വ്യാജകേശം; സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ സമരാഹ്വാനവുമായി സമസ്‌ത നേതാക്കള്‍ രംഗത്ത്‌

പ്രഥമ പ്രതിഷേധ സംഗമം മാര്‍ച്ച് 28ന്‌) വ്യാഴാഴ്‌ച വൈകിട്ട്‌ 4മണിക്ക്‌ കോഴിക്കോട്ട്‌
കഴിഞ്ഞ ദിവസം കോഴിക്കോട്‌ നടന്ന പത്ര സമ്മേളനത്തില്‍ നിന്ന്‌  (ചാനൽ ന്യൂസ്‌ റിപ്പോർട്ടുകൾക്ക് താഴെ ക്ലിക്ക് ചെയ്യുക)

കോഴിക്കോട്‌: കാന്തപുരം കൊണ്ടു വന്ന വ്യാജ കേശത്തിന്‍െറ പേരില്‍ നടക്കുന്ന ആത്മീയ ചൂഷണത്തിനനുകൂലമായി ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്‌മൂലം തിരുത്താന്‍ തയാറാവാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ വാഗ്‌ദത്ത ലംഘനത്തിനും വഞ്ചനക്കുമെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യാജ കേശ പ്രശ്‌നത്തില്‍ വിജയം കാണും വരെ മുഴുവന്‍ പ്രവാചക സ്‌നേഹികളെയും അണിനിരത്തി നാടെങ്ങും സമര പരമ്പരകള്‍ തീര്‍ക്കുമെന്നും സമസ്‌ത നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രതിഷേധ പരമ്പരകളുടെ ആദ്യ ഘട്ടമായി അടുത്ത വ്യാഴാഴ്‌ച(മാര്‍ച്ച്‌, 28ന്‌) വൈകിട്ട്‌ 4മണിക്ക്‌ കോഴിക്കോട്ട്‌ പ്രതിഷേധ സംഗമം തീര്‍ക്കും. തുടര്‍ന്ന്‌ വിവിധ ഘട്ടങ്ങളിലായി കലക്ടറേറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വടകര സ്വദേശി യു.സി. അബുവെന്ന പൊതു പ്രര്‍ത്തകന്‍ ഹൈകോടതിയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും കേരള ആഭ്യന്തര വകുപ്പിനെയും എതിര്‍കക്ഷികളായി നല്‍കിയ റിട്ട്‌ ഹരജിയിലാണ്‌ സര്‍ക്കാര്‍ കള്ള സത്യവാങ്‌മൂലം നല്‍കിയിരുന്നത്‌. 
വ്യാജകേശം
ഇത്‌ പിന്‍വലിക്കണമെന്നും സത്യസന്ധവും നിഷ്‌പക്ഷവുമായ അന്വേഷണം നടത്തി അനുബന്ധ സത്യവാങ്‌മൂലം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ ജനുവരി 31ന്‌ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമീഷണറുടെ ഓഫിസിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേരത്തേ തീരുമാനിച്ചതുമായിരുന്നു.
 ഇതിനിടയില്‍ പ്രശ്‌നത്തിന്‌ പരിഹാരമുണ്‌ടാക്കാമെന്നുപറഞ്ഞ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. സര്‍ക്കാറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉന്നയിച്ച എട്ട്‌ ആവശ്യങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ അംഗീകരിച്ചു. അനുബന്ധ സത്യവാങ്‌മൂലം 15 ദിവസത്തിനകം നല്‍കുമെന്ന്‌ സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷേ, ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്‌ടായില്ല. 
കഴിഞ്ഞ മാര്‍ച്ച്‌ നാലിന്‌ പ്രക്ഷോഭം പുനരാരംഭിക്കാന്‍ സംഘടന യോഗം വിളിച്ചു. തലേദിവസം രാത്രി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വീണ്‌ടും ഇടപെട്ടു. അഡീഷനല്‍ അഫിഡവിറ്റിന്‍െറയും അന്വേഷണത്തിന്‍െറയും എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായിട്ടുണ്ടെന്നും എ.ഡി.ജി.പി സെന്‍കുമാറിനെ അന്വേഷണ ചുമതല ഏല്‍പിച്ചെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു.
എന്നാല്‍, ഇതുവരെ ഒന്നും നടന്നില്ല. അന്വേഷണത്തിന്‌ ഉത്തരവിടുക പോലും ചെയ്‌തിട്ടില്ല. സര്‍ക്കാറിന്‍െറ വാഗ്‌ദത്ത ലംഘനത്തിനും വഞ്ചനക്കുമെതിരെ ബഹു.ഹൈദരലി ശിഹാബ്‌ തങ്ങളുടെ സമ്മതത്തോടെ തന്നെയാണ്‌ ഇപ്പോള്‍ പ്രക്ഷോഭം ആരംഭിക്കുന്നതെന്നും ഇനി എന്തെങ്കിലും വാഗ്‌ദാനങ്ങള്‍ വിശ്വസിച്ച്‌ പ്രക്ഷോഭരംഗത്തുനിന്ന്‌ പിന്‌മാറില്ലെന്നും വിവിധ ലേഖകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി നേതാക്കള്‍ വ്യക്തമാക്കി.
സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നിയുവജന സംഘം, എസ്‌.കെ.എസ്‌.എസ്‌.എഫ്‌, സുന്നിമഹല്ല്‌ ഫെഡറേഷന്‍ തുടങ്ങി സമസ്‌തയെയും പോഷക സംഘടനകളെയും പ്രതിനിധീകരിച്ച്‌ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ്‌ നദ്‌ വി, അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംമ്പിള്ളിമുഹമ്മദ്‌ ഫൈസി, മുക്കം ഉമര്‍ഫൈസി, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌ എന്നിവര്‍ പങ്കെടുത്തു.