എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന് തുടക്കം; 4.79 ലക്ഷം വിദ്യാര്‍ത്ഥികള്‍; 2,800 പരീക്ഷാ സെന്ററുകള്‍

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന് തുടക്കമാകും. 4.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് മാര്‍ച്ച് 23 വരെ നീളുന്ന പരീക്ഷ എഴുതുന്നത്.
ആകെ 2,800 പരീക്ഷാ സെന്ററുകളാണ് ഇക്കൊല്ലം ഉണ്ടാവുക. ഗള്‍ഫ് മേഖലയിലും ലക്ഷദ്വീപിലും ഒമ്പത് വീതം സെന്ററുകളുണ്ടാകും. കേരളത്തില്‍ 4,78,178 വിദ്യാര്‍ത്ഥികളും ഗള്‍ഫ് മേഖലയില്‍ 424 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ 1048 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതും.
ടി.ടി.സി (ഒന്നും രണ്ടും വര്‍ഷം), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളും ഇന്ന് ആരംഭിക്കും.
1559 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് ഹൈസ്‌കൂളാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എസ്.എസ്. എല്‍.സി വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്ന സ്‌കൂള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂരാണ്, 37,060 പേര്‍. 77496 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറമാണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന റവന്യൂ ജില്ല. കുറവ് കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന റവന്യൂ ജില്ല ഇടുക്കി. 13,769 പേര്‍..  
ഏപ്രില്‍ അവസാനവാരം ഫലം പ്രഖ്യാപിക്കും. പരീക്ഷാ സെന്ററുകള്‍ക്ക് ആവശ്യമുളള ചോദ്യപേപ്പറുകള്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും പരിശോധിച്ച് തരംതിരിച്ച് കേരളത്തിലെ 139 ദേശസാല്‍കൃത ബാങ്കുകളിലെയും 168 ട്രഷറികളിലെയും ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കയാണ്. പരീക്ഷാ ദിവസം രാവിലെ ഇവ അതാത് പരീക്ഷാസെന്ററുകളിലെത്തും.
ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ പരീക്ഷാര്‍ത്ഥികളുടെ മുമ്പില്‍ വെച്ചാണ് പൊട്ടിക്കുന്നത്. പൊട്ടിക്കുന്നതിനു മുമ്പായി ആ മുറിയിലെ ഇന്‍വിജിലേറ്ററും രണ്ടു കുട്ടികളും പാക്കറ്റ് പൊട്ടിയിട്ടില്ലെന്ന് ഉറപ്പാക്കും.
എസ്.എസ്.എല്‍.സി പരീക്ഷ ഹാളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ല. പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ലേബലില്ലാത്ത കുപ്പിയില്‍ കുടിവെള്ളം പരീക്ഷാ ഹാളില്‍ കൊണ്ടുവരാം.


ഉത്തരക്കടലാസിന്റെ മെയിന്‍ ഷീറ്റുകളിലും അഡീഷണല്‍ ഷീറ്റുകളിലും പരീക്ഷാര്‍ത്ഥികള്‍ റജിസ്റ്റര്‍ നമ്പര്‍ എഴുതണം. കൂള്‍ ഓഫ് ടൈം കഴിഞ്ഞ് രണ്ടു മണിക്ക് കൂട്ടമണി അടിക്കുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിത്തുടങ്ങേണ്ടത്. ഇതിനായുളള നിര്‍ദേശം ഇന്‍വിജിലേറ്റര്‍മാര്‍ ഓരോ ക്ലാസിലും നല്‍കും. പരീക്ഷാ സമയം തീര്‍ന്നെന്നറിയിക്കുന്ന അവസാനത്തെ ലോംഗ് ബെല്‍ വരെ കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ അനുവാദമുണ്ട്.

ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനമൊട്ടാകെയുളള 54 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നടക്കും. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ നടക്കും. ഏപ്രില്‍ 7, 14 തിയതികള്‍ ക്യാമ്പിന് അവധിയായിരിക്കും. ഏകദേശം 12,500 അധ്യാപകരെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനായി വിവിധ ക്യാമ്പുകളിലായി നിയോഗിക്കും.


സേ പരീക്ഷക്കും പരീക്ഷാ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിനും സ്‌ക്രൂട്ട്‌നിക്കും ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്കും ഫലം പ്രഖ്യാപിച്ച് 5 ദിവസത്തിനുളളില്‍ അപേക്ഷിക്കാവുന്നതാണ്. ഇത് സംബന്ധിച്ചുളള വിശദമായ നിര്‍ദേശങ്ങള്‍ ഫലപ്രഖ്യാപന സമയത്ത് നല്‍കും. കേരളത്തിന് പുറത്ത് പഠനാവശ്യത്തിന് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് പരീക്ഷാഭവനില്‍ അപേക്ഷ നല്‍കിയാല്‍ അതേ ദിവസം തന്നെ ലഭ്യമാക്കും.