സഊദി തൊഴില്‍ പ്രശ്‌നം: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെടണം സമസ്ത

കോഴിക്കോട്: കേരളത്തിന്റെ രൂക്ഷമായ തൊഴിലില്ലായ്മക്ക് ഒരു പരിധിവരെ സഹായകമാവുകയും നമ്മുടെ ദരിദ്രനിര്‍മാര്‍ജനത്തില്‍ സൃഷ്ടിപരമായ പങ്കുവഹിക്കുകയും ഇന്ത്യയുടെ സമ്പദ് ഘടന പോലും മെച്ചപ്പെടുത്തുന്നതിന്നും, അനേകായിരം മതധര്‍മ സ്ഥാപനങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം നിര്‍വ്വഹിച്ചു പോരുന്നതിലും വലിയപങ്കുവഹിച്ചുവരുന്നത് വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവരിലൂടെയാണ്. സഊദി ഗവണ്‍മെന്റിന്റെ പുതിയ തൊഴില്‍ നിയമത്തിന്റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷത്തിലധികം കേരളക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് പറയപ്പെടുന്നു. 
ഈ സാഹചര്യത്തില്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകള്‍ സഊദി ഗവണ്‍മെന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി പ്രശ്‌ന പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, എസ്.എം.എഫ്. സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും അയച്ച അടിയന്തിര സന്ദേശത്തില്‍ ആവശ്യപ്പെട്ടു.