സുന്നീ മഹല്ല് ഫെഡറേഷൻ വിവിധ കർമപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സംഘടനയുടെ കീഴിലുള്ള എല്ലാ മഹല്ലുകളിലും ബഹുജന വിദ്യാർത്ഥി യുവജന സംഗമങ്ങൾ വെവ്വേറെ വിളിച്ച് ചേർക്കാനും തീരുമാനമായിട്ടുണ്ട്. ഖത്തീബുമാർ, മദ്രസ അധ്യാപകർ,മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, എസ്.കെ.എസ്.എസ്.എഫ് ,എസ്.വൈ.എസ് പോലെയുള്ള വിദ്യാർത്ഥി - യുവജന കൂട്ടായ്മകളുടെ സഹായത്തോടെ ഈ കർമപദ്ധതി മഹല്ലുകളിൽ നടപ്പിലാക്കണം. സർക്കാർ ഏജൻസികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഹല്ലുകൾ പിന്തുണ നൽകണം. ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കെന്ന വ്യാജേന മഹല്ലുകളിൽ കടന്ന് കയറാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തിരിച്ചറിയണമെന്നും ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കാനും സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ നടത്തുന്ന കാമ്പയിൻ വിജയിപ്പിക്കാൻ മഹല്ലുകമ്മിറ്റി അംഗങ്ങൾ മുൻകയ്യെടുക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
- SUNNI MAHALLU FEDERATION

എസ്.എം.എഫ് സ്വദേശി ദര്‍സ് ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സ്വദേശി ദര്‍സുകള്‍ ജനകീയമാക്കുന്നതിനായി ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു. തഅദീബ് '22 എന്ന ശീര്‍ഷകത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ സംസ്ഥാനതല ഉല്‍ഘാടനം ജൂണ്‍ 25 ശനിയാഴ്ച കോഴിക്കോട് വരക്കല്‍ അല്‍ ബിര്‍റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനാകും. പ്രമുഖര്‍ സംബന്ധിക്കും. കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് പളളികള്‍ കേന്ദ്രീകരിച്ച് മത പഠനവും ധാര്‍മിക ബോധവും പ്രദാനം ചെയ്യുന്ന ത്രിവല്‍സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് സ്വദേശി ദര്‍സ്. കൃത്യമായ കരിക്കുലവും വ്യവസ്ഥാപിതമായ പഠന രീതികളും പരിശീലനങ്ങളും കേന്ദ്രീകൃത പരീക്ഷകളും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാവും. ഈ കോഴ്‌സ് കൂടുതല്‍ വിപുലവും ജനകീയവുമാക്കുന്നതിനായാണ് ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 നകം ജില്ലാ കണ്‍വെന്‍ഷനുകളും ഓഗസ്റ്റ് 10 ന് മുമ്പായി മേഖലാ മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാവും. ഓഗസ്റ്റ് അവസാനത്തില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളിലൂടെ മുന്നൂറ് പഠന കേന്ദ്രങ്ങളിലായി മൂവ്വായിരത്തിലേറെ പഠിതാക്കളെ കോഴ്‌സിന്റെ ഭാഗമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.

ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സ്വദേശി ദര്‍സ് സംസ്ഥാന സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലാം ഫൈസി മുക്കം, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഇ.ടി.എ.അസീസ് ദാരിമി കോഴിക്കോട്, പി.കെ.എം.സ്വാദിഖലി ഹുദവി വേങ്ങര, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് സംബന്ധിച്ചു.
- SUNNI MAHALLU FEDERATION

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് പുതിയ സാരഥികള്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന മഹല്ല് ജമാഅത്തുകളുടെ കൂട്ടായ്മയായ സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്റെ പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.ടി.അബ്ദുല്ല മുസ്ലിയാര്‍, യു.എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കാസറഗോഡ്, കെ.ടി.ഹംസ മുസ്ലിയാര്‍ വയനാട്, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പാലക്കാട്, എസ്.കെ.ഹംസ ഹാജി കണ്ണൂര്‍ (ഉപദേശക സമിതി) പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (പ്രസി.), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കോയ്യോട് ഉമര്‍ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, എം.സി.മായിന്‍ ഹാജി കോഴിക്കോട് (വൈ.പ്രസിഡന്റുമാര്‍), യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട് (ജന. സെക്ര), അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (വര്‍.സെക്ര), ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, ബദറുദ്ദീന്‍ അഞ്ചല്‍ കൊല്ലം (സെക്രട്ടറിമാര്‍), സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

ഭാരവാഹികള്‍ക്ക് പുറമേ നാസര്‍ ഫൈസി കൂടത്തായി, എം.എ.എച്ച്.മഹ്മൂദ് ഹാജി കാസറഗോഡ്, എ.കെ.അബ്ദുല്‍ ബാഖി കണ്ണൂര്‍, സലാം ഫൈസി മുക്കം, സി.എച്ച്. മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, അബ്ദുല്‍ കരീം ഫൈസി പൈങ്കണ്ണിയൂര്‍, കുട്ടി ഹസന്‍ ദാരിമി കോഴിക്കോട്, അബൂബക്കര്‍ ഫൈസി മലയമ്മ, പ്രൊഫ. തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം, പി.ടി മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍ എന്നിവര്‍ സെക്രട്ടറിയേറ്റംഗങ്ങളാണ്.

മറ്റ് ജില്ലാ ജനറല്‍ സെക്രട്ടറിമാരും എസ്.എം.എഫ്. അക്കാദമിക് വിങ് വര്‍ക്കിങ് ചെയര്‍മാന്‍ എസ്.വി.മുഹമ്മദലി കണ്ണൂരും പ്രത്യേക ക്ഷണിതാക്കളായിരിക്കും.

വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത മത സംഘടനകളുടെ യോഗത്തിലുയര്‍ന്ന പൊതു വികാരം പരിഗണിച്ച് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും വിഷയത്തില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോയി സമുദായത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കാറിനോട് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്ലിം നാമധാരികളെ ഉപയോഗപ്പെടുത്തി യുക്തിവാദവും മതനിരാസവും മഹല്ലുകളിലും സമുദായ പ്ലാറ്റ്‌ഫോമുകളിലും ഒളിച്ച് കടത്താനുള്ള നവനാസ്തികവാദികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ മഹല്ല് ജമാഅത്തുകള്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍ അക്കാദമിക് വിങ് റിപ്പോര്‍ട്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വദേശി ദര്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രീ മാരിറ്റല്‍ കോഴ്‌സ് ബ്രോഷര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു. കോയ്യോട് ഉമര്‍ മുസ്ലിയാര്‍, യു.എം.അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം,അബ്ദുറഹ്മാന്‍ കല്ലായി, എം.സി.മായിന്‍ ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, എം.എ.ചേളാരി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പള്ളിക്കൽ ബസാർ ജുമാ മസ്ജിദ് ഭരണം പിടിച്ചെടുക്കാനുള്ള കാന്തപുരം വിഭാഗത്തിൻ്റെ നീക്കം അപലപനീയം: എസ്. എം. എഫ്.

ചേളാരി: സമസ്ത അനുഭാവികളടങ്ങുന്ന കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള പള്ളിക്കൽ ബസാർ പളളിയുടെ ഭരണം സി. പി. എമ്മിന്റെ ഒത്താശയോടെ വഖഫ് ബോർഡിൽ സ്വാധീനം ചെലുത്തി ജനാധിപത്യ വിരുദ്ധമായ രീതിയിൽ പിടിച്ചെടുക്കാനുള്ള വിഘടിത വിഭാഗത്തിന്റെ കുൽസിത ശ്രമം അപലപനീയമാണെന്ന് സമസ്ത കേരള സുന്നി മഹല്ലു ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മഹല്ലിൽ റസീവർ ഭരണം ഏർപ്പെടുത്തിയ വഖഫ് ബോർഡിൻ്റെ തീരുമാനം അന്യായവും ഹൈക്കോടതി വിധിക്ക് വിരുദ്ധവുമാണ്. ഹൈക്കോടതി വിധി പ്രകാരം ജനായത്ത രീതിയിൽ അധികാരത്തിൽ വന്ന കമ്മറ്റിയാണ് മഹല്ലിൽ ഭരണം നടത്തുന്നത്. ജനഹിതത്തെ അട്ടിമറിച്ചാണ് മഹല്ലിൽ വഖഫ് ബോർഡിൻ്റെ ഇടപെടൽ. പക്ഷപാതിയായ ഒരാളെത്തന്നെ റസീവറായി നിയമിച്ച വഖഫ് ബോർഡ് ആരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കണം.

തീരുമാനത്തിൽ നിന്ന് വഖഫ് ബോർഡ് എത്രയും വേഗം പിൻമാറണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും എസ്. എം. എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, വർകിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ സി. ടി. അബ്ദുൾ ഖാദർ തൃക്കരിപ്പൂർ, ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി എ. സി. കുട്ടി ഹാജി പാലക്കാട്, തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
- SUNNI MAHALLU FEDERATION

SMF സ്വദേശി ദര്‍സുകള്‍ സജീവമാക്കാന്‍ തീരുമാനം: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ സ്വദേശി ദര്‍സുകള്‍ കൂടുതല്‍ സജീവമാക്കാന്‍ തീരുമാനമായി. ദര്‍സുകളുടെ നടത്തിപ്പ് ചുമതലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇനെക്കൂടി പങ്കാളികളാക്കും. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കാനും കേന്ദ്രീകൃത പരീക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നിലവില്‍ പള്ളി ദര്‍സുകളില്ലാത്ത മഹല്ലുകളിലാണ് സ്വദേശി ദര്‍സുകള്‍ ആരംഭിക്കേണ്ടത്.

മാര്‍ച്ച് ആദ്യ പകുതിയില്‍ സ്വദേശി ദര്‍സുകളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ എസ്.എം.എഫിന്റെയും ജംഇയ്യത്തുല്‍ ഖുത്വബാഇന്റെയും സംയുക്ത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് ജില്ലാ സമിതികള്‍ രൂപീകരിക്കണം. ഇരു സംഘടനകളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരടക്കം പതിനൊന്നംഗങ്ങളാണ് സമിതിയിലുണ്ടാവേണ്ടത്. ജില്ലാ കോഡിനേറ്റര്‍ എക്‌സ് ഒഫീഷ്യോ മെമ്പറായിരിക്കും. പാഠ പുസ്തകങ്ങളുടെയും പരീക്ഷ പേപ്പറുകളുടെയും വിതരണത്തിന് പ്രത്യേക കേന്ദ്രങ്ങള്‍ നിശ്ചയിക്കണം.

സ്വദേശി ദര്‍സ് സ്റ്റേറ്റ് അക്കാദമിക് കൗണ്‍സില്‍ പുന:സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.ഉമര്‍ ഫൈസി മുക്കം (ചെയര്‍മാന്‍), യു.മുഹമ്മദ് ശാഫി ഹാജി, നാസര്‍ ഫൈസി കൂടത്തായി (വൈ.ചെയര്‍മാന്‍മാര്‍), ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് (ജന. കണ്‍വീനര്‍), ഹംസ റഹ്മാനി കൊണ്ടിപറമ്പ് (വര്‍.കണ്‍വീനര്‍), എ.കെ.ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് (ജോ. കണ്‍വീനര്‍മാര്‍), അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, സലാം ഫൈസി മുക്കം, സ്വാലിഹ് അന്‍വരി ചേകനൂര്‍, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി.ഉമര്‍ മൗലവി വയനാട്, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, യാസിര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഹുദവി കണ്ണൂര്‍, ആസിഫ് വാഫി വയനാട്, കെ.എന്‍.എസ്.മൗലവി കോഴിക്കോട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, സ്വാദിഖ് അലി ഹുദവി മലപ്പുറം (മെമ്പര്‍മാര്‍ ) എന്നിവരടങ്ങിയതാണ് അക്കാദമിക് കൗണ്‍സില്‍.

നാസര്‍ ഫൈസി കൂടത്തായി ചെയര്‍മാനായി പരീക്ഷാ ബോര്‍ഡും ഹംസ റഹ്മാനി കൊണ്ടിപറമ്പ് ചെയര്‍മാനായി പാഠ പുസ്തക പരിശോധനാ സമിതിയും രൂപീകരിച്ചു. യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി. എ.കെ. ആലിപ്പറമ്പ് സ്വാഗതവും ഹംസ റഹ് മാനി കൊണ്ടിപമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

വഖഫ് ബോര്‍ഡ് സമസ്തക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം: സുന്നീ മഹല്ല് ഫെഡറേഷന്‍

ചേളാരി: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നും മുസ്ലിം സംഘടനകളുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ത്ത് ആശങ്കകള്‍ക്ക് പരിഹാരം കാണുമെന്നും സമസ്ത പ്രതിനിധികളെ തിരുവനന്തുരത്ത് വിളിച്ച് വരുത്തി മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാലിക്കപ്പെടാത്തത് പ്രതി ഷേധാര്‍ഹമാണെന്നും സമസ്തക്ക് നല്‍കിയ വാക്ക് എത്രയും വേഗം പാലിക്കണമെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

പ്രീമാരിറ്റല്‍ കോഴ്‌സ്, സ്വദേശി ദര്‍സ് എന്നീ പദ്ധതികള്‍ കൂടുതല്‍ സജീവമാക്കാന്‍ യോഗം തീരുമാനിച്ചു. പ്രീമാരിറ്റല്‍ കോഴ്‌സ് ഓഫ് ലൈന്‍, ഓണ്‍ലൈന്‍, വെബ്ആപ്പ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ നടത്തും. വനിതാ ആര്‍.പി. ടീം രൂപീകരിക്കും. സ്വദേശി ദര്‍സുകളുടെ നടത്തിപ്പ് ചുമതല സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഇന് നല്‍കാനും ജില്ലാതലങ്ങളില്‍ പതിനൊന്നംഗ സ്വദേശി ദര്‍സ് സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് കാമ്പയിനും ജില്ലാ കമ്മിറ്റികളുടെയും കോഡിനേറ്റര്‍മാരുടെയും പ്രവര്‍ത്തനങ്ങളും യോഗം അവലോകനം ചെയ്തു. അംഗത്വത്തിന് അപേക്ഷ നല്‍കിയ 350 മഹല്ലുകള്‍ക്കും 51 ശാഖകള്‍ക്കും യോഗം അംഗീകാരം നല്‍കി

യോഗം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും സെക്രട്ടറി വി.എ.സി. കുട്ടി ഹാജി നന്ദിയും പറഞ്ഞു.

സി.ടി അബ്ദുല്‍ ഖാദര്‍ കാസര്‍ഗോഡ്, എ.കെ അബ്ദുല്‍ ബാഖി കണ്ണൂര്‍, എസ് മുഹമ്മദ് ദാരിമി, പി.സി ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായി, എം.സി.മായിന്‍ ഹാജി കോഴിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി മലപ്പുറം, കെ.കെ ഇബ്രാഹിം ഹാജി എറണാകുളം, അഞ്ചല്‍ ബദ്‌റുദ്ദീന്‍ കൊല്ലം, ആലങ്കോട് ഹസന്‍ തിരുവനന്തപുരം, ഓര്‍ഗനൈസര്‍മാരായ എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട്, കോ-ഓര്‍ഡിനേറ്റര്‍മാരായ യാസര്‍ ഹുദവി ചൂരി, നൂറുദ്ദീന്‍ ഹുദവി കുപ്പം, കെ.എന്‍.എസ് മൗലവി തിരുവമ്പാടി, ആസിഫ് വാഫി റിപ്പണ്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, പി.കെ.എം സ്വാദിഖ് ഹുദവി വേങ്ങര, ഇസ്മാഈല്‍ ഫൈസി ഒടമല, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, ജിഷാം ഹുദവി, റിയാസ് ദാരിമി, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION

'വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം റദ്ദാക്കുക'. സമസ്ത മുതവല്ലി സംഗമത്തിന് അന്തിമ രൂപമായി - SMF

ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വഖഫ് മുതവല്ലിമാരുടെയും മഹല്ല് - മദ്‌റസാ ഭാരവാഹികളുടെയും സംഗമം ഡിസംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രതിഷേധ പരിപാടികളുടെ പ്രഖ്യാപനവും സുന്നീ യുവ ജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. എസ്.എം.എഫ്. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയ വിശദീകരണ പ്രഭാഷണം നടത്തും.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രസിഡന്റ് കോയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത പ്രവാസി സെല്‍ പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എസ്.എം.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ ഉമര്‍ ഫൈസി മുക്കം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എം.എം.എ. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വഖഫ് ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ ഹാജി, സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. യു മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

ഓര്‍ഗനൈസര്‍മാരുടെ അഭിമുഖ പരീക്ഷ നാളെ (15-11-2021): സുന്നീ മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളിലേക്ക് നിയമിക്കുന്ന ഓര്‍ഗനൈസര്‍മാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ പരീക്ഷ നാളെ (15-11-2021) രാവിലെ 9 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കര്‍മപദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിച്ചാണ് പുതിയ ജില്ലാ ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കാണ് നിയമനം. പ്രസ്തുത ജില്ലാ കമ്മിറ്റികളുടെ പ്രതിനിധികളും ജില്ലാ കമ്മിറ്റികള്‍ മുഖേന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാന്‍ഡിഡേറ്റ്‌സും നാളെ രാവിലെ കൃത്യം 9 ന് ചെമ്മാട് ദാറുല്‍ ഹുദായില്‍ എത്തിച്ചേരണമെന്ന് എസ്.എം.എഫ്. സ്റ്റേറ്റ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
- SUNNI MAHALLU FEDERATION

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി. ക്ക് വിടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം: എസ്.എം.എഫ്

ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍. വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും നിര്‍മാണാത്മകമായി വിനിയോഗിക്കുന്നതിനുമുള്ള ഏക സംവിധാനമായ വഖഫ് നിയമത്തിലാണ് അന്യായമായും നിയമവിരുദ്ധമായും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നത്. കേന്ദ്ര വഖഫ് നിയമമനുസരിച്ച് വഖഫ് ബോര്‍ഡില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയില്ല. കെ.എസ്.ആര്‍. ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടുന്നത് ദുരൂഹമാണ്.

യോഗ്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്താനാണ് വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതെന്ന സര്‍ക്കാര്‍ ഭാഷ്യം കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡാണ് കേരളത്തിലേത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് റശീദലി ശിഹാബ് തങ്ങളും ചെയര്‍മാന്‍മാരായിരുന്ന കാലത്താണ് സംസ്ഥാന വഖഫ് ബോര്‍ഡ് കൂടുതല്‍ സജീവവും സുശക്തവുമായത്. 48 ലക്ഷമുണ്ടായിരുന്ന ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയത് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ ആത്മാര്‍ത്ഥതയുടെയും കാര്യക്ഷമതയുടെയും ഉദാഹരണമാണ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ബോര്‍ഡില്‍ നിന്ന് കടം വാങ്ങിയ 54 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ പോലും ഇത് വരെ സര്‍ക്കാറിനായിട്ടില്ല. വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ ബോര്‍ഡിനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്.

പി. എസ്.സി. വഖഫ് ബോര്‍ഡിലേക്ക് നിയമനം നടത്തുന്നത് മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്ലിം സമുദായത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും. മുസ്ലിംകള്‍ക്ക് മാത്രം നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനും സമുദായാംഗങ്ങള്‍ അല്ലാത്തവര്‍ നിയമിക്കപ്പെടാനുമുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. വഖഫ് അദാലത്തുകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയപ്രേരിതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- SUNNI MAHALLU FEDERATION

SMF 'ലൈറ്റ് ഓഫ് മിഹ്‌റാബ്' കാമ്പയിന്‍ മഹല്ല് തലങ്ങളിലേക്ക്

ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്ത്ബാഅ് സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മഹ്‌റാബ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മഹല്ല് തലങ്ങളില്‍ ആരംഭിക്കുന്നു. ജില്ലാ, മേഖലാ സംഗമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മഹല്ല് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മഹല്ലുകള്‍ കാലികമായി നേരിടുന്ന ആത്മീയവും ഭൗതികവുമായ വെല്ലുവിളികളെ സംബോധന ചെയ്യുന്ന കാമ്പയിന്റെ ഭാഗമായി ജനകീയ സംഗമങ്ങള്‍ സംഘടിപ്പിക്കുയും വിവിധ കര്‍മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.

എല്ലാ മഹല്ലുകളിലും ലൈറ്റ് ഓഫ് മിഹ്‌റാബ് സംഗമങ്ങള്‍ നടക്കും. ആത്മീയതയാണ് പരിഹാരം, വിശ്വാസമാണ് അശ്വാസം, അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ, ഉലമാ - ഉമറാ കരുത്തും കരുതലും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കാമ്പയിന്റെ ഭാഗമായി മഹല്ലുകളില്‍ പള്ളി ദര്‍സുകള്‍ സ്വദേശി ദര്‍സുകള്‍ ശക്തിപ്പെടുത്തുക, ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ഉദ്യോഗ പ്രാതിനിധ്യം ഉറപ്പ് വരുത്താനുമുള്ള പദ്ധതികള്‍ നടപ്പാക്കും. അധാര്‍മികതക്കെതിരെ ബോധവല്‍ക്കരണ യജ്ഞം, ആദര്‍ശ ബോധനം, ചരിത്ര ബോധനം നടത്തും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. വിശ്വാസ വൈകല്യങ്ങള്‍ക്കും മത നിരാസ, നിര്‍മത പ്രവണതകള്‍ക്കും യുക്തിവാദത്തിനും സ്വതന്ത്ര ചിന്തകള്‍ക്കുമെതിരെ പ്രചരണം നടത്തും. മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും ഖത്തീബ്മാരും മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കാമ്പയിന്‍ സമിതി ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- SUNNI MAHALLU FEDERATION

'ലൈറ്റ് ഓഫ് മിഹ്‌റാബ്' കാമ്പയിന്‍; മേഖലാ സംഗമങ്ങള്‍ക്ക് തുടക്കമായി: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ' ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ മേഖലാ തല സംഗമങ്ങള്‍ക്ക് തുടക്കമായി. മഹല്ലുകളില്‍ പുത്തനുണര്‍വ് നല്‍കുക, മത നിരാസപ്രവണതകളെയും യുക്തിവാദ- സ്വതന്ത്ര ചിന്തകളെയും പ്രതിരോധിക്കുക, ആത്മീയ - അവകാശ ബോധം വളര്‍ത്തുക, ചരിത്രധ്വംസന ശ്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണം നടത്തുക, ഉലമാ - ഉമറാ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംഘടിപ്പിക്കപ്പെടുന്ന കാമ്പയിനിന്റെ ജില്ലാ സംഗമങ്ങള്‍ നേരത്തേ നടന്നിരുന്നു. 'വിശ്വാസമാണ് ആശ്വാസം', 'ആത്മീയതയാണ് പരിഹാരം', 'അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ', 'ഉലമാ - ഉമറാ കരുത്തും കരുതലും' എന്നീ വിഷയങ്ങളാണ് കാമ്പയിന്‍ ചര്‍ച്ച ചെയ്യുന്നത്.

കാസറഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ മേഖലാ സംഗമം സയ്യിദ് ശഫീഖ് തങ്ങള്‍ ചന്തേര ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ മേഖലാ സംഗമം സയ്യിദ് സ്വാദിഖ് ഫൈസി അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. വേങ്ങര മേഖലാ സംഗമം സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയവതരണം നടത്തി. മലപ്പുറം മേഖലാ സംഗമം സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ മേഖലാ സംഗമം വി.എ.സി. കുട്ടി ഹാജി ഉല്‍ഘാടനം ചെയ്തു. സലീം അന്‍വരി വരവൂര്‍, സ്വാലിഹ് അന്‍വരി ദേശമംഗലം വിഷയാവതരണം നടത്തി. കേരളത്തിലെ എല്ലാ മേഖലാ തലങ്ങളിലും തുടര്‍ന്ന് മഹല്ല് തലങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും സംഗമങ്ങളും നടക്കും.
- SUNNI MAHALLU FEDERATION

'ലൈറ്റ് ഓഫ് മിഹ്‌റാബ്' പ്രഭാഷക ശില്‍പശാല സമാപിച്ചു: സുന്നീ മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രഭാഷക ശില്‍പശാലയും മൊഡ്യൂള്‍ പ്രിപ്പറേഷനും സംഘടിപ്പിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ല അല്‍ ഐദറൂസി തങ്ങള്‍ ആലപ്പുഴ അധ്യക്ഷനായി. എസ്.എം.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കോഡിനേറ്റര്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ കാമ്പയിന്‍ വിശദീകരണം നടത്തി. എസ്.എം.എഫ്. സംസ്ഥാന സെക്രട്ടറി വി.എ.സി. കുട്ടി ഹാജി പാലക്കാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ജില്ലാ സെക്രട്ടറിമാരായ എ.കെ.അബ്ദുല്‍ ബാഖി കണ്ണൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, സി.എച്ച്. ത്വയ്യിബ് ഫൈസി മലപ്പുറം, ബശീര്‍ കല്ലേപ്പാടം തൃശൂര്‍, മഅ്മൂന്‍ ഹുദവി കോട്ടയം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് ചുഴലി മുഹ്യദ്ദീന്‍ ബാഖവി, ജില്ലാ സെക്രട്ടറിമാരായ സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.ടി.അസീസ് ദാരിമി കോഴിക്കോട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, മുജീബ് ഫൈസി വയനാട്, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, ഹനീഫ കാശിഫി ഇടുക്കി, സിദ്ദീഖ് ഫൈസി തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം.എഫ്.സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സ്വാഗതവും മലപ്പുറം ജില്ലാ ഓര്‍ഗനൈസര്‍ ഇസ്മാഈല്‍ ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു.

കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനവും മലപ്പുറം ജില്ലാ സംഗമവും ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ മലപ്പുറം സുന്നി മഹലില്‍ നടക്കും. തുടര്‍ന്ന് മൂന്ന് മാസങ്ങളിലായി ജില്ലാ, മേഖലാ, മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും.
- SUNNI MAHALLU FEDERATION

പിന്‍വാതില്‍ നിയമനങ്ങള്‍ മരവിപ്പിക്കണം : സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലി നേടാന്‍ വര്‍ഷങ്ങളായി തയ്യാറെടുപ്പുകള്‍ നടത്തി പി.എസ്.സി പരീക്ഷകളെഴുതി കാത്തിരിക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാര്‍ നിലപാട് മരവിപ്പിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.എസി മുഖാന്തരം നിയമനം നല്‍കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവിധ റാങ്ക് ലിസ്റ്റുകളില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്താതെ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തും വിവധ ജില്ലകളിലും നടക്കുന്ന സമരത്തെ ചെറുതായി കാണരുതെന്നും യോഗം ആവശ്യപ്പെട്ടു. സംവരണ തത്വങ്ങളെ അട്ടിമറിച്ചുള്ള പിന്‍വാതില്‍ നിയമങ്ങളെ കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മതമില്ലാത്ത ജിവിതം പ്രോത്സാഹിപ്പിക്കുന്നവര്‍ പിന്‍വാതില്‍ നിയമനം സാധൂകരിക്കുന്നതിന് വേണ്ടി മതത്തെ അന്യായമായി ഉപയോഗിച്ചത് അപഹാസ്യമാണ്. സര്‍ക്കാര്‍ അത്തരം നീക്കങ്ങളില്‍നിന്ന് പിന്‍മാറണമെന്നും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളിലെ മുഴുവന്‍ നിയമങ്ങളും പി.എസ്.സിക്ക് വിടണമെന്നും മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ വന്ന്‌പോയ ബാക്ക് ലോഗ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ മുന്നാക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കാണിച്ച തിടുക്കം ശരിയായില്ലെന്നും സംവരണ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മുക്കം ഉമര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, ഹംസ ബിന്‍ ജമാല്‍ റംലി, അബ്ബാസ് ഹാജി കല്ലട്ര, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സലാം ഫൈസി മുക്കം, വി.എ.സി കുട്ടി ഹാജി, ബദ്‌റുദ്ദീന്‍ അഞ്ചല്‍, എ.എം പരീത് കളമശ്ശേരി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബ്ദുസ്സമദ് മുട്ടം, ഒ.എം ശരീഫ് ദാരിമി കോട്ടയം, എ.കെ ആലിപ്പറമ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION

സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍

ചേളാരി : കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ വ്യതിരക്തമായ വ്യക്തിത്തവും അസ്ഥിത്തവും രൂപപ്പെടുത്തി എടുക്കുന്നതില്‍ കേരളത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ്മയിലൂടെ വളര്‍ത്തിയെടുത്ത മഹല്ല് സംവിധാനങ്ങള്‍ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണെന്നും ഈ കൂട്ടായ്മയെ ശിതിലമാക്കിയാല്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗം ചെയ്ത് വളര്‍ത്തിയെടുത്ത നന്മകള്‍ അത്രയും നശിച്ച് നാമാവശേഷമായി പോകുമെന്നും എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 110 മേഖലകളിലായി 5000-ത്തില്‍ അധികം വരുന്ന മഹല്ലുകളില്‍ നടപ്പാക്കുന്ന എസ്.എം.എഫ് തര്‍ത്തീബ്-2021 പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഉലമാക്കളുടെയും ഉമറാക്കളുടെയും ഒന്നിച്ചുള്ള മുന്നേറ്റത്തെ തുരങ്കം വെക്കാന്‍ കുന്ത്രങ്ങള്‍ മെനയുന്ന ദുശക്തികളെ മഹല്ല് ജമാഅത്തുകള്‍ തിരിച്ചറിയുകയും ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. മഹല്ല് കമ്മിറ്റികള്‍ പള്ളികള്‍ ഉള്‍ക്കൊള്ളുന്ന മത സ്ഥാപനങ്ങളുടെയും വഖഫ് വസ്തുക്കളുടെയും റിക്കാര്‍ഡുകളും രേഖകളും കൃത്യമായി സൂക്ഷിക്കുകയും ഭരണ നിര്‍വഹണവും സാമ്പത്തിക ഇടപാടുകളും സുതാര്യതോടെയും സൂക്ഷമതയോടെയും കൈക്കാര്യം ചെയ്ത് മഹല്ലുകളെ വ്യവഹാര രഹിതമാക്കുന്നതിന് ജാഗരൂകരാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

എസ്.എം.എഫ് തര്‍ത്തീബ്-2021 സംഘാടക സമിതി ചെയര്‍മാന്‍ എം.സി മായീന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ആമുഖ ഭാഷണവും വര്‍ക്കിം സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി വിശദീകരണവും നടത്തി. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, കെ.എം കുട്ടി എടക്കുളം, ഹംസ ഹാജി മൂന്നിയൂര്‍, എ.കെ ആലിപ്പറമ്പ്, കാടാമ്പുഴ മൂസ ഹാജി, പി.കെ രായിന്‍ ഹാജി, സൈദുട്ടി ഹാജി പെരിന്തല്‍മണ്ണ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പദ്ധതി കണ്‍വീനര്‍ സലാം ഫൈസി മുക്കം സ്വാഗതവും, അബ്ദു റഹ്മാന്‍ മാസ്റ്റര്‍ പരുവമണ്ണ നന്ദിയും പറഞ്ഞു. മലപ്പുറം മുനിസിപ്പാലിറ്റി, പൂക്കോട്ടൂര്‍, കോഡുര്‍ പഞ്ചായത്തിലെ മഹല്ല് ഭാരവാഹികളും ഖത്തീബ് മാരും പങ്കെടുത്തു.

SMF തര്‍ത്തീബ് - 2021; സംസ്ഥാന തല ഉദ്ഘാടനം നാള

ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്ത് മേഖലാ കേന്ദ്രങ്ങളിലായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തപ്പെടുന്ന തര്‍ത്തീബ് - 2021 സംഗമങ്ങളുടെ സംസ്ഥാന തല ഉല്‍ഘാടനം നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട് ഹാദിയ സെന്ററില്‍വെച്ച് എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് ബഹു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതാണ്. മഹല്ലുകളിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ രാജ്യത്തെ നിയമ നീതിന്യായ വ്യവസ്ഥക്കും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും അനുയോജ്യമാകും വിധം ക്രമീകരിക്കുകയും വ്യവഹാര രഹിത മഹല്ലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ''എസ്.എം.എഫ് തര്‍ത്തീബ് - 2021'' ലക്ഷ്യമാക്കുന്നത്. ഇതിലൂടെ മഹല്ലുകളുടെ വഖഫ് രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കുകയും വഖഫ് ബോര്‍ഡ് നടത്തുന്ന ക്ഷേമ പദ്ധതികളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള അര്‍ധ വാര്‍ഷിക കര്‍മ്മ പദ്ധതി അവതരണവും സൊസൈറ്റി രജിസ്‌ത്രേഷന്‍ നടത്തുന്നതിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ സാഹായിക്കുകയും എസ്.എം.എഫ് രജിസ്‌ട്രേഷന്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

കാസര്‍ഗോഡ്, കണ്ണൂര്‍, ചെറുപ്പുളശ്ശേരി, തൊഴിയൂര്‍, കോഴിക്കോട്, മലപ്പുറം സുന്നിമഹല്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ചെമ്മാട്, ആലപ്പുഴ, കൊടക്, ദക്ഷിണ കന്നട എന്നിവിടങ്ങളില്‍വെച്ച് നടന്ന പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാലകളില്‍ പരിശീലനം സിദ്ധിച്ച കോ-ഓര്‍ഡിനേറ്റര്‍മാരും സംസ്ഥാന തല ട്രൈനര്‍മാരും ജില്ലാ എസ്.എം.എഫ് കമ്മിറ്റികളും മേഖല തര്‍ത്തീബ് സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒരു മഹല്ലില്‍നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, ഖത്തീബ് ഉള്‍പ്പെടെ അഞ്ച് പേര്‍ വീതം അയ്യായിരം മഹല്ലുകളില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വിവിധ മേഖലാ സംഗമങ്ങളില്‍ പങ്കെടുക്കും.

മഹല്ല് പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിനുള്ള ബഹുമുഖ പദ്ധതികളെയും മഹല്ല് കമ്മിറ്റികള്‍ സൂക്ഷിച്ച് വരേണ്ട റിക്കാര്‍ഡുകള്‍ പ്രമാണങ്ങള്‍ എന്നിവയും പരിജയപ്പെടുത്തുന്ന കൈ പുസ്തകം മഹല്ല് ഗൈഡ് - എസ്.എം.എഫ് രജിസ്തര്‍ ചെയ്ത മഹല്ല് കമ്മിറ്റികള്‍ക്ക് വിതരണം ചെയ്യും. മഹല്ല് നിവാസികളുടെ സാമൂഹിക സാമ്പത്തിക ധാര്‍മിക വിദ്യാഭ്യാസ വളര്‍ച്ചക്കാവശ്യമായ നൂനത പദ്ധതികളും പിന്തുണാ സംവിധാനവും തര്‍ത്തീബ - 2021 ന്റെ തുടര്‍ച്ചയായി ഒരുക്കുകയും ചെയ്യും.

പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ ഹാജി, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലാം ഫൈസി മുക്കം, സി ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സി എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കുന്നു.
- SUNNI MAHALLU FEDERATION

മഹല്ലുകള്‍ ദീര്‍ഘവീക്ഷണത്തോടെ കര്‍മ രംഗത്തിറങ്ങുക: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: മഹല്ലുകള്‍ ദീര്‍ഘവീക്ഷണത്തോടെ കര്‍മ രംഗത്തിറങ്ങണമെന്നും കൃത്യമായ കാഴ്ചപ്പാടും ലഭ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കുന്ന കാലിക പ്രസക്തമായ പദ്ധതികളുമാണ് സമുദായ പുരോഗതിക്കും രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വേണ്ടതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സീമാപ് പദ്ധതി ലക്ഷ്യമാക്കുന്നതെന്നും എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആഹ്വാനം ചെയ്തു. എസ്.എം.എഫ് സീ മാപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാന ശില്‍പശാല ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ തെരെഞ്ഞെടുത്ത നൂറു മഹല്ലുകളിലായി നടത്തുന്ന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള പരിശീലന ശില്‍പശാലയില്‍ എ.കെ. ആലിപറമ്പ് , സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ , ശരീഫ് ദാരിമി കോട്ടയം, പി.സി. ഉമര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. സംഘാടകന്റെ രീതി ശാസ്ത്രം അബ്ദു റഹീം ചുഴലി വിഷയാവതരണം നടത്തി.

ത്രൈമാസ കര്‍മപദ്ധതി, വിശദമായി ചര്‍ച്ച ചെയ്ത് അവസാന രൂപം കണ്ടെത്തി. എസ്.എം.എഫിനു കീഴില്‍ മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പൊതു വേദിയായി സിമാപ് പ്രവര്‍ത്തിക്കുന്നതിനും അതിനാവശ്യമായ പ്രവര്‍ത്തന കലണ്ടര്‍ സംഗമം ആസൂത്രണം ചെയ്തു.
- SUNNI MAHALLU FEDERATION

SMF തര്‍ത്തീബ്-2021; സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ (20-01-2021)

ചേളാരി -മുസ്‌ലിം സമുദായത്തിന്റെ കരുത്തും കരുതലുമായ മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 2021 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന അദാലത്തിന്റെ ഭാഗമായ എസ്.എം.എഫ് തര്‍ത്തീബ്-2021 ന്റെ സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ ആലപ്പുഴയില്‍ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അദാലത്തുകളില്‍ ക്ലാസ് നടത്തുന്ന ആര്‍.പിമാര്‍ ഹെല്‍പ് ഡെസ്‌ക് ടേബിള്‍ ടോക്ക് എന്നിവക്ക് നേതൃത്വം നല്‍കുന്ന പഞ്ചായത്ത്, മേഖലാ സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ട്രൈനിംഗ് വര്‍ക്ക്‌ഷോപ്പില്‍ നടക്കും.

ആലപ്പുഴ ശംസുല്‍ ഉലമാ സ്മാരക സമസ്ത ജില്ലാ സൗധത്തില്‍ SMF ജില്ലാ പ്രസിഡണ്ട് മജീദ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ 2021 ജനുവരി 20 രാവിലെ 10-ന് ആരംഭിക്കുന്ന വര്‍ക്ക്‌ഷോപ്പ് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയത്തല്ല തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും, പ്രശസ്ത ട്രൈയ്‌നര്‍ ഷാജിഹു ശെമീര്‍ അസ്ഹരി ക്ലാസ് നടത്തും. അബ്ദു റഹ്മാന്‍ അല്‍ ഖാസിമി, മഹ്മൂദ് മുസ്‌ലിയാര്‍, നൗശാദ് കൊക്കാട്ട്തറ, പ്രൊഫ. തോന്നക്കല്‍ ജമാല്‍, ടങഖ ബക്കര്‍ ഹാജി, എ.കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട് എന്നിവര്‍ സംബന്ധിക്കും.
- SUNNI MAHALLU FEDERATION

SMF തര്‍ത്തീബ്-2021 ഹെല്‍പ് ഡെസ്‌ക്; ഓഫീസര്‍ ശില്‍പശാലക്ക് തുടക്കമായി: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനും ഏകോപനത്തിനും വേണ്ടി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ തെരെഞ്ഞെടുത്ത നൂറ്റിപ്പത്ത് കേന്ദ്രങ്ങളില്‍വെച്ച് 2021 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന എസ്.എം.എഫ് തര്‍ത്തീബ് - 2021 സംഗമത്തിലെ ഹെല്‍പ് ഡെസ്‌ക്ക് ഓഫീസര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാല 2021 ജനുവരി 16 മുതല്‍ 31 വരെ നടക്കും. തര്‍ത്തീബ് - 2021 മേഖലാ സംഗമത്തിന്റെ ഭാഗമായ പഞ്ചായത്ത്തല ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്കും ടേബ്ള്‍ ടോക്കിനും നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭാരവാഹികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

2021 ജനുവരി 16-ന് കാസര്‍ഗോഡ് (മേല്‍പറമ്പ് ജമാഅത്ത് കോണ്‍ഫറന്‍സ് ഹാള്‍), മലപ്പുറം ഈസ്റ്റ് (മലപ്പുറം സുന്നിമഹല്‍), 18-ന് കോഴിക്കോട് (കോഴിക്കോട് സമസ്ത കാര്യാലയം), മലപ്പുറം വെസ്റ്റ് (ദാറുല്‍ ഹുദാ ചെമ്മാട്), 20-ന് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകള്‍ (ആലപ്പുഴ ശംസുല്‍ ഉലമാ സ്മാരക സമസ്ത ജില്ലാ സൗധത്തില്‍) വെച്ചും, 21-ന് വയനാട് (കല്‍പ്പറ്റ സമസ്ത കാര്യാലയം), 23-ന് തൃശൂര്‍ (തൊഴിയൂര്‍ ദാറുല്‍ റഹ്മ), 31 പാലക്കാട് (ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ ഓഫീസ്), കണ്ണൂര്‍ (കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍) എന്നീ ജില്ലകളിലും നടക്കുന്നതാണ്.
- SUNNI MAHALLU FEDERATION