കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയായി പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാരെ തിരഞ്ഞെടുത്തതായി ബന്ധപ്പെട്ടവർ അറിയിച്ചു.
ഇന്ന് (ശനിയാഴ്ച) രാവിലെ നടന്ന സമസ്ത കേന്ദ്ര കമ്മറ്റി മുശാവറയിലാണ് സമസ്ത വൈസ് പ്രസിഡണ്ട് കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ആലിക്കുട്ടി മുസ്ലിയാരുടെ പേര് പ്രഖ്യാപിച്ചത്. ജന.സെക്രട്ടറിയായിരുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അദ്ധേഹം അന്തരിച്ചത്.
1986 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായ ആലിക്കുട്ടി മുസ്്‌ലിയാര്‍ 2010 മുതല്‍ സമസ്തയുടെ ജോ. സെക്രട്ടറിയുമാണ്. കൂടാതെ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മെമ്പറുമാണ്. 2003-06 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായും 2006ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്ലാമിക് കോപ്ലക്‌സ് ജനറല്‍ സെക്രട്ടറി, തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുല്‍ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് പ്രസിഡണ്ട് എന്നിവയുടെ മുഖ്യഭാരവാഹിത്വം വഹിക്കുന്നു.
തൂലികാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലിക്കുട്ടി ഉസ്താദ് സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാര്‍ വാരിക, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിദ്ധീകരണമായ അല്‍ മുഅല്ലിം മാസിക, അന്നൂര്‍ അറബി മാസിക, തിരൂര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാറ്റാ നെന്ന് ഫോര്‍ ഇസ്‌ലാമിക പ്രെപ്പഗേഷന്‍ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയര്‍ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ്‌പോര്‍ട്ടല്‍ ചീഫ് എഡിറ്ററാണ്. ആഗോള തലത്തില്‍ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഉസ്താദ് രചിച്ചിട്ടുണ്ട്.
മൂസ ഹാജി – ബിയ്യാത്തു കുട്ടി എന്നീ ദമ്പതികളുടെ മൂത്തമകനായി 1945 ലാണ് അദ്ധേഹത്തിന്‍റെ ജനനം. 1965 ല്‍ അമ്മാവന്‍ മമ്മുക്കുട്ടി ഹാജിയുടെ മകളായ ഫാത്വമയെ വിവാഹം ചെയ്തു. മൂസ ഫൈസി, അബൂബക്കര്‍, സൈനബ, ഖദീജ, മൈമൂന, മറിയം, ഹഫ്‌സ എന്നിവര്‍ മക്കളാണ്.
സമസ്ത ഇനി ഈ കരങ്ങളില്‍ ഭദ്രം; ശൈഖുല്‍ ജാമിഅയുടെ ചരിത്രം...
സമസ്തയുടെ കര്‍മ്മ രംഗത്തേക്ക് ഉസ്താദ് കടന്ന് വരുന്നത് 1970 ല്‍ പെരിന്തല്‍ മണ്ണ താലൂക്ക് സമസ്ത ജനറല്‍ സെക്രട്ടറി യാവുന്നതോടെയാണ്...