SMF “തര്‍ത്തീബ് 2021” ഒന്നാം ഘട്ടം ഫെബ്രുവരിയില്‍

ചേളാരി: മഹല്ലു ജമാഅത്തുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രജിസ്‌ട്രേഷനുകള്‍, അവ സമയബന്ധിതമായി പുതുക്കല്‍, വഖ്ഫ് വസ്തുക്കളുടെയും മറ്റു വസ്തു വഹകളുടെയും പ്രമാണങ്ങളും രേഖകളും രജിസ്റ്ററുകളും ശരിയാക്കി സൂക്ഷിക്കല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വഖ്ഫ് ബോഡിലും സമയാസമയങ്ങളില്‍ അടവാക്കേണ്ട നികുതികളും വിഹിതങ്ങളും റിട്ടേണുകളും സംബന്ധിച്ചും മഹല്ലു ജമാഅത്തുകള്‍ക്ക് കൃത്യമായ അവബോധം നല്‍കുവാനും ഇത്തരം വിഷയങ്ങളില്‍ മഹല്ല് ഭാരവാഹികള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സങ്കീര്‍ണതകളും നിയമപ്രശ്‌നങ്ങളും നേരിട്ട് കേട്ട് അവക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനും വര്‍ത്തമാനകാല സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഹല്ല് ജമാഅത്തുകളുടെ ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങള്‍ മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കുന്നതിന്നുമായി സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ മഹല്ലുകളിലും സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 85 മേഖലകളിലായി 2021 ഫെബ്രുവരിയില്‍ നടത്തപ്പെടുന്ന “തര്‍ത്തീബ് 2021” ഒന്നാം ഘട്ട പരിശീലന പരിപാടിക്ക് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും എസ്.എം.എഫ് പ്രൊജക്ട് വിംഗ് ആര്‍.പി മാരുടെയും ശില്‍പശാല അന്തിമ രൂപം നല്‍കി.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിശീലനത്തോടനുബന്ധിച്ച് മഹല്ലുകളില്‍ വിതരണം ചെയ്യുന്ന മഹല്ല് ഗൈഡ് 2021 ന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ വെച്ച് നടക്കുകയുണ്ടായി.

ഈയിടെ അന്തരിച്ച എസ്.എം.എഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സംസ്ഥാന കമ്മിറ്റി അംഗം കാളാവ് സൈതലവി മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന എ. മരക്കാര്‍ ഫൈസി എന്നിവരുടെ അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, എസ്.കെ ഹംസ ഹാജി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, തോന്നക്കല്‍ ജമാല്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രസംഗിച്ചു. ശില്‍പശാലയുടെ വിവിധ സെഷനുകളില്‍ എം.സി മായിന്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ അധ്യക്ഷരായി. അബ്ദു സമദ് പൂക്കോട്ടൂര്‍, ജുനൈദ് പാറപ്പള്ളി, ബശീര്‍ കല്ലേപാടം, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചേളാരി: സമസ്ത പ്രവാസി സെല്‍ ചെയര്‍മാനും നിരവധി സ്ഥാപനങ്ങളുടെ ജീവനാഡിയുമായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃകയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത പ്രവാസി സെല്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ അതിരറ്റ് സ്‌നേഹിക്കുകയും മുഴുസമയവും അതിന്റെ വളര്‍ച്ചക്കുവേണ്ടി യത്‌നിക്കുകയും ചെയ്ത മഹാനായിരുന്നു കാളാവ് സൈദലവി മുസ്‌ലിയാര്‍. പ്രവാസ ലോകത്തും വിശിഷ്യാ നാട്ടിലും ദീര്‍ഘകാലം മത-സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാനും സര്‍വ്വരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുവാനും കാളാവ് സൈദലവി മുസ്‌ലിയാര്‍ക്ക് കഴിഞ്ഞിരുന്നു. സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന എ. മരക്കാര്‍ മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെയും വിയോഗം സംഘടനക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. കെ.ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി കുണ്ടൂര്‍, പി.എസ്.എച്ച് തങ്ങള്‍, കെ.വി ശൈഖലി മുസ്‌ലിയാര്‍, കെ.വി ഹംസ മുസ്‌ലിയാര്‍, വി.പി.എ പൊയിലൂര്‍, എസ്.കെ ഹംസ ഹാജി, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ലുഖ്മാന്‍ റഹ്മാനി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിച്ചു. സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും, വര്‍ക്കിംഗ് കണ്‍വീനര്‍ ഹംസ ഹാജി മുന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

മത വിദ്യാർത്ഥികൾ സമൂഹത്തിനു വേണ്ടി രംഗത്ത് ഇറങ്ങണം: ആലിക്കുട്ടി മുസ്ലിയാർ

മലപ്പുറം: എസ് കെ എസ് എസ് എഫ് ത്വലബ വിങ് സംസ്ഥാന സമിതി സംഘടിപ്പിച്ച തജ്ലിയ ലീഡേഴ്സ് മീറ്റ് സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഒറവംപുറം മീറാസുൽ അമ്പിയ ഹയർ സെക്കന്ററി മദ്രസയിൽ നടന്ന പരിപായിൽ വൈകീട്ട് നാലുമണിക്ക് മഹല്ല് പ്രസിഡന്റ് സി. പി ഹസൈനാർ ഹാജി പതാക ഉയർത്തി ത്വലബ വിങ് സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കാസർകോട് അധ്യക്ഷനായി. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി സത്താർ പന്തല്ലൂർ, ഹാരിസലി ശിഹാബ് തങ്ങൾ, ആസിഫ് ദാരിമി പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഹമീദ് തങ്ങൾ മഞ്ചേരി, ഫൈറൂസ് ഫൈസി ഒറവംപുറം, ഖാദർ ഫൈസി പട്ടിക്കാട്, ഷഫീഖ് വാഫി ഓടമല, അൻവർ ഫൈസി, അബ്ദുൽ ഖാദർ ഒറവംപുറം, എൻ.അബ്ദുസ്സലാം ഫൈസി, ഹാഫിള് ശാക്കിർ ഫൈസി, സയ്യിദ് സ്വാലിഹ് തങ്ങൾ, സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, ഹബീബ് വരവൂർ, റാഷിദ് പന്തിരിക്കര, തക്കിയുദ്ധീൻ തുവ്വൂർ, സ്വാലിഹ് തയ്യിട്ടുചിറ, മുസ്തഫ പണാബ്ര ഫിർദൗസ് ആലപ്പുഴ, റാസിൽ പലോട്ടുപള്ളി തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE

തെരഞ്ഞെടുപ്പ്; ചന്ദ്രിക വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ചന്ദ്രിക ദിനപത്രത്തില്‍ (04-12-2020) വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട ആളുകളും എന്നെ സമീപിക്കാറുണ്ട്. എല്ലാവര്‍ക്കും ഖൈറിന് വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്. ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ തിരുത്തുമെന്നാണ് കരുതുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്. ആ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍ഗാമികളായ സമസ്ത നേതൃത്വമെടുത്ത ആ നയം തുടര്‍ന്നും മുമ്പോട്ട് കൊണ്ടു പോകുമെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
- Samasthalayam Chelari

"അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു" SKSSF കാംപയിന്‍ ഡിസം. 6 ന് മമ്പുറത്ത് തുടക്കം

കോഴിക്കോട്: പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും വിദ്യാഭ്യാസ തൊഴില്‍ മേഖലയുടെ വീണ്ടെടുപ്പിന് പുതു തലമുറയെ പ്രാപ്തമാക്കുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ഡിസംബർ ആറിന് തുടക്കമാവും. നീതി നിഷേധങ്ങൾക്കെതിരായ പോരാട്ടത്തിന് ചരിത്രത്തിൽ അതുല്യ മാതൃക തീർത്ത മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്താണ് ഉദ്ഘാടന സമ്മേളനം നടക്കുക. ഞായറാഴ്ച കാലത്ത് 9.30 ന് പ്രത്യേകം സംവിധാനിച്ച വേദിയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തിൽ ഡിസംബര്‍ ആറ് മുതല്‍ ജനുവരി 26 വരെയാണ് കാംപയിന്‍. ജില്ലാ, മേഖലാ പ്രചാരണ പരിപാടികൾ, ക്ലസ്റ്റര്‍ തല സെമിനാറുകളും ശാഖാ തല പ്രമേയ പ്രഭാഷണങ്ങളും കാംപയിന്‍ കാലയളവില്‍ നടക്കും.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ഡിസംബര്‍ 30 മുതല്‍ ജനുവരി 11 വരെ നടക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മേഖലാ കേന്ദ്രങ്ങളിലെ പ്രചാരണ സമ്മേളനങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് സമാപിക്കും.

കാംപയിന്റെ മുന്നോടിയായുള്ള സംസ്ഥാന തല ശില്പശാല സമസ്ത മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ ഫൈസൽ, സത്താർ പന്തലൂർ, സ്വാദിഖ് ഫൈസി താനൂർ വിഷയാവതരണം നടത്തി. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

കാളാവ് സൈദലവി മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഡിസംബര്‍ 7ന്

ചേളാരി : സമസ്ത പ്രവാസി സെല്‍ ജനറല്‍ കണ്‍വീനറായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാരുടെ പേരില്‍ സമസ്ത പ്രവാസി സെല്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും 2020 ഡിസംബര്‍ 7 ന് (തിങ്കള്‍) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, സത്താര്‍ പന്തല്ലൂര്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍ പ്രസംഗിക്കും.
- SAMASTHA PRAVASI CELL

സത്യധാര പ്രചാരണ കാമ്പയിൻ ആരംഭിച്ചു

കോഴിക്കോട്: വെറും വായനയല്ല, നട്ടെല്ലുള്ള നിലപാടുകൾ എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ് എഫിൻ്റെ മുഖപത്രമായ സത്യധാരയുടെ പ്രചരണ കാമ്പയിന് ഉജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വരിക്കാരായി ചേർന്നു കൊണ്ടാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.

വായനാ ലോകത്ത് നിലപാടുകളും, അകക്കാമ്പുമുള്ള എഴുത്തുകളാണ് സത്യധാരയെ വ്യതിരിക്തമാക്കുന്നതെന്നും, കാലിക വിഷയങ്ങളിൽ സത്യധാരയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

ആദര്‍ശ പ്രചരണ രംഗത്ത് സത്യധാരയുടെ തൂലികാ മുന്നേറ്റം ശ്ലാഘനീയമാണ്. മത സൗഹാർദവും സാമുദായിക സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിലും തീവ്രവാദവും, നിരീശ്വരവാദവും ഉൻമൂലനം ചെയ്യുന്നതിലും സത്യധാര വഹിച്ച പങ്ക് വളരെ വലുതാണെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.

സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പബ്ലിക് ലൈബ്രറികൾ, മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും മറ്റുവായനക്കാരിലേക്കും സത്യധാര എത്തിച്ചേരാനുള്ള വിപുലമായ പദ്ധതികളാണ് കാമ്പയിനിൻ്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാശിറലി തങ്ങൾ, താജുദ്ദിൻ ദാരിമി പടന്ന, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം, ഇസ്മായിൽ ദാരിമി പാലക്കാട്, ഫാറൂഖ് കരിപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
- SKSSFSTATECOMMITTEE

മീലാദ് കാമ്പയിൻ; SKSSFന് വിപുലമായ പരിപാടികൾ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫിന് വിപുലമായ പരിപാടികൾ ആവിഷ്കരിച്ച് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം എന്നതാണ് ഈ വർഷത്തെ പ്രമേയം. സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ സംയുക്തമായി നടത്തുന്ന കാമ്പയിന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ആഘോഷ പരിപാടികൾക്ക് അന്തിമരൂപമായി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'തിരുസായാഹ്നം' പരിപാടിയിൽ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സംഭാഷണങ്ങൾ, ഇസ്തിഖാമയുടെ നേതൃത്വത്തിൽ മൗലിദ് : ചരിത്രം, ആധികാരികത എന്ന വിഷയത്തിലുള്ള ഗവേഷണ പ്രഭാഷണം, ഇബാദ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 'ഞാനറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ പ്രമുഖരുടെ വീഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സർഗലയയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം അർത്ഥ സഹിതം വീഡിയോ പ്രചാരണം, ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തിൽ ഹുബ്ബുറസൂൽ - സംസ്ഥാന തല അറബിക് കവിതാ രചനാ മത്സരം തുടങ്ങിയവയും നടക്കും.

കാമ്പയിൻ ജില്ലാ തല ഉദ്ഘാടനങ്ങളും മീലാദ് കോൺഫറൻസും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ നടക്കും. മേഖല തലങ്ങളിൽ മദീന പാഷനും ശാഖാ തലങ്ങളിൽ ത്വലബ വിംഗിന്റെ നേതൃത്വത്തിൽ ഓൺലൈൻ മദീനാ പാഷൻ, മീലാദ് സന്ദേശം, ബുർദ പാരായണം, മദ്‌ഹ് ഗാനാലാപനം തുടങ്ങിയവ നടക്കും.

സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന തല വിംഗ് ചെയർമാൻ കൺവീനർമാർ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

ഈ കൊച്ചുഹാഫിളുകള്‍ സമസ്ത ഓണ്‍ലൈന്‍ മദ്‌റസയുടെ ശ്രദ്ധാകേന്ദ്രങ്ങള്‍

ചേളാരി: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഇളം തലമുറക്കാരായ ഹാഫിള് സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് ദില്‍ദാര്‍ ശിഹാബ് തങ്ങള്‍, എന്നിവരും ഹാഫിള് സയ്യിദ് മിഖ്ദാദ് തങ്ങള്‍ കണ്ണന്തളി, ഹാഫിള് മുഹമ്മദ് ശൗബല്‍ അയ്യായ എന്നീ വിദ്യാര്‍ത്ഥികളും സമസ്ത ഓണ്‍ലൈന്‍ മദ്‌റസയുടെ ശ്രദ്ധാകേന്ദ്രങ്ങളാവുന്നു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2020 ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസിന് ആമുഖമായി ദിവസവും 'സൂറത്തുല്‍ ഫാത്തിഹ' പാരായണം ചെയ്യുന്നതും മനഃപ്പാഠമാക്കേണ്ട സൂറത്തുകള്‍ ഓതി കേള്‍പ്പിക്കുന്നതും ഈ കൊച്ചുമിടുക്കരാണ്. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന നടത്തുന്ന വിശേഷാല്‍ പരിപാടികളിലും ഇവരുടെ സാന്നിദ്ധ്യം പരിപാടികളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മദ്‌റസ പഠനം ദിവസവും ആരംഭിക്കുന്നത് ഇവരുടെ ഖുര്‍ആന്‍ പാരാണം കേട്ടുകൊണ്ടാണ്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ പുത്രന്മാരാണ് യഥാക്രമം സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ദില്‍ദാര്‍ ശിഹാബ് തങ്ങള്‍ എന്നിവര്‍. സയ്യിദ് മിഖ്ദാദ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫക്‌റുദ്ദീന്‍ തങ്ങളുടെ മകനും മുഹമ്മദ് ശൗബല്‍ അയ്യായ മന്‍സൂര്‍ ദാരിമിയുടെ മകനുമാണ്. ഇവര്‍ക്കുള്ള സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അനുമോദന പത്രം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും വിതരണം ചെയ്യുകയുണ്ടായി.


- Samasthalayam Chelari

മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ടപ്രഹരം

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ബഹു. ലഖ്നോ സി.ബി.ഐ സ്പെഷ്യല്‍ കോടതി വിധി മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു. കൂടാതെ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.
- Samasthalayam Chelari

ബാബരി മസ്ജിദ്: കോടതി വിധി ദൗര്‍ഭാഗ്യകരം: SMF

ചേളാരി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബഹു. ലക്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നുമുള്ള നിരീക്ഷണം നടത്തി കുറ്റക്കാരെ വെറുതെ വിട്ടത് ഖേദകരമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും രാജ്യം ലോകത്തിന് മുമ്പില്‍ നാണംകെട്ടുവെന്നും മുന്‍ രാഷ്ട്രപതി അടക്കം പലരും അന്ന് പ്രതികരിച്ചത് പ്രസ്താവ്യമാണ്. കോടതി വിധി മതേതര ജനാധിപത്യ വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും യോഗം അഭിപ്രായപ്പെട്ടു.

പള്ളികള്‍ അടച്ചിടുന്നത് കാരണം യാത്രക്കാര്‍ക്ക് നിസ്‌കാരത്തിനും മറ്റും നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പള്ളികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യര്‍ത്ഥിച്ചു.

പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ത്വാഖാ അഹ്മദ് മൗലവി, പിണങ്ങോട് അബൂബക്കര്‍, എം.സി മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, പി.സി ഇബ്രാഹീം ഹാജി വയനാട്, എസ്. മുഹമ്മദ് ദാരിമി, ഹംസ ബിന്‍ ജമാല്‍ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, എം.എ ചേളാരി, കെ.എ റഹ്മാന്‍ ഫൈസി, കെ.എം കുട്ടി എടക്കുളം, ശറഫുദ്ദീന്‍ വെണ്‍മേനാട്, ഹംസ ഹാജി മൂന്നിയൂര്‍, കെ.കെ ഇബ്രാഹീം ഹാജി എറണാകുളം, അബ്ദുസ്സലാം ബക്കര്‍ ഹാജി പെരിങ്ങാല, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, ബദ്‌റുദ്ദീന്‍ അഞ്ചല്‍, ദമീം ജെ മുട്ടക്കാവ്, ഹനീഫ ഹാജി, അബ്ദുറസാഖ്, പി. മാമുക്കോയ ഹാജി, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

ബാബരി മസ്ജിദ്; കോടതി വിധി അപഹാസ്യം

റിയാദ്: ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധി അപഹാസ്യവും മതേതര ഇന്ത്യയുടെ അന്തസിന് നിരക്കാത്തതുമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. കോടതി വിധി ഇന്ത്യൻ മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്നും ഇന്ത്യൻ നീതി പീഠം പോലും സത്യങ്ങളെ കണ്ണടച്ച് കബളിപ്പിക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു. 28 വർഷത്തിന് ശേഷം, ഇപ്പോൾ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്ന് കാണിച്ചു പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നീതിയുടെ കണിക ജനാധിപത്യ ഇന്ത്യയിൽ നിന്നും എടുത്തു കളയപ്പെട്ടുവെന്ന തരത്തിലേക്ക് അധഃപതിച്ചുവെന്നും ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അളവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
- abdulsalam

ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സൗകര്യങ്ങൾ പരിഗണിക്കണം: SKSSF TREND

കേരള ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കുന്നതിനു വിദ്യാർത്ഥിസമൂഹത്തിന്റെ പഠനസൗകര്യം സർക്കാർ പരിഗണിക്കണമെന്ന് ട്രെന്റ്‌ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദൂരവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്നത്‌ കോഴിക്കോട്‌ സർവ്വകലാശാലയുടെ കീഴിൽ മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൾ നിന്നാണെന്ന വസ്തുത സർക്കാർ മറന്നുപോകരുത്‌. വിദൂരവിദ്യാഭ്യാസ പഠനവിഭാഗം കാലിക്ക റ്റിൽ നിർത്തലാക്കി ഓപൺ സർവ്വകലാശാലയിലേക്ക്‌ മാറുന്നതോടെ കാലിക്കറ്റ്‌ സർവ്വകലാശാല കാമ്പസിൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഭാഗമായ ബഹുനിലകെട്ടിടങ്ങൾ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങൾ ഉപയോഗശൂന്യമായിത്തീരും. ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനു വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ കൂടുതൽ വിദ്യാർത്ഥികൾക്ക്‌ സൗകര്യപ്രദമാകുന്ന തരത്തിൽ ഓപൺ സർവ്വകലാശാല കാലിക്കറ്റ്‌ സർവ്വകലാശാല കാമ്പസിൽ സ്ഥാപിക്കാനാകും. ഇക്കാര്യം സർക്കാർ മാസങ്ങൾക്ക്‌ മുമ്പ്‌ പഠിക്കുകയും പ്രസ്താവന നടത്തിയതുമാണ്‌. വിദ്യാഭ്യാസരംഗത്ത്‌ പ്രയാസങ്ങൾ സൃഷ്ടിക്കാതെ വിദ്യാർത്ഥിസമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത്‌ സർക്കാർ നിലകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ റഷീദ് കൊടിയൂറ, ഡോ, അബ്ദുൽ മജീദ് കൊടക്കാട്, ഡോ, അബ്ദുൽ ഖയ്യും, ശാഫി ആട്ടീരി, സിദ്ധീഖ് ചെമ്മാട്, സിദ്ധീഖുൽ അക്ബർ വാഫി, കെ. കെ മുനീർ വാണിമേൽ, അനസ് പൂക്കോട്ടൂർ, ജംഷീർ വാഫി കുടക്, ജിയാദ് എറണാകുളം, ഷമീർ തിരുവനന്തപുരം, ഹനീഫ് ഹുദവി ഖത്തർ, നാസർ മാസ്റ്റർ കൊല്ലം, അർഷദ് ബാഖവി കോട്ടയം, സൈനുദ്ധീൻ പാലക്കാട്‌, നസീർ സുൽത്താൻ ലക്ഷദ്വീപ്, സിദ്ധീഖ് മന്ന, മാലിക് ചെറുതിരുത്തി, നൗഫൽ വാകേരി, സാലിഹ് തൊടുപുഴ ഹമ്ദുല്ല തങ്ങൾ കാസറഗോഡ് പങ്കെടുത്തു
- SKSSF STATE COMMITTEE

റബീഉൽ അവ്വൽ കാംപയിൻ; സമസ്ത: പോഷക ഘടകങ്ങൾക്ക് പരിപാടികളുടെ സംഘാടന ചുമതല നൽകി

ചേളാരി: ‘തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഈ വർഷം ആചരിക്കുന്ന റബീഉൽ അവ്വൽ കാംപയിന് സമസ്ത കീഴ്ഘടകങ്ങൾക്ക് വിവിധ പരിപാടികളുടെ സംഘാടന ചുമതല നൽകി. കാംപയിന്റെ സംസ്ഥാന തല ഉൽഘാടനം 2020 ഒക്ടോബർ 17ന് പാണക്കാട് വെച്ച് നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും മാത്രമായിരിക്കും എല്ലാ പരിപാടികളും നടക്കുക.

മുന്നൊരുക്കം, വീട്ടകങ്ങളിൽ മൗലിദ് സദസ്സുകൾ, ഓൺലൈൻ പ്രഭാഷണങ്ങൾ, സെമിനാറുകൾ, പഠനസംഗമം, പള്ളികൾ കേന്ദ്രീകരിച്ച് മൗലിദ് സദസുകൾ, മദ്‌റസ തല നബിദിന പരിപാടികൾ, മദീന പാഷൻ, അയൽകൂട്ട മീലാദ് മത്സരം, വിദാഅ് പ്രഭാഷണം തുടങ്ങിയ പരിപാടികളാണ് പ്രധാനമായും നടക്കുക. പോഷക ഘടകങ്ങൾക്ക് അതത് പരിപാടികളുടെ സംഘാടന ചുമതല നൽകിയിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ പാലിച്ച് കാംപയിൻ പരിപാടികൾ വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവർ അഭ്യർത്ഥിച്ചു.
- Samasthalayam Chelari

പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ഇടപെടൽ മാതൃകാപരം: ഹൈദരലി തങ്ങൾ

മലപ്പുറം: പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടിയുള്ള എസ് കെ എസ് എസ് എഫിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനയുടെ ആതുരസേവന വിഭാഗമായ സഹചാരി ഫണ്ട് ശേഖരണത്തിൽ മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറക്ക് നേർദിശ കാണിക്കുന്നതും അവരെ സംസ്ക്കാര സമ്പന്നരാക്കുന്നതുമായ പ്രവർത്തനങ്ങളാണ് എസ് കെ എസ് എസ് എഫ് ഇതിനകം നിർവ്വഹിച്ചത്. ഇത്തരം മാതൃകാ പ്രവർത്തനങ്ങളാണ് സംഘടനക്ക് വൻ സ്വീകാര്യത ലഭിക്കാൻ കാരണമായതെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് മേൽമുറി, ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീൻ ദാരിമി പടന്ന സംബന്ധിച്ചു.

സഹചാരി റിലീഫ് സെല്ലിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ചത് കണ്ണൂർ ജില്ലയിലെ പൊയിലൂർ ശാഖയാണ്. ഫണ്ട് ശേഖരണം സമയബന്ധിതമായി പൂർത്തിയാക്കിയതിൽ ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച മലപ്പുറം ഈസ്റ്റ് (ജില്ല), പെരിന്തൽമണ്ണ (മേഖല), തിരൂർക്കാട് (ക്ലസ്റ്റർ) എന്നീ ഘടകങ്ങളാണ്. നിശ്ചിത കാലയളവിന് ശേഷം ഈ വർഷത്തെ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരണം നടത്തിയത് കോഴിക്കോട് (ജില്ലാ), കുറ്റ്യാടി (മേഖല), തൊട്ടിൽപ്പാലം (ക്ലസ്റ്റർ) എന്നിവയാണ്. വിവിധ ഘടകങ്ങളുടെ ഭാരവാഹികളാണ് ഉപഹാരങ്ങൾ ഏറ്റുവാങ്ങിയത്.


ഫോട്ടോ അടക്കിപ്പ്: എസ് കെ എസ് എസ് എഫ് ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക് കൂടുതൽ ഫണ്ട് ശേഖരിച്ച സംഘടനാ ഘടകങ്ങൾക്കുള്ള ഉപഹാരങ്ങൾ നൽകുന്ന പരിപാടി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഖുര്‍ആന്‍ ഉപയോഗിക്കരുത്: SKSSF

കോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിക്കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് യോജിക്കാത്ത അപശബ്ദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകള്‍ ബോധപൂര്‍വ്വം ഖുര്‍ആനില്‍ കേന്ദ്രീകരിക്കുകയാണ്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ അന്വേഷണങ്ങള്‍ കൃത്യമായി നടക്കട്ടെ. പക്ഷെ, വര്‍ഗീയ ശക്തികള്‍ക്ക് അവസരം സൃഷ്ടിക്കും വിധം വിഷയം വഴിതിരിച്ചുവിടാന്‍ ആരും ശ്രമിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. മത രാഷ്ടീയ ചിന്തകള്‍ക്കതീതമായി മലയാളി ഒരുമയോടെ നിലനിന്നതുകൊണ്ടാണ് കേരളീയ സമൂഹത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വേരൂന്നാന്‍ സാധിക്കാതെ പോയത്. അത് തകര്‍ക്കുന്ന സാഹചര്യം കേരളത്തെ അപകടത്തിലേക്കാണ് എത്തിക്കുക.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ഡോ. ജഅ്ഫര്‍ ഹുദവിക്ക് മലേഷ്യയില്‍ അസി. പ്രൊഫസറായി നിയമനം

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. ജഅ്ഫര്‍ ഹുദവി പുവ്വത്താണിക്ക് പ്രമുഖ രാജ്യാന്തര ഇസ്‌ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ (ഐ.ഐ.യു.എം)യില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം. ഐ.ഐ.യു.എമ്മിലെ കുല്ലിയ്യ ഓഫ് എജ്യുക്കേഷനിലാണ് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചത്.

ദാറുല്‍ഹുദാ ഖുർആൻ ഡിപ്പാർട്ട്മെന്റിൽ നിന്നു റാങ്കോടെ ഹുദവി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഐ.ഐ.യു.എം എജ്യൂക്കേഷന്‍ ഡിപാര്‍ട്ട്മെന്റില്‍ നിന്നു ബിരുദാനന്തര ബിരുദവും മലേഷ്യന്‍ ടെക്‌നോളജി സര്‍വകലാശാല (യു.ടി.എം)യില്‍ നിന്നു പി.എച്ച്.ഡിയും നേടി. ദാറുല്‍ഹുദാ യു.ജി സ്ഥാപനമായ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ നിന്നായിരുന്നു അദ്ദേഹം ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.

2014 ല്‍ ഐ.ഐ.യു.എമ്മിലെ മികച്ച വിദ്യാര്‍ത്ഥി പട്ടം ലഭിച്ചത് ജഅ്ഫര്‍ ഹുദവിക്കായിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പുവ്വത്താണി പറമ്പൂര്‍ യൂസുഫ്- ഫാത്വിമ സുഹ്റ ദമ്പതികളുടെ മകനാണ്. ദാറുല്‍ഹുദാ മാനേജ്‌മെന്റും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയും ജഅ്ഫര്‍ ഹുദവിയെ അനുമോദിച്ചു.
- Darul Huda Islamic University

2020ല്‍ സെലക്ഷന്‍ ലഭിച്ചവര്‍ക്ക് അടുത്ത വര്‍ഷം ഹജ്ജിന് അവസരം നല്‍കണം: SKIMVB

ചേളാരി: 2020ല്‍ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് അവസരം ലഭിക്കുകയും എന്നാല്‍ കോവിഡ്-19 വിലക്ക് കാരണം ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്ക് 2021ലെ ഹജ്ജിന് അവസരം നല്‍കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും, ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി സമസ്ത അംഗാകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10,275 ആയി. ശംസുല്‍ ഉലമാ മദ്റസ - നെത്തിലപ്പടവ് (ദക്ഷിണ കന്നഡ), എഡീറ അക്കാദമി മദ്റസ - ചിനക്കല്‍, മൂന്നിയൂര്‍, മദ്റസത്തുല്‍ ബാഫഖി - മാങ്ങോടമ്മല്‍, മൈത്ര (മലപ്പുറം), മദ്റസത്തു തഖ്വ - കല്ലടിക്കുന്ന് (പാലക്കാട്), മിസ്ബാഹുല്‍ ഹുദാ മദ്റസ - മുരിയങ്കര, പിണര്‍മുണ്ട (എറണാകുളം), ശംസുല്‍ ഉലമാ മെമ്മോറിയല്‍ മദ്റസ - ഹയ്യ് അന്നസീം (ജിദ്ദ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത ഓണ്‍ലൈന്‍ മദ്റസ ചാനല്‍ വഴി വെള്ളിയാഴ്ചകളില്‍ പൊതുജനങ്ങള്‍ക്ക് 'തിലാവ' ക്ലാസ് നടത്താനും തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം. മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ സമസ്ത ട്രഷറര്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായി ചേലക്കാട് എ മുഹമ്മദ് മുസ്ലിയാരും മുശാവറ മെമ്പറായി എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ കുമരനല്ലൂരും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ നിരവധി ശിഷ്യരുടെ ഗുരുവും വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയില്‍ 45 കൊല്ലം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യ ഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കുട്ടി മുസ്ലിയാര്‍ ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവര്‍ പ്രധാന ഗുരുക്കളാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്, ചേലക്കാട് എന്നിവിടങ്ങളിലും, 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 7 വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും, 6 വര്‍ഷം മടവൂര്‍ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്.

മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശിയാണ്. മണ്ണാരവളപ്പില്‍ കുഞ്ഞാലിയുടെയും ഉമ്മയ്യഉമ്മയുടെയും മകനായി 1945ലാണ് ജനനം. മാരായംകുന്ന്, കുമരനല്ലൂര്‍, കുളത്തോള്‍, വളവന്നൂര്‍, കാനാഞ്ചേരി, പടിഞ്ഞാറങ്ങാടി, ചെറുകുന്ന് എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നാണ് ബിരുദം നേടിയത്. ചൊവ്വലൂര്‍ ജുമുഅത്ത് പള്ളിയില്‍ 35 വര്‍ഷം മുദരിസായി സേവനം ചെയ്ത ശേഷം 2005 മുതല്‍ മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വ കോളേജിന്റെ പ്രിന്‍സിപ്പളായി സേവനം തുടരുന്നു. നിലവില്‍ സമസ്ത പൊന്നാനി താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവുമാണ്. വിവിധ മഹല്ലുകളിലെ ഖാസിയും കൂടിയാണ് ഇസ്മാഈല്‍ മുസ്ലിയാര്‍.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഒ മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, എ മരക്കാര്‍ മുസ്ലിയാര്‍, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, എം.എം അബ്ദുല്ല ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari

TREND ബേസിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

എസ് കെ എസ് എസ എഫ് ട്രന്റ് സംസ്ഥാന കമ്മറ്റി ട്രന്റ് റിസോഴ്‌സ് ബാങ്കിന് കീഴിൽ നടത്തുന്ന ട്രെന്റ് ബേസിക് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 13 മുതൽ 22 വരെ ഓൺലൈനിലാണ് കോഴ്സ്. www.trendinfo.in എന്ന വെബ് സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 11.09.2020 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി. വിശദവിവരങ്ങൾക്ക്: 9061808111
- SKSSF STATE COMMITTEE

നിര്‍ദ്ദിഷ്ഠ ഓപ്പണ്‍ സര്‍വ്വകലാശാല മലബാറില്‍ സ്ഥാപിക്കണം: SKSSF TREND

കേരള ഗവണ്മെന്റ് പരിഗണനയിലുള്ള നിര്‍ദ്ധി ഷ്ഠ സര്‍വ്വകലാശാല ആസ്ഥാനം മലബാറില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ് കെ എസ് എസ് എഫ് ട്രന്റ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. മലബാറിലെ റഗുലര്‍ പഠനത്തിനുള്ള അവസരങ്ങള്‍ ആനുപാതികമായി വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന് വേണ്ടി വിദൂര വിദ്യാഭ്യാസ സംവിധാനങ്ങളെ ആശ്രയിക്കുന്നതും മലബാറിലാണ്. സര്‍ക്കാര്‍ ഇത് മുഖവിലക്കെടുക്കണം. രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദൂരപഠനത്തിന് വേണ്ടി ആശ്രയിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ റഷീദ് കൊടിയൂറ അധ്യക്ഷത വഹിച്ചു. ഡോ. എം അബ്ദുള്‍ ഖയ്യൂം, ഷാഫി മാസ്റ്റര്‍ ആട്ടീരി, കെ. കെ മുനീര്‍ വാണിമേല്‍, ജിയാദ് എറണാംകുളം, മാലിക് ചെറുതിരുത്തി, സിദ്ധീഖുല്‍ അക്ബര്‍ വാഫി, ജംഷീര്‍ വാഫി കുടക്, അനസ് മാസ്റ്റര്‍ പൂക്കോട്ടൂര്‍, സൈനുദ്ധീന്‍ പാലക്കാട്, ഹനീഫ് ഹുദവി ഖത്തര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

ഓണ്‍ലൈന്‍ പഠനത്തിന് സമസ്തയുടെ മറ്റൊരു ചരിത്രം; ആംഗ്യ ഭാഷയില്‍ സമസ്ത ഓണ്‍ലൈന്‍ മ്‌റസ പഠനം ഇന്ന് (05-09-2020) മുതല്‍

ചേളാരി: സംസാരവും കേള്‍വിയും ഇല്ലാത്തവര്‍ക്ക് ആംഗ്യഭാഷയിലുള്ള സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ഇന്ന് (സെപ്തംബര്‍ 5) മുതല്‍ സംപ്രേഷണം ചെയ്യും. സംസ്ഥാനത്ത് ഇതാദ്യമായാണ് ആംഗ്യ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്‌റസ പഠനം ഏര്‍പ്പെടുത്തുന്നത്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 1,46,712 ബധിരരുണ്ടെന്നാണ് കണക്ക്. കോവിഡ്-19 പശ്ചാത്തലത്തില്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നപോലെ 2020 മാര്‍ച്ച് മാസം മുതല്‍ അന്ധ-ബധിര വിദ്യാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. സകൂള്‍-മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിലൂടെ പഠനാവസരം ലഭിച്ചിരുന്നെങ്കിലും ഈ വിഭാഗത്തിന് അവസരം ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇവര്‍ക്ക് ആശ്വാസമായി എത്തിയത്. ഇന്നു മുതല്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന്റെ ഭാഗമായി ആംഗ്യഭാഷയിലുള്ള ക്ലാസുകളും സംപ്രേഷണം ചെയ്യും. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന യൂട്യൂബിലും മൊബൈല്‍ ആപ്പിലും ഫെയ്‌സ് ബുക്കിലും ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. 2020 ജൂണ്‍ ഒന്നു മുതല്‍ തുടങ്ങിയ സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഇതിനകം 15 കോടിയോളം പഠിതാക്കള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് ഓദ്യോഗിക കണക്ക്. ഓണ്‍ലൈന്‍ പഠന രംഗത്ത് ചരിത്രം സൃഷ്ടിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയതിലൂടെ മറ്റൊരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് കൂടി പഠനം സാധ്യമാവുന്ന വിധം ശബ്ദം നല്‍കിയാണ് ആംഗ്യ ഭാഷാ ക്ലാസുകള്‍ സംവിധാനിച്ചിട്ടുള്ളത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ചേളാരി സമസ്താലയത്തില്‍ സ്ഥാപിച്ച സ്റ്റുഡിയോവില്‍ വെച്ചാണ് ക്ലാസുകള്‍ റിക്കാര്‍ഡ് ചെയ്യുന്നത്. ആംഗ്യ ഭാഷയിലെ ഓണ്‍ ലൈന്‍ പഠന ക്ലാസുകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു.
- Samasthalayam Chelari

ട്രന്റ് പരിശീലകരുടെ മൊബൈൽ ആപ് ലോഞ്ച് ചെയ്തു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് ട്രന്റ് സംസ്ഥാന സമിതിയുടെ ഉപവിഭാഗമായ ട്രന്റ് റിസോഴ്സ് ബാങ്ക് പരിശീലകരുടെയും സംഘടനയുടെയും വിശദവിവരങ്ങൾ അടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട് ലോഞ്ച് ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിലെ മാറ്റങ്ങൾ വിദ്യാർഥികളിലും പൊതുജനങ്ങളിലുമെത്തിക്കാൻ ട്രെൻഡ് പരിശീലകർ തയ്യാറാകണമെന്ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.

പരിശീലകരുടെ വിവരണങ്ങളടങ്ങിയ ബ്രോഷർ പ്രകാശനം എസ് കെ.എസ്.എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജനാബ് സത്താർ പന്തല്ലൂർ നിർവ്വഹിച്ചു. ട്രെൻഡ് സംസ്ഥാന ചെയർമാൻ റഷീദ് കോടിയൂറ അദ്ധ്യക്ഷം വഹിച്ചു. ഡോ. എം അബ്ദുൽ ഖയ്യൂം ആമുഖ ഭാഷണം നടത്തി. ഷാഹുൽ ഹമീദ് മേൽമുറി, എസ്. വി. മുഹമ്മദലി, അലി കെ വയനാട്, റഹീം ചുഴലി, ഡോ. മജീദ് കൊടക്കാട്, ഷംസുദ്ദീൻ ഒഴുകൂർ, റഷീദ് കമ്പളക്കാട്, റിയാസ് നരിക്കുനി, നൗഫൽ വാകേരി, ഷംസാദ് സലിം പൂവത്താണി, എസ് കെ ബഷീർ, വഹാബ് പടിഞ്ഞാറ്റുമുറി, റഫീഖ് പുത്തനത്താണി തുടങ്ങിയവർ സംസാരിച്ചു. ട്രെൻഡ് കൺവീനർ ഷാഫി ആട്ടീരി സ്വാഗതവും ടി.ആർ.ബി. കോ ഓർഡിനേറ്റർ ജിയാദ് കെ.എം. നന്ദിയും പറഞ്ഞു. നേരത്തെ മാന്വൽ പ്രകാരം പരിശീലനം ലഭിച്ച നൂറ്റി അമ്പതോളം വരുന്ന പരിശീലകരുടെ കോൺവൊക്കേഷൻ ഫെബ്രുവരിയിൽ നടന്നിരുന്നു. ഇവരുടെ വിവരങ്ങളും ട്രെൻഡ് പദ്ധതികളും ഉൾക്കൊള്ളിച്ചുള്ള മൊബൈൽ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
- SKSSF STATE COMMITTEE

സുപ്രഭാതം ക്യാമ്പയിന്‍ വിജയിപ്പിക്കുക: SMF

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖപത്രമായ സുപ്രഭാത്തിന്റെ ഏഴാം വാര്‍ഷിക ക്യാമ്പയിന്‍ നടന്നുവരികയാണ്. കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ക്യാമ്പയിന്‍ വിജയിപ്പിക്കുവാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ല / പഞ്ചായത്ത് / മേഖല കമ്മിറ്റികളും മഹല്ല് ജമാഅത്ത് കമ്മിറ്റികളും സജീവമായി രംഗത്തിറങ്ങണം. ആശയ സംരക്ഷണം, ഇന്ത്യന്‍ ഭരണഘടനയുടെ പരിരക്ഷ തുടങ്ങിയ നിരവധി കാലിക വിഷയങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സുപ്രഭാതത്തിന്റെ പേജുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ധാരാളം വായനക്കാരെയും വരിക്കാരെയും കണ്ടെത്തി വിജയിപ്പിക്കാന്‍ ആവശ്യമായ പരിപാടികള്‍ നടപ്പില്‍ വരുത്തുവാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനിച്ചു. എസ്. എം. എഫ് സംസ്ഥാന സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി. ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, പ്രൊഫ. തോന്നക്കല്‍ ജമാല്‍, കോ-ഓര്‍ഡിനേറ്റര്‍ എ. കെ ആലിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION

ജീവിതത്തിന് വഴി കാണിക്കേണ്ടവര്‍ മരണത്തിലേക്ക് നയിക്കരുത് SKSSF

കോഴിക്കോട്: വളര്‍ന്ന് വരുന്ന ചെറുപ്പക്കാര്‍ക്ക് ജീവിത വഴികള്‍ തുറന്ന് കൊടുക്കേണ്ടവര്‍ മരണത്തിന്റെ വഴികള്‍ മരണത്തിന്റെ ദിശ തിരിച്ചു കൊടുക്കുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പി. എസ്. സി യുടെ നിരുത്തരവാദ സമീപനത്തിന്റെ പേരില്‍ കേരളത്തിലെ ചെറുപ്പക്കാര്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നത് പ്രബുദ്ധ കേരളത്തിന്റെ ചിന്താവിഷയമാവേണ്ടതാണ്. നിക്ഷിപ്ത രാഷ്ട്രിയ താത്പര്യത്തിന് വേണ്ടി ചെറുപ്പക്കാരെ കുരുതി കൊടുക്കുന്നതും പ്രതിഷേധാര്‍ഹമാണ്. വിദ്യാഭ്യാസവും തൊഴിലും നല്‍കി പുതുതലമുറയെ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയക്ക് പ്രാപ്തമാക്കാന്‍ മത ജാതി രാഷ്ട്രിയ വ്യത്യാസങ്ങള്‍ക്കതീതമായി പരിശ്രമിക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF മഹാസിൻ അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ: തൃശൂർ ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നത നേതാക്കളായിരുന്ന മർഹും എസ് എം കെ തങ്ങൾ, ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ, എം. എം മുഹ്യദ്ധീൻ മൗലവി എന്നിവരുടെ പേരിൽ എസ് കെ എസ് എസ് എഫ് തൃശൂർ ജില്ല കമ്മിറ്റി നൽകുന്ന അവാർഡുകൾ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. ഉമറാ രംഗത്തെ മികച്ച സേവനത്തിനുള്ള എസ് എം കെ തങ്ങൾ സ്മാരക "കർമ്മ ശ്രേഷ്ഠ" അവാർഡ്, വിദ്യഭ്യാസ രംഗത്തുള്ള സമഗ്ര സംഭാവനക്കുള്ള ചെറുവാളൂർ ഉസ്താദ് സ്മാരക "വിദ്യാ പീഠം" അവാർഡ്, മികച്ച സംഘാടകനുള്ള എം എം ഉസ്താദ് സ്മാരക "സേവനരത്ന" അവർഡ് എന്നിവയിലേക്ക് ടി. എസ് മമ്മി സാഹിബ്‌ ദേശമംഗലം, ഡോ. സുബൈർ ഹുദവി ചേകന്നൂർ, ഹുസൈൻ ദാരിമി അകലാട് എന്നിവർ യഥാക്രമം തെരെഞ്ഞെടുക്കപ്പെട്ടു.

49 വർഷത്തെ പ്രദേശിക മഹല്ല് നേത്യത്വവും, സമസ്ത പോഷക ഘടങ്ങളുടെ രൂപീകരണങ്ങളിലും അതിന്റെ പ്രവർത്തനങ്ങളിലും നേതൃപരമായ പ്രവർത്തനങ്ങളുടെ നീണ്ട വർഷങ്ങളുടെ സേവനമാണ് മമ്മി സാഹിബിന് ഉള്ളത്. നിലവിൽ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മദ്രസ മാനേജ്‌മന്റ് അസോസിയേഷൻ സംസ്ഥാന കൗൺസിലർ ആയും സേവനം ചെയ്യുന്നു.

ബീഹാറിലെ കിഷൻകഞ്ച് ആസ്ഥാനമാക്കി ഹാദിയ നടപ്പിലാക്കുന്ന വിദ്യഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളിലെ സേവനങ്ങൾക്കാണ് ഡോ: സുബൈർ ഹുദവി അർഹനായത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സിഎച്ച് ചെയർ മേധാവിയായും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി രജിസ്ട്രാർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എസ് കെ എസ് എസ് എഫിന്റെ പ്രവർത്തമേഖലയിലെ കഴിഞ്ഞ പത്ത് വർഷത്തെ സേവനങ്ങളാണ് ഹുസൈൻ ദാരിമിയെ അവാർഡിന് അർഹനാക്കിത്. ഗൾഫ് സത്യധാര തുടങ്ങുന്നതിൽ ശ്രദ്ദേയമായ പ്രവർത്തങ്ങൾ കാഴ്ച്ചവെച്ച ഹുസൈൻ ദാരിമി എസ് കെ എസ് എസ് എഫ് യു എ ഇ നാഷ്ണൽ കമ്മിറ്റി സെക്രട്ടറിയായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ദുബൈ സുന്നി സെന്റര് സെക്രട്ടറി ഗൾഫ് സത്യധാര മാനേജിംഗ് കമ്മിറ്റി അംഗം, ബർദുബൈ സുന്നി സെന്റര് മദ്രസ പപ്രസിഡന്റ് ആയും പ്രവൃത്തിയ്ക്കുന്നു.

ജില്ല കമ്മിറ്റി നൽകുന്ന അവാർഡിന് യോഗ്യരായ ആളുകളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ദേശമംഗലം, ഷെഹീർദേശമംഗലം, അഡ്വ: ഹാഫിസ് അബൂബക്കർ സിദ്ദീഖ്, മഹറൂഫ് വാഫി എന്നിവർ അംഗങ്ങളായ ഏഴ് അംഗങ്ങളുള്ള ജൂറി സമിതിയാണ് തെരെഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും മൊമന്റോയും അടങ്ങുന്ന അവാർഡ് വിപുലമായ പരിപാടിയിൽ വെച്ച് നൽകുന്നതാണെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
- SKSSF Thrissur

സമസ്ത ഓണ്‍ലൈന്‍ മദ്റസ; ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യ ഭാഷയില്‍ ക്ലാസ്

ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ ചാനല്‍ വഴി ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയില്‍ ക്ലാസ് തുടങ്ങുന്നു. കോവിഡ് 19 പശ്ചാത്തലത്തില്‍ അന്ധ-ബധിര-മൂക വിദ്യാലയങ്ങള്‍ തുറുന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം സാദ്ധ്യമാവാത്തതിനാലാണ് ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് സമസ്ത ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറ് കണക്കിന് ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വഴി മദ്റസ പഠനം സാദ്ധ്യമാകും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തുന്നത്. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് ആംഗ്യഭാഷയിലുള്ള ഓണ്‍ലൈന്‍ മദ്റസ ക്ലാസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കഴിവുകള്‍ നല്‍കിയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത്. ആകൃതിയിലും സ്വഭാവങ്ങളിലുമുള്ള വൈജാത്യം കാണാം. പഠന രീതിയും വ്യത്യസ്തമാണ്. ബധിര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തിയ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ തങ്ങള്‍ പറഞ്ഞു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍, എം.എ ചേളാരി, കബീര്‍ ഫൈസി ചെമ്മാട് സംബന്ധിച്ചു. മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും വി. മുഹമ്മദുണ്ണി കാരച്ചാല്‍ നന്ദിയും പറഞ്ഞു. വളാഞ്ചേരി മര്‍ക്കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഫസലുറഹ്മാന്‍ അല്‍ഖാസിമി പൊന്നാനിയാണ് ആംഗ്യഭാഷയില്‍ ക്ലാസെടുക്കുന്നത്.

സെപ്തംബര്‍ 5 മുതല്‍ രാവിലെ 9 മണിക്ക് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബിലും, മൊബൈല്‍ ആപ്പിലും, ഫെയ്സ് ബുക്കിലും, ദര്‍ശന ടി.വിയിലും ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഓണ്‍ലൈന്‍ മദ്റസ പഠനത്തില്‍ ചരിത്ര നേട്ടം കൈവരിച്ച സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആംഗ്യഭാഷയില്‍ ഓണ്‍ലൈന്‍ മദ്റസ പഠനം ഏര്‍പ്പെടുത്തിയത് വഴി മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിക്കുകയാണ്.
- Samasthalayam Chelari

ഭാഷാ പഠനത്തോടുള്ള വിവേചനം അവസാനിപ്പിക്കണം: SKSSF

കോഴിക്കോട്: സംസ്ഥാനത്ത് ഒന്ന് മുതല്‍ പ്ലസ്ടു വരെയുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അറബി, ഉറുദു തുടങ്ങിയ ഭാഷകളാടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജൂണ്‍ ഒന്നിന് ആരംഭിച്ചിട്ട് ഇതുവരെ അറബിയുടെ ഒരു ക്ലാസ്സു പോലും നടക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. ഇതുവരെയായി അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളില്‍ യഥാക്രമം 3, 3, 4, 2 ക്ലാസ്സുകള്‍ മാത്രമാണ് നടന്നത്. മറ്റു ക്ലാസ്സുകളില്‍ ഒന്നു പോലും നടന്നിട്ടില്ല. ഉറുദു ക്ലാസ്സുകളും ചില ക്ലാസ്സുകളില്‍ ഇതുവരെ ഒന്നുപോലും നടന്നിട്ടില്ല. എന്നാല്‍ ആനുപാതികമായി ഭാഷാ പഠനത്തിന്റെ പകുതി മാത്രം ക്ലാസ്സുകള്‍ വേണ്ട മറ്റു വിഷയങ്ങള്‍ കൂടുതലായി പഠിപ്പിക്കുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ അറബി ഭാഷയെ പൂര്‍ണ്ണമായി ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ അതിന് പശ്ചാത്തലമൊരുക്കുന്ന രീതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

മതവും മതേതരത്വവും തിരിച്ചറിയണം: റശീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: വിശ്വാസികള്‍ മതവും മതേരത്വും തിരിച്ചറിഞ്ഞു വേണം ഇടപെടലുകള്‍ നടത്തേണ്ടതെന്ന് കേരള വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര രാജ്യത്ത് മതമൂല്യങ്ങള്‍ മുറുകെപിടിച്ചു എങ്ങനെ ജീവിക്കണമെന്ന് നമ്മെ പഠിപ്പിച്ചത് മമ്പുറം തങ്ങളാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദശമാണ് കേരളീയ മുസ്‌ലിംകളുടെ ഔന്നത്യത്തിനു ഹേതുകമായത്. മതമൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുന്നതിനോടൊപ്പം മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതിനു മമ്പുറം തങ്ങളെയാണ് നാം പാഠമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. എം.കെ ജാബിറലി ഹുദവി സ്വാഗതം പറഞ്ഞു.

ഇന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.

നേര്‍ച്ച പണവും മറ്റു സംഭാവാനകളും ഓണ്‍ലൈന്‍ വഴി സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍ മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. നേര്‍ച്ച വസ്തുക്കള്‍ ദാറുല്‍ഹുദാ ഓഫീസില്‍ ഏല്‍പിക്കാനുള്ള സൗകര്യവും സ്ജ്ജീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Mamburam Andunercha

ഓണ്‍ലൈന്‍ ക്ലാസ്; ഭാഷാ പഠനം ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ പഠന ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനുവേണ്ടി ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
- Samasthalayam Chelari

വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം; സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവ് പ്രകാരം കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ 100 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അവസരം ഉണ്ടായിരിക്കെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി കോഴിക്കോട് ജില്ലയില്‍ ജുമുഅ:ക്ക് 40 പേരെ പരിമിതിപ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

04-06-2020 ന് കേന്ദ്രസര്‍ക്കാറും 05-06-2020 ന് സംസ്ഥാന സര്‍ക്കാറും ഇറക്കിയ ഉത്തരവ് പ്രകാരം ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് കോവിഡ്-19 നിബന്ധനകള്‍ പാലിച്ച് പരമാവധി 100 പേര്‍ക്ക് അവസരം അനുവദിച്ചിട്ടുണ്ട്. ഈ ഉത്തരവിന് വിരുദ്ധമായി കോഴിക്കോട് ജില്ലാ കലക്ടര്‍ 20-08-2020ന് ഇറക്കിയ DC KKD/4545/F4 ഉത്തരവില്‍ കോഴിക്കോട് ജില്ലയില്‍ 40 പേരെ പരിമിതപ്പെടുത്തിയത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലെന്നപോലെ വെള്ളിയാഴ്ച ജുമുഅ:ക്ക് കോഴിക്കോട് ജില്ലയിലും 100 പേര്‍ക്ക് അവസരം ഉണ്ടാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari

മത രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളെ മാതൃകയാക്കണം: ബശീറലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: പുതിയ കാലത്തെ മത രാഷ്ട്രീയ നേതാക്കള്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന മതപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ആത്മീയ നേതാവായി അറിയപ്പെട്ട മമ്പുറം തങ്ങള്‍ മലബാറിലെ മുസ്‌ലിംകള്‍ക്കു വേണ്ടി മാത്രം നിലകൊണ്ടില്ല. എല്ലാ മതസ്ഥരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മമ്പുറം തങ്ങളുടെ ജീവതവും സന്ദേശവും രാജ്യവ്യാപകമാക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സംരംഭങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതം പറഞ്ഞു.

ഇന്നലെ ഉച്ചക്ക് ളുഹ്ര്‍ നമസ്‌കാരാനന്തരം നടന്ന മൗലിദ് സദസ്സിന് മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹിജ്‌റയുടെ പൊരുള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.

26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
- Mamburam Andunercha

മമ്പുറം ആണ്ടുനേർച്ച; നേർച്ചകൾ സ്വീകരിക്കാൻ സംവിധാനം

തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ ആണ്ടുനേർച്ചയുടെ ഭാഗമായി നേർച്ചകൾ സ്വീകരിക്കാൻ വിശ്വാസികളുടെ അഭ്യർ ത്ഥന മാനിച്ച് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. നേർച്ചകൾ അയയ്ക്കാൻ ഗൂഗിൾ പേ, ബാങ്ക് അക്കൗണ്ട് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മമ്പുറം മഖാം നടത്തിപ്പിന് നേതൃത്വം നൽകുന്ന ദാറുൽ ഹുദാ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

നേർച്ചകൾ അയക്കേണ്ട വിധം: ഗൂഗിൾ പേ (+91 9996 313 786), കനറാ ബാങ്ക് തിരൂരങ്ങാടി ശാഖ അക്കൗണ്ട് നമ്പർ: 0825201000445, ഐഎഫ്എസ് സി: CNRB0000825). വിവരങ്ങൾക്ക്: +91 9656 310 300, 9996 313 786 (മഖാം), 0494 2463 155, 2464 502 ( ദാറുൽഹുദാ)
- Mamburam Andunercha

വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: സമസ്ത

ചേളാരി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ല്‍ നിന്ന് 21 വയസ്സാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ച വിവരം പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സാമൂഹികവും സാംസ്‌കാരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കിടയാവുമെന്ന് യോഗം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

2020 ജൂലായ് 29ന് കേന്ദ്രമന്ത്രി സഭ പാസാക്കിയ ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ അകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്മേല്‍ നേരത്തെ വിവിധ മേഖലയില്‍പെട്ടവര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അവയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെയാണ് കേന്ദ്രമന്ത്രിസഭ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസി-2020 അംഗീകരിച്ചത്. ജനാധിപത്യ-മതേതര മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും രാജ്യ പുരോഗതിയും ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം നിരാകരിക്കുന്നതാണ് പുതിയനയം.

ഐക്യരാഷ്ട്രസഭ അംഗീകരിച്ചതും അനന്തമായ തൊഴില്‍ സാദ്ധ്യതയുള്ളതും ഇന്ത്യയുടെ സമ്പദ്ഘടനയില്‍ മുഖ്യപങ്ക് വഹിക്കുന്നതുമായ അറബിഭാഷയെ പുതിയ വിദ്യാഭ്യാസ നയത്തില്‍ പരാമര്‍ശിക്കുന്നേയില്ല. പുതിയ തലമുറക്ക് അനുയോജ്യമായ വിദ്യാഭ്യാസ രീതി ആവിഷ്‌കരിക്കുന്നതിന് പകരം കേവലം മിത്തുകളും സങ്കല്‍പങ്ങളും സന്നിവേഷിപ്പിക്കാനുള്ള ആസൂത്രിത നീക്കമായി വേണം കരുതാന്‍.

അടിസ്ഥാന വിഭാഗത്തിന്റെയും ന്യൂനപക്ഷ-പിന്നാക്ക ജനവിഭാഗങ്ങളുടെയും വിദ്യാഭ്യാസ ഉന്നതിക്കായി ഏര്‍പ്പെടുത്തിയ സംവരണം അട്ടിമറിച്ച് മെറിറ്റ് മാത്രം ആധാരമാക്കുന്നത് വിദ്യാഭ്യാസം വരേണ്യവല്‍ക്കരിക്കാനും കമ്പോള വല്‍കരിക്കാനും കാരണമാവും. രാജ്യത്ത് നിലനിന്നുവരുന്ന വിവിധ മത വിദ്യാഭ്യാസ സംവിധാനത്തെ പുതിയ നയത്തില്‍ പരാമര്‍ശിക്കാത്തതും ഖേദകരമാണ്. പുതിയ വിദ്യാഭ്യാസ നയം കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കി ആശങ്കകള്‍ ദൂരീകരിച്ച് മാത്രമെ നടപ്പാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ വിക്‌ടേര്‍സ് ചാനല്‍ വഴി നടത്തുന്ന ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ സ്‌കൂള്‍ പഠന ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 10269 ആയി. ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ പല്ലേടപടപ്പ്, മഞ്ചേശ്വരം (കാസര്‍ഗോഡ്), എം.ഐ.സി മദ്‌റസ കൊണ്ടിപറമ്പ്, പള്ളിപ്പടി (മലപ്പുറം), നുസ്‌റത്തുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ പാലിശ്ശേരി (തൃശ്ശൂര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മായില്‍കുഞ്ഞു ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

മലബാറിന് രാജ്യസ്‌നേഹം പഠിപ്പിച്ചത് മമ്പുറം തങ്ങള്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ബ്രിട്ടീഷ് അധിനവേശത്തിനെതിരെ ശക്തമായി രംഗത്തിറങ്ങാന്‍ ജാതി മത കക്ഷി ഭേദമന്യെ സര്‍വരെയും സജ്ജമാക്കിയ മമ്പുറം തങ്ങളാണ് മലബാര്‍ ജനതക്ക് രാജ്യസ്‌നേഹം പഠിപ്പിച്ചതെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. 182-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാക്കളുടെ ജീവിതം ലോക ചരിത്രമായതു പോലെ മമ്പുറം തങ്ങളുടെ ജീവിതമാണ് മലബാറിന്റെ ചരിത്രമായി മാറിയത്. മതങ്ങള്‍ക്കതീതമായി നിലപാടുകള്‍ പറഞ്ഞ മമ്പുറം തങ്ങള്‍ ഇതര മതസ്ഥരെ കൂടി ചേര്‍ത്തുപിടിച്ചു. രാജ്യത്തിന്റെ അസ്ഥിത്വം ഭീഷണിയിലായ പുതിയ സാഹചര്യത്തില്‍, നമ്മുടെ പാരമ്പര്യവും മത സൗഹാര്‍ദ്ദ മാതൃകയും വീണ്ടെടുക്കാന്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി മേല്‍മുറി സ്വാഗതം പറഞ്ഞു. ഇന്ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. നാളെ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. 25 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.

26-ന് ബുധനാഴ്ച രാത്രി നടക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

27-ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ അന്നദാനം നടത്തുന്നില്ല. മഖാമിലേക്കുള്ള നേര്‍ച്ചകളും സംഭാവനകളും സ്വീകരിക്കാന്‍ ദാറുല്‍ഹുദായില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Mamburam Andunercha

പ്രവാസികളെ കുരുതി കൊടുക്കരുത്: SKSSF തൃശ്ശൂർ

തൃശ്ശൂർ: കോവിഡ് 19 മഹാമാരിയിൽ അകപ്പെട്ടു ജോലി നഷ്ടപ്പെട്ടവരും വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി ക്കിടക്കുന്നവരുമായ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നക്കൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ പലരുടെയും സഹായത്താലും ത്യാഗം ചെയ്തും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിൽ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് തിരുത്തണമെന്നും ആവശ്യപെട്ട്കൊണ്ട് എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി. സമസ്ത തൃശ്ശൂർ ജില്ല വർക്കിങ്ങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം ധർണ ഉദ്ഘാടനം ചെയ്തു.

വിദേശത്തുള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച നോർക്ക നിർണായക ഘട്ടത്തിൽ പോലും ഇടപെടുന്നില്ല. ഗൾഫ് നാടുകളിൽ കോവിഡിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടും ഇവരെ തിരിച്ചെത്തിക്കാൻ ഒരൊറ്റ വിമാനം പോലും നോർക്കയുടെ നേതൃത്വത്തിൽ ചാർട്ട് ചെയ്തിട്ടില്ലാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഇതിന് പരിഹാരമായി ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും നോർക്കയോ ലോക കേരളസഭയോ സംസ്ഥാന സർക്കാറോ ഇടപെട്ട് ഒരൊറ്റ വിമാനം പോലും ചാർട്ട് ചെയ്തിട്ടില്ല. ഈ ഘട്ടത്തിൽ വിവിധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ചാർട്ടേഡ് സർവിസ് നടത്തിയത്. നോർക്ക മുൻകയ്യെടുത്ത് വിവിധ സംഘടനകളെ ഉൾപ്പെടുത്തി പൊതുവേദി രൂപവത്കരിച്ച് വിമാനങ്ങൾ ചാർട്ട് ചെയ്യാനുള്ള ലളിതമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രയാസം അനുഭവിക്കുന്ന കൂടുതൽ പേർക്ക് നാട്ടിലെത്താൻ സാധിക്കുമായിരുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു.

എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഷഹീർ ദേശമംഗലം മുഖ്യപ്രഷണം നടത്തി. എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് അവർക്ക് നാട്ടലെത്താനുള്ള വിമാന ടിക്കറ്റും കോവിഡ് ടെസ്റ്റും സൗജന്യ ക്വാറൻ്റയിനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാംസ്കാരിക മുന്നേറ്റത്തിന് കൂട്ടായ ശ്രമങ്ങൾ അനിവാര്യം: യു.എ.ഖാദർ

മനീഷ ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട്: മനുഷ്യർക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിന് കൂട്ടായ സാംസ്കാരിക മുന്നേറ്റങ്ങൾ അനിവാര്യമാണെന്ന് സാഹിത്യകാരൻ യു.എ ഖാദർ. എസ്.കെ.എസ്.എസ്.എഫ് സാംസ്കാരിക വേദിയായ മനീഷയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സെക്രട്ടറി ഇൻചാർജ് ഒ.പി.എം അഷറഫ്, റഷീദ് ഫൈസി വെള്ളായിക്കോട്, ടി.പി.സുബൈർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. 'ഇടംനേടുകയല്ല, ഇടപെടുകയാണ്.' എന്നതാണ് സാംസ്കാരിക രംഗത്ത് ഇടപെടുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മനീഷയുടെ സിദ്ധാന്തവാക്യം. ഇതുമായി ബന്ധപ്പട്ട് നടന്ന ഓൺലൈൻ യോഗത്തിൽ ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷനായി. കൺവീനർ അലി വാണിമേൽ, മോയിൻ ഹുദവി മലയമ്മ, ശുഹൈബുൽ ഹൈതമി, ജൗഹർ കാവനൂർ, ഇസ്സുദ്ദീൻ പെരുവാഞ്ചേരി, ടി.ബി റഫീഖ് വാഫി, റഷീദ് അസ്‌ലമി പാനൂർ, മൊയ്തു ചെർക്കള, അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര, ആദിൽ ആറാട്ടുപുഴ, ഉനൈസ് വളാഞ്ചേരി, ജാബിർ മന്നാനി തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ; രണ്ടാം ഘട്ട ക്ലാസുകള്‍ 24 മുതല്‍

ചേളാരി: കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2020 ജൂണ്‍ 1 (1441 ശവ്വാല്‍ 9) മുതല്‍ തുങ്ങിയ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളുടെ ഒന്നാം ഘട്ടം ഇന്നലയോടെ (22-06-2020) പൂര്‍ത്തിയായി. ഇന്നലത്തെത് (23-06-2020) ഒന്നാം ഘട്ട ക്ലാസുകളുടെ റിവിഷനും അവലോകനുമാണ്. നാളെ(24-06-2020) മുതല്‍ രണ്ടാം ഘട്ട ക്ലാസുകള്‍ തുടങ്ങും. അവതരണ രീതിയിലും സാങ്കേതിക വിദ്യയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാം ഘട്ട ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ളവര്‍ക്ക് പുറമെ പുതുതായി ഉള്‍പ്പെടുത്തിയ അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ 36 അംഗ വിദഗ്ദ സംഘമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രണ്ടാം ഘട്ട ക്ലാസുകള്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എസ്.വി മുഹമ്മദലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കോ-ഓര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി ചെമ്മാട് സ്വാഗതവും, മുസ്തഫ ഹുദവി കൊടുവള്ളി നന്ദിയും പറഞ്ഞു.

സമസ്ത ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ്, വെബ്‌സൈറ്റ്, ആപ് എന്നിവ വഴിയും ദര്‍ശന ചാനല്‍ വഴിയുമാണ് ക്ലാസുകള്‍ ലഭ്യമാവുന്നത്. വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ് സമയം. ദര്‍ശന ടി.വിയില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ദിവസവും രാവിലെ 7.00 മണി മുതല്‍ 11.15 വരെയാണ് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, അമേരിക്ക, ഇംഗ്ലണ്ട്, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ജര്‍മനി, ഇന്തോനേഷ്യ, മാലിദ്വീപ്, കാനഡ, നെതര്‍ലാന്റ്, ആസ്‌ത്രേലിയ, പാക്കിസ്ഥാന്‍, ഇറ്റലി, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, ബെല്‍ജിയം, ഉക്രൈന്‍, പോര്‍ച്ചുഗല്‍, ഈജിപ്ത്, ജപ്പാന്‍, ന്യൂസിലാന്റ്, ബ്രൂണൈ, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ബ്രസീല്‍, പെസ്‌നി, സ്‌പെയിന്‍, മൊസാമ്പിക്, സൗത്ത് ആഫ്രിക്ക, ഹങ്കറി, ലക്‌സംബര്‍ഗ്, റൊമാനിയ, താല്‍സാനിയ, ബിലാറസ്, വിയറ്റ്‌നാം, കെനിയ, സോമാലിയ, കോങ്കോ, മാള്‍ഡോവ തുടങ്ങി 49 ഓളം രാജ്യങ്ങളിലെ 4.5 കോടിയിലധികം പേര്‍ 19 ദിവസത്തെ ക്ലാസുകള്‍ വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10257 മദ്‌റസകളിലെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും പഠനത്തിനായി ക്ലാസുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
- Samasthalayam Chelari

SKSSF മീഡിയ സംസ്ഥാന സമിതിക്ക് പുതിയ നേതൃത്വം

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വിംഗിന് 2020-22 വര്‍ഷത്തേക്കുള്ള പുതിയ സമിതിയെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുബാറക് എടവണ്ണപ്പാറ ചെയര്‍മാനും, സൂറൂര്‍ പാപ്പിനശേരി കണ്ണൂര്‍ കണ്‍വിനറുമാണ്. മറ്റു അംഗങ്ങളായി പി. എച്ച് അസ്ഹരി കാസര്‍ഗോഡ്, ബാസിത് അസ്അദി വയനാട്, നിയാസ് മാവൂര്‍ കോഴിക്കോട്, ഹസീബ് പുറക്കാട് കോഴിക്കോട്, മുനവ്വര്‍ കാവനൂര്‍ ഈസ്റ്റ്, യൂനുസ് ഫൈസി വെട്ടുപാറ മലപുറം ഈസ്റ്റ്, മുഹമ്മദലി പുളിക്കല്‍ മലപ്പുറം വെസ്റ്റ്, കബീര്‍ അന്‍വരി പാലക്കാട്, ഐ മുഹമ്മദ് മുബാഷ് ആലപ്പുഴ, സഫ്വാന്‍ ബി. എം ദക്ഷിണ കന്നഡ, ശുഹൈബ് നിസാമി നീലഗിരി, അബ്ദുല്‍ ജലീല്‍ കോട്ടയം, മുഹമ്മദ് സ്വാലിഹ് എറണാംകുളം, നസീര്‍ ദാരിമി വിഴിഞ്ഞം തിരുവനന്തപുരം, ഉമ്മര്‍ കുട്ടി റഹ്മാനി വണ്ണപ്പുറം ഇടുക്കി, മുഹമ്മദ് അയ്യൂബ് കൊല്ലം, അഫ്‌നാസ് കൊല്ലം, മുനീര്‍ പള്ളിപ്രം കണ്ണൂര്‍, മുഹമ്മദ് സാലിഹ് എറണാകുളം എന്നിവരേയും തിരഞ്ഞെടുത്തു
- SKSSF Cyber Wing State Committee

മനീഷ വായനാവസന്തം; വെബിനാറിന് തുടക്കമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക സമിതിയായ മനീഷയുടെ ആഭിമുഖ്യത്തില്‍ വായനാവസന്തം വാരാചരണം തുടങ്ങി. കാമ്പയിന്റെ ഭാഗമായി നടത്തുന്ന വെബിനാറിന്റെ ആദ്യ ദിവസത്തില്‍ 'വായനയും സംസ്‌കാരങ്ങളുടെ നിര്‍മിതിയും' എന്ന വിഷയത്തില്‍ ഓണമ്പള്ളി മുഹമ്മദ് ഫൈസി സംസാരിച്ചു. ഇന്നലെ 'പുസ്തക സംസ്‌കാരത്തിന്റെ പുതുമ, പഴമ' എന്ന വിഷയത്തില്‍ നോവലിസ്റ്റ് പി. സുരേന്ദ്രന്‍ ഓൺ ലൈനിൽ സംവദിച്ചു. ഇന്ന് വൈകിട്ട് നാലിന് 'സോഷ്യല്‍ മീഡിയയും ധാര്‍മ്മികതയും ' എന്ന വിഷയത്തില്‍ ബശീര്‍ ഫൈസി ദേശമംഗലം സംസാരിക്കും. എസ്.കെ.എസ്.എസ്.എഫ് മിഷന്‍ 100ന്റെ ഭാഗമായി നടത്തുന്ന വായനാവാരത്തിലെ പരിപാടികളായ ബുക് ചാലഞ്ചിനും റിവ്യൂ ഹാഷ് ടാഗ് ക്യാംപയിനും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതികരണമാണ് ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന റിവ്യൂകള്‍ റൈറ്റേഴ്‌സ് ഫോറം വെബ്‌സൈറ്റായ വായന@ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
- SKSSF STATE COMMITTEE

ദാറുല്‍ഹുദായില്‍ പുതിയ ഫാക്കല്‍റ്റികള്‍ക്ക് അനുമതി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശായില്‍ പിജി തലത്തില്‍ പുതിയ ഫാക്കല്‍റ്റികള്‍ (കുല്ലിയ്യ) സംവിധാനിക്കാന്‍ സെനറ്റ് യോഗത്തില്‍ അനുമതി നല്‍കി. അഞ്ച് ഫാക്കല്‍റ്റികളായി പത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ സംവിധാനിക്കുന്നത്. കുല്ലിയ്യ ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സുന്നഃക്ക് കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആിനിക് സ്റ്റഡീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, കുല്ലിയ്യ ഓഫ് ഉസ്വൂലുദ്ദീനു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്‍ഡ് ഫിലോസഫി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് സിവിലൈസേഷന്‍, കുല്ലിയ്യ ഓഫ് റിലീജ്യന്‍ ആന്‍ഡ് സൊസൈറ്റിക്കു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപാരറ്റീവ് റിലീജ്യന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ്, കുല്ലിയ്യ ഓഫ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിനു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌ലേഷന്‍ എന്നിങ്ങനെയാണ് പുതുതായി സംവിധാനിച്ച കുല്ലിയ്യകളു ഡിപ്പാര്‍ട്ട്‌മെന്റുകളും.

മതപഠനം; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗൗരവത്തിലെടുക്കണം: ഹൈദര്‍ അലി തങ്ങള്‍

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഗൗരവത്തിലെടുക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നവീന സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിച്ച് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ അതിജയിക്കാന്‍ നമുക്കാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംവിധാനിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഓണ്‍ലൈന്‍ ക്ലാസുകളടക്കമുള്ള പഠന സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സ്ഥാപന ഭാരവാഹികളും അധ്യാപകരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ പറഞ്ഞു.

മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ യു.ഐ.ഡി നമ്പര്‍ പ്രാബല്യത്തില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലം മത വിദ്യഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ യുനിക്ക് ഐ.ഡി നമ്പര്‍ പ്രാബല്യത്തില്‍ വന്നു. ഒന്നാം ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം യു.ഐ.ഡി നമ്പര്‍ നല്‍കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,257 അംഗീകൃത മദ്‌റസകളിലും യു.ഐ.ഡി നടപ്പാക്കും. ഒന്നാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ മദ്‌റസ പഠനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ക്കും യു.ഐ.ഡി നമ്പര്‍ ഉപയോഗപ്പെടുത്താനാവും.

വെളിമുക്ക് തഅ്‌ലീമുസ്സിബ്‌യാന്‍ ഹയര്‍ സെക്കന്ററി മദ്‌റസയിലെ മുഹമ്മദ് റുഫൈദ് വി.പി എന്ന വിദ്യാര്‍ത്ഥിയുടെ യു.ഐ.ഡി നമ്പര്‍ ചേര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് അബ്ദുസ്സമദ് ഹാമിദ് നിസാമി ജമലുല്ലൈലി തങ്ങള്‍, കബീര്‍ ഫൈസി ചെമ്മാട് ചടങ്ങില്‍ സംബന്ധിച്ചു. http://online.samastha.info എന്ന സൈറ്റ് മുഖേനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

ചൈനീസ് അതിക്രമം പ്രതിഷേധാര്‍ഹം: SYS

കോഴിക്കോട്: അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ചുകൊണ്ട് അന്യായമായി അതിര്‍ത്തി കടന്ന് ഇന്ത്യയുടെ 20 ധീരജവാന്മാരെ വധിച്ച ചൈനീസ് നടപടി അപലപനീയമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ അഖണ്ഡത കാത്തുരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നും ഇന്ത്യയുടെ ഒരു തരിമണ്ണോ ഒരു ജീവനോ പൊലിയാതെ അത്മാഭിമാനം കാക്കാന്‍ ശക്തമായ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നമ്മുടെ പട്ടാളത്തിന്റെ രക്തം അതിര്‍ത്തിയില്‍ വീണിരിക്കുന്നു. ലോകം കോവിഡ് 19 മഹാമാരിയില്‍ ശ്വാസം മുട്ടിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ ചൈന നടത്തിയ അതിക്രമം ഇരട്ട കുറ്റകൃത്യമായി കാണണം.

ഭാരതത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
- Sunni Afkar Weekly

പ്രവാസികളുടെ തിരിച്ചുവരവ്; സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടില്‍ എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വന്ദേഭാരത് മുഖേന കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകള്‍ ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലും തിരിച്ചുവരാന്‍ ആയിരങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരിക്കുകയാണെന്നും ആയതിന് അടിയന്ത്രിര പരിഹാരമുണ്ടാക്കി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari

സാമൂഹിക പിന്നോക്കാവസ്ഥക്ക് പരിഹാരം ലക്ഷ്യബോധമുള്ള വിദ്യാഭ്യാസം മാത്രം: ഡോ. പി. സരിന്‍

ഒറ്റപ്പാലം: സാമൂഹികവും സാമൂദായികവുമായ പിന്നോക്കാവസ്ഥക്ക് ലക്ഷ്യ ബോധത്തോടെയുള്ള വിദ്യാഭ്യാസം മാത്രമാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക വിദ്യാഭ്യാസ വിചക്ഷകനും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. പി. സരിന്‍ അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ പുതിയ സംരഭം 'ട്രന്റ് ടോക്കി' ന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള പല തൊഴില്‍ മേഖലകളും മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ കാലമാണിത്. കാലഘട്ടത്തിനനുസരിച്ച് മാറി മാറി വരുന്ന ട്രന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന തലമുറകളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. എന്നാല്‍ ഇനി അത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. വരും കാലത്തെ ട്രന്റ് എന്തെന്ന് മനസ്സിലാക്കി അതിന് മുന്‍പില്‍ നില്‍ക്കാന്‍ കഴിയുന്ന വിധം മാറ്റത്തെ വിലയിരുത്താന്‍ പറ്റുന്ന രീതിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും ഒരുക്കി എടുക്കേണ്ടതുണ്ടെന്നും ഈ ലക്ഷ്യത്തിന് വേണ്ടിയാണ് എസ്. കെ. എസ്. എസ്. എഫും ട്രന്‍ഡും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ട്രന്റ് ടോക്ക്' ഈ ലക്ഷ്യത്തിന് വലിയ മുതല്‍ കൂട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് മീഡിയാ വിംഗിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ഷഹീര്‍ ദേശമംഗലം, ട്രന്റ് ടോക്ക് കോര്‍ഡിനേറ്ററും ട്രന്റ് സംസ്ഥാന സമിതി അംഗവുമായ മാലിക്ക് ചെറുതുരുത്തി, ദേശമംഗലം മേഖലാ പ്രസിഡന്റ് സി. എ ഇബ്രാഹിം എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ തൊഴില്‍ സംബന്ധമായ വ്യത്യസ്ത പരിപാടികളുമായി ട്രന്റ് ടോക്ക് എല്ലാ വെള്ളിയാഴ്ചകളിലും എസ്. കെ. ഐ. സി. ആര്‍ യൂറ്റൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും ലഭ്യമാകുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ആദ്യ എപ്പിസോഡില്‍ ട്രന്‍ഡ് സ്ഥാപക ഡയറക്ടര്‍ എസ് വി മുഹമ്മദലി വിഷയമവതരിപ്പിച്ചു.

SKSSF പ്രബന്ധ മത്സരം; മുഹമ്മദ് മുഹ്സിന് സ്വർണ്ണ നാണയം

കോഴിക്കോട്: സഹനം, സംയമനം,സംസ്‌കരണം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള പ്രബന്ധ മത്സരത്തിൽ മുഹമ്മദ് മുഹ്സിൻ ഒളവട്ടൂർ ഒന്നാം സ്ഥാനം നേടി സ്വർണ്ണ നാണയത്തിന് അർഹത നേടിയതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു. അസ് ഹാബുല്‍ ബദ്ര്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധ മത്സരത്തില്‍ അറുപത് പേരാണ് പങ്കെടുത്തത്. മുഹമ്മദ് സാലിം വാഫി പഴമള്ളൂര്‍, ഫാത്തിമ ഷബാന മണ്ണഞ്ചേരി ആലപ്പുഴ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടാം സ്ഥാനത്തിന് 4444 രൂപയും മൂന്നാം സ്ഥാനത്തിന് 2222 രൂപയും കാഷ് അവാർഡ് നൽകുമെന്ന് തങ്ങൾ അറിയിച്ചു.
- SKSSF STATE COMMITTEE

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധാക്കിയ ഉത്തരവ് പിന്‍വലിക്കുക: സമസ്ത പ്രവാസി സെല്‍

ചേളാരി : ജോലി നഷ്ടപ്പെട്ട് നിത്യ ജീവിതത്തിന് പോലും വകയില്ലാതെ ഗള്‍ഫിലും മറ്റും വളരെ പ്രയാസത്തിലകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി സന്നദ്ധ സംഘടനകളും മറ്റും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യണമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് സര്‍ക്കാര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ ആവശ്യപ്പെട്ടു. വന്ദേഭാരത് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നിരിക്കെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രം ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് നടത്താനുള്ള സാമ്പത്തിക പ്രയാസവും റിസള്‍ട്ട് ലഭിക്കാനുള്ള കാലതാമസവും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം റിസള്‍ട്ടിന്റെ പ്രാബല്യം നഷ്ടപ്പെടുമെന്നതും നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചവരുടെ മുമ്പില്‍ വലിയ തടസ്സമായി മാറുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കേരള സർക്കാർ തീരുമാനം പ്രവാസികളോടുള്ള ക്രൂരമായ നടപടി: സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാർ നടപടി പ്രവാസികളോടുള്ള ക്രൂരമായ നടപടിയെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആരോപിച്ചു. വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇല്ലാത്ത കൊവിഡ് രോഗ സാധ്യത എന്തടിസ്ഥാനത്തിലാണ് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർകുണ്ടാകുകയെന്നു സർക്കാർ വ്യക്തമാക്കണം. തീർത്തും വിവേചന പരവും നിരുത്തരവാദിത്ത പരവുമായ സമീപനമാണ് കേരള സർക്കാരിന്റെ ചാർട്ടേഡ് വിമാനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന പ്രസ്‌താവനയിലൂടെ പുറത്ത് വന്നത്. ഇത് തീർത്തും രാഷ്ട്രീയ ലക്‌ഷ്യം വെച്ചും ദുരുദ്ദേശപരമായ സമീപനങ്ങളിലൂടെയുമാണ് ഇങ്ങനെ ഒരു രീതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും എസ്‌ഐസി കുറ്റപ്പെടുത്തി.

സമസ്ത 253 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി പുതുതായി 253 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10257 ആയി. കേരളം 3, കര്‍ണാടക 24, ആന്ധ്രപ്രദേശ് 45, ബീഹാര്‍ 16, വെസ്റ്റ് ബംഗാള്‍ 85, ആസാം 80 എന്നിങ്ങനെയാണ് പുതുതായി അംഗീകരിച്ച മദ്‌റസകളുടെ എണ്ണം. കേരളത്തിന് പുറത്ത് ഹാദിയയുടെ കീഴില്‍ നടത്തിവന്നിരുന്ന മദ്‌റസകളാണ് ഇപ്പോള്‍ വിദ്യാഭ്യാസ ബോര്‍ഡിനുകീഴില്‍ അംഗീകരിച്ചത്.

കോളേജുകളുടെ സമയമാറ്റത്തിൽ വെള്ളിയാഴ്ച ഇളവ് അനുവദിക്കണം: SKSSF

കോഴിക്കോട്: സംസ്ഥാനത്ത് കോളേജുകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പുതിയ സമയക്രമീകരണത്തിൽ വെള്ളിയാഴ്ചക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ആവശ്യപ്പെട്ടു. രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയുള്ള ക്ലാസ്സ് സമയക്രമീകരണം വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരം നിർവ്വഹിക്കുന്ന മുസ് ലിം വിദ്യാർത്ഥികൾക്ക് പ്രയാസകരമാവും. കോളേജുകളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ മാറ്റം വരുത്തി കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ വകപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ, 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്

ചേളാരി: കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസക്ക് 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്. 2020 ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ യൂട്യൂബില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്. കൂടാതെ ദര്‍ശന ടീവിയില്‍ ദിനേന 26 ലക്ഷത്തോളം വീവേഴ്‌സ് വേറെയുമുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കു പുറമെ പതിനായിരങ്ങള്‍ ദിവസവും ക്ലാസുകള്‍ വീക്ഷിക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്. ഒന്നു മുതല്‍ പ്ലസ്ടൂ വരെ ക്ലാസുകളില്‍ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസുകളുടെ സമയം. ദര്‍ശന ചാനലില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 11.30 വരെയാണ് സംപ്രേഷണം ചെയ്യുന്നത്.

മദ്‌റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ല

കോഴിക്കോട്: മദ്‌റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ലെന്നും അവിടങ്ങളില്‍ വെച്ചുള്ള ജുമുഅ: നിസ്‌കാരം നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ ജുമുഅ: നിസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ജുമുഅ: നിസ്‌കാരം ഇരുസര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നിര്‍വ്വഹിക്കണം. ഒരു പള്ളിയില്‍ ആളുകളുടെ എണ്ണം 100 ല്‍ പരിമിതപ്പെടുത്തിയത് കൊണ്ട് നൂറിന് പുറത്തുള്ളവര്‍ക്ക് അതേ മഹല്ലിലെ നിസ്‌കാരപള്ളികളിലും സൗകര്യമില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് ജുമുഅ: നിര്‍ബന്ധമില്ലാത്തതിനാല്‍ ളുഹ്‌റ് നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ മതിയാവുന്നതാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആവശ്യമായ ക്രമീകരണങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

ദാറുല്‍ഹുദാ പഠനാരംഭം 15 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ മുഴുവന്‍ യു.ജി കോളേജുകളിലും ഓഫ് കാമ്പസുകളിലും പുതിയ അധ്യയന വര്‍ഷത്തെ പഠനാരംഭം ജൂണ്‍ 15 ന് നടത്താന്‍ ദാറുല്‍ഹുദാ-യു.ജി സ്ഥാപന മാനേജ്മെന്റ്, അധ്യാപക പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതമായിരിക്കും ക്ലാസുകള്‍. അധ്യായന വര്‍ഷരംഭത്തിന്റെ മുന്നോടിയായി അധ്യാപകര്‍ക്കുള്ള പരിശീലന ക്യാംപ് ഓണ്‍ലൈന്‍ വഴി 7,8 തിയ്യതികളില്‍ നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള വാഴ്‌സിറ്റിയുടെ 32 കോളേജുകളിലെ നാനൂറിലധികം അധ്യാപകര്‍ ക്യാംപില്‍ സംബന്ധിച്ചു.

പള്ളികളിലെ ജുമുഅ: ജമാഅത്ത്; നിലപാടില്‍ മാറ്റമില്ല: സമസ്ത

ചേളാരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ഇരുസര്‍ക്കാരുകളുടെയും നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറന്ന് ജുമുഅ: ജമാഅത്ത് നിര്‍വ്വഹിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തല്‍ ഉലമാ നേതാക്കളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം അറിയിച്ചു.

രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇത് വരെ പള്ളികള്‍ അടച്ചിട്ടത്. അതേ ഭരണകൂടം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കുന്നത്. നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പള്ളികള്‍ തുറന്ന് ആരാധനക്ക് അവസരമൊരുക്കാതിരിക്കുന്നത് കുറ്റകരമാണ്. മഹല്ല് ജമാഅത്തുകളും ഖാസി, ഖത്തീബുമാരും ഇക്കാര്യം ഗൗരവത്തിലെടുക്കണം. അതേസമയം നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതുമാണ്.

ധാർമിക ബോധമുള്ളവർ സിവിൽ സർവ്വീസ് രംഗത്തേക്ക് വരണം: അബൂബക്കർ സിദ്ധീഖ് IAS

എസ്. കെ. എസ്. എസ്. എഫ് മഫാസ് സിവിൽ സർവ്വീസ് പ്രൊജക്റ്റ് മൂന്നാം ബാച്ചിന്റെ ലോഞ്ചിങ് നിർവ്വഹിച്ചു

കോഴിക്കോട്: ധാർമികത ജീവിത ഭാഗമാക്കിയവരും മൂല്യബോധമുള്ളവരും സിവിൽ സർവീസ് രംഗത്തേക്ക് കടന്ന് വരുന്നത് സ്വാഗതാർഹമെന്ന് അബൂബക്കർ സിദ്ധീഖ് ഐ. എ. എസ് പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡിന് കീഴിൽ അറബിക് കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സിവിൽ സർവ്വീസ് കോച്ചിംഗ് പദ്ധതിയായ മഫാസ് മൂന്നാം ബാച്ച് ലോഞ്ചിങ് നിർവ്വഹിച്ച ഓൺലൈൻ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം.

മമ്പുറം മഖാം ഇപ്പോള്‍ തുറക്കുന്നില്ല

ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ഉണ്ടെങ്കിലും കോവിഡ് - 19 ന്റെ നിലവിലെ നമ്മുടെ സംസ്ഥാനത്തിന്റെയും മലപ്പുറം ജില്ലയുടെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍ക്കാലം തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മമ്പുറം മഖാം മാനേജ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു.
- Darul Huda Islamic University

പള്ളികളില്‍ ആരാധന: സമസ്ത മഹല്ലുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി

ചേളാരി: 2020 ജൂണ്‍ 8 മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മഹല്ലു കമ്മിറ്റികള്‍ക്ക് സര്‍ക്കാരിന്റെ നിബന്ധനകളും മറ്റും ഉള്‍ക്കൊള്ളിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖാസി, ഖത്തീബ്, ഇമാം, മഹല്ല് നിവാസികള്‍ എന്നിവര്‍ക്ക് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പള്ളികള്‍ തുറക്കുമ്പോള്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം: SMF

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അടക്കമുള്ള മത സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചും മത നേതാക്കന്മാര്‍ സമര്‍പ്പിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സ്വാഗതം ചെയ്തു. പള്ളികള്‍ ആരാധനക്കായി തുറക്കുമ്പോള്‍ മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്ത്വം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരോഗ്യ സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മഹല്ല് ഭാരവാഹികളും വിശ്വാസി സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇത് സംബന്ധമായി മഹല്ല് കമ്മിറ്റികള്‍ക്ക് ഓണ്‍ലൈന്‍ വഴി അയച്ച് കൊടുക്കുന്നതിനുള്ള സര്‍ക്കുലര്‍ സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം ചില സുപ്രധാന കാര്യങ്ങള്‍ കൂടി മഹല്ലുകള്‍ പാലിക്കണമെന്നാണ് സര്‍ക്കുലര്‍ വഴി ബോധവല്‍ക്കരിക്കുന്നത്.

SKSBV പരിസ്ഥിതി സംരക്ഷണ കാമ്പയിനിന് തുടക്കം കുറിച്ചു

ചേളാരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിസ്ഥിതി സംരക്ഷണ കാമ്പയിനിന് തുടക്കം കുറിച്ചു. തണലൊരുക്കം നല്ല നാളെക്കായ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ വീട്ടിലൊരു മരം, ശുചിത്വം നമ്മുടെ കടമ, ഓണ്‍ലൈന്‍ പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ജൂണ് 5 മുതല്‍ 15 വരെയാണ് കാമ്പയിനിന്റെ കാലാവധി. കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പി.കെ കുഞ്ഞാലികുട്ടി സാഹിബ് നിര്‍വഹിച്ചു. സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണി കൃഷ്ണന്‍, കൊടക് അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഹുസ്സൈന്‍ കുട്ടി മൗലവി, എം.എ ചേളാരി, സയ്യിദ് തുഫൈല്‍ തങ്ങള്‍, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാമിഅഃ നൂരിയ്യഃ അഡ്മിഷന്‍ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യ അറബിയ്യയില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള മുഖ്തസ്വര്‍, മുത്വവ്വല്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ആരംഭിച്ചു. jamianooriya.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2020 ജൂണ്‍ 7ന് വൈകുന്നേരം 6 മണിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. മുദരിസുമാര്‍ മുഖേനെ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 10 മുതല്‍ ഇന്റര്‍വ്യൂ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണെന്നും ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 9747399584 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- JAMIA NOORIYA PATTIKKAD

പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. സമസ്ത ഓണ്‍ലൈന്‍ മദ്‌റസ 15 ലക്ഷത്തോളം പേര്‍ വീക്ഷിച്ചു

ചേളാരി: റമസാന്‍ അവധി കഴിഞ്ഞ് മദ്‌റസ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം പതിവുപോലെ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ ലൈന്‍ മദ്‌റസ പഠനം ഏല്‍പ്പെടുത്തിയാണ് പുതിയ അദ്ധ്യയ വര്‍ഷത്തിലേക്ക് പ്രവേശിച്ചത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികള്‍ ഇന്നലെ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തില്‍ പരം പഠിതാക്കള്‍ ഇന്നലത്തെ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ ക്ലാസുകള്‍ ലഭ്യമായിരുന്നു.

രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. നിശ്ചിത സമയം പെങ്കടുക്കാന്‍ കഴിയാത്തവര്‍ക്കും ആവര്‍ത്തിച്ചു കേള്‍ക്കേണ്ടവര്‍ക്കും ക്ലാസുകള്‍ യൂട്യൂബിലും ആപ്പിലും ലഭ്യമായത് ഏറെ അനുഗ്രമായി.

ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ രണ്ട് വിഷയങ്ങളിലും മറ്റു ക്ലാസുകളില്‍ ഒരു വിഷയവുമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. സ്വന്തം ഭവനത്തില്‍ നിന്നുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. പഠന സമയത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് തുണയായി. മദ്‌റസ പിരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുവരുത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകള്‍ക്ക് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് സഹായകമായി. സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ച് തലത്തില്‍ മോണിറ്ററിംഗ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും പഠനം കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായിച്ചു.

മദ്‌റസ അദ്ധ്യയന വര്‍ഷവും സ്‌കൂള്‍ അദ്ധ്യയന വര്‍ഷവും ഒന്നിച്ചുവന്ന ദിവസം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നലത്തെ അധ്യയന വര്‍ഷാരംഭത്തിന്. കോവിഡ് -19 ലോക്ക് ഡണ്‍ മൂലം മൂന്ന് മാസത്തോളമായി വിദ്യാലയത്തില്‍ പോയി പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതലുള്ള മദ്‌റസ-സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനം അനുഗ്രമായി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ 'ദര്‍ശന' ടിവി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉള്‍പ്പെടെ നെറ്റ് സര്‍വ്വീസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

ഓണ്‍ലൈന്‍ മദ്‌റസ ഇന്നത്തെ വിഷയക്രമം: ഒന്നാം ക്ലാസ്-തഫ്ഹീമുത്തിലാവ (1), രണ്ടാം ക്ലാസ് ഖുര്‍ആന്‍, അഖ്‌ലാഖ്, മൂന്നാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, നാലാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, അഞ്ചാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ആറാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ഏഴാം ക്ലാസ് - ഖുര്‍ആന്‍, താരീഖ്, എട്ടാം ക്ലാസ് - ഫിഖ്ഹ്, ഒമ്പതാം ക്ലാസ് - താരീഖ്, പത്താം ക്ലാസ് - ദുറൂസുല്‍ ഇഹ്‌സാന്‍, പ്ലസ്‌വണ്‍ - ഫിഖ്ഹ്, പ്ലസ്ടു - തഫ്‌സീര്‍. ദര്‍ശന ടി.വി: എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 7.15 വരെ ഖുര്‍ആന്‍. പ്ലസ്ടു: 7.15 മുതല്‍ 7.35 വരെ. പ്ലസ്‌വണ്‍: 7.35 മുതല്‍ 7.55 വരെ. പത്താം ക്ലാസ്: 7.55 മുതല്‍ 8.15 വരെ. ഒന്നാം ക്ലാസ്: 8.15 മുതല്‍ 8.35 വരെ. രണ്ടാം ക്ലാസ്: 8.35 മുതല്‍ 8.55 വരെ. മൂന്നാം ക്ലാസ്: 8.55 മുതല്‍ 9.15 വരെ. നാലാം ക്ലാസ്: 9.15 മുതല്‍ 9.35 വരെ. അഞ്ചാം ക്ലാസ്: 9.35 മുതല്‍ 9.55 വരെ. ആറാം ക്ലാസ്: 9.55 മുതല്‍ 10.15വരെ. ഏഴാം ക്ലാസ്: 10.15 മുതല്‍ 10.35വരെ. എട്ടാം ക്ലാസ്: 10.35 മുതല്‍ 10.55 വരെ. ഒമ്പതാം ക്ലാസ്: 10.55 മുതല്‍ 11.15 വരെ.
- Samasthalayam Chelari

'നട്ടാലേ നേട്ടമുള്ളൂ . . . ' SKSSF പരിസ്ഥിതി ദിനാചരണം

കോഴിക്കോട്: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് വിപുലമായ കാര്‍ഷിക പ്രോത്സാഹന പരിപാടികള്‍ നടത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് വിത്തുകളും ചെടികളും വിതരണം നടത്തി ശാഖാതലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കും. പ്രവര്‍ത്തകരുടെ വീടുകളില്‍ സ്വന്തമായി പച്ചക്കറി കൃഷി, പ്രത്യേക സമ്മാന പദ്ധതികള്‍, കാര്‍ഷിക സന്ദേശ പ്രചാരണങ്ങള്‍ തുടങ്ങിയവയും നടക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പരിസ്ഥിതി ദിനാചരണങ്ങളില്‍ തുടക്കമിട്ട പദ്ധതികള്‍ മികച്ച രീതിയില്‍ പരിചരിച്ച ശാഖകള്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കണം: SKMMA

ചേളാരി: കോവിഡ് 19ന്റെ വ്യാപനം മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമാവാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി രക്ഷിതാക്കളോടും മദ്‌റസ കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു. ജൂണ്‍ 1 മുതല്‍ രാവിലെ 7.30 മുതല്‍ 8.30 വരെയാണ് പഠന സമയം. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാം ദിവസങ്ങളിലും ഒന്ന് മുതല്‍ പ്ലസ്ടു ക്ലാസുകള്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകളുണ്ടാവും. പഠന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാവിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണം. മദ്‌റസ പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. കുട്ടികളുടെ പഠന സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും പുരോഗതി പരിശോധിക്കുന്നതിനും സംശയ നിവാരണത്തിനും സാദ്ധ്യമായ രീതിയില്‍ മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്തണം. ആവശ്യമായ പുസ്തകങ്ങളും നോട്ടുബുക്കുകളും ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ നടപടി സ്വീകരിക്കണം.

ദാറുല്‍ഹുദാ അപേക്ഷ; അവസാന തിയ്യതി 31

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥ്വിമാ സഹ്‌റാ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനു അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 31.

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം: സമസ്ത

ചേളാരി: സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. നാടിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് പ്രവാസികള്‍. കോവിഡ്-19 മൂലം വിദേശങ്ങളില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അവരെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടി ഒഴിവാക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു.
- Samasthalayam Chelari

മദ്‌റസ പരീക്ഷകള്‍ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊമേഷന്‍ നല്‍കും

ചേളാരി: കോവിഡ്-19 ന്റെ വ്യാപന പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒന്നു മുല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്നും പകരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊമോഷന്‍ നല്‍കാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കും. ശവ്വാല്‍ 9 (ജൂണ്‍ 1) മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവും. ഇതിന് വേണ്ടി വിദഗ്ദരടങ്ങിയ ടീം ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും യോഗം ആഭ്യര്‍ത്ഥിച്ചു.

ആഗോള ഖത്മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിന്‌ ഉജ്ജ്വല സമാപനം

പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്‌ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.

ഈദ് ആശംസകള്‍

ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദാശംസകള്‍ നേരുന്നു. ആഹ്ലാദത്തിന്റെ നിറ പുഞ്ചിരിയുമായി വീണ്ടുമൊരു ഈദുല്‍ഫിത്വര്‍. വിശ്വാസികളുടെ ആത്മാവിലേക്ക് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പുണ്യമാസത്തിന്റെ വേര്‍പ്പാടിനുശേഷമാണ് ഈ ആഘോഷം നമ്മെ തൊട്ടുണര്‍ത്തുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനയിലൂടെയും സത്കര്‍മങ്ങളിലൂടെയും ഒരു മാസക്കാലം ആര്‍ജിച്ചെടുത്ത പുതിയ വെളിച്ചം വിശ്വാസികളുടെ തുടര്‍ ജീവിതത്തിലും അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.

ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം : ലോക്ക്ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ പൊതുഗതാഗതവും, പരീക്ഷകളും, മൂല്യനിര്‍ണ്ണയ ക്യാമ്പുകളും, 50 പേര്‍ പങ്കെടുക്കുന്ന വിവാഹവും വ്യാപാര സ്ഥാപനങ്ങളും നടത്താന്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി പള്ളികളില്‍ ആരാധനകള്‍ക്ക് അനുമതി നല്‍കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന പക്ഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റികളെ അറിയിക്കുവാന്‍ വ്യക്തമായ രൂപരേഖ യോഗം അംഗീകരിച്ചു.

പെരുന്നാൾ ദിനത്തിൽ സ്നേഹത്തണലുമായ് SKSSF തൃശൂർ

ചെറുതുരുത്തി: എസ്കെഎസ്എസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴ് വർഷമായി നടപ്പിലാക്കിവരുന്ന സ്നേഹത്തണൽ പദ്ധതിയുടെ ഭാഗമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുൻവർഷങ്ങളിൽ അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം ആണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ലോക് ഡൗൺ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന നിരാലമ്പരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു നൽകാൻ ആണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. കിറ്റ് വിതരണോൽഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ഷഹീർ ദേശമംഗലം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ സത്താർ ദാരിമി അധ്യക്ഷനായി. സ്നേഹത്തണൽ പദ്ധതിയുടെ സാമ്പത്തിക സഹായ വിതരണ ഉദ്ഘാടനം ഷാഹിദ് കോയ തങ്ങൾ നിർവ്വഹിച്ചു. ട്രെൻഡ് ജില്ലാ ചെയർമാൻ മാലിക് ചെറുതുരുത്തി, എം എം സലാം, ദേശമംഗലം മേഖലാ പ്രസിഡന്റ്‌ ഇബ്രാഹിം, പുതുശ്ശേരി മഹല്ല് സെക്രട്ടറി സിദ്ദീഖ്, ചെറുതുരുത്തി ക്ലസ്റ്റർ സെക്രട്ടറി അബ്ദുൽ ലതീഫ്, പുതുശേരി യൂണിറ്റ് സെക്രട്ടറി അബ്‌ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് റമളാന്‍ 29 (മെയ് 22 വെള്ളി) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT

S.I.C വിഖായ ആശ്രയം ഹെൽപ് ഡെസ്‌ക് പതിനായിരങ്ങൾക്ക് ആശ്വാസമേകുന്നു

റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്ററിന് കീഴിൽ സഊദി ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന വിഖായ ആശ്രയം ഹെൽപ്‌ ഡെസ്‌ക്‌ പ്രവർത്തനം പതിനായിരങ്ങൾക്ക് ആശ്വാസമാകുന്നു. സഊദിയിൽ മൂന്നു സോണുകളിലായി പ്രവർത്തിക്കുന്ന ആശ്രയം ഹെൽപ്പ് ഡെസ്‌ക് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ജിദ്ധ, റിയാദ്, ഈസ്റ്റേൺ എന്നീ സോണുകളിൽ നാൽപതോളം സെന്റർ കമ്മിറ്റികളിൽ ആരോഗ്യം, മെഡിക്കൽ, ലീഗൽ എന്നീ വിഭാഗങ്ങളിലായാണ് പ്രവർത്തനം.

അല്‍ബിര്‍റ്, ഫാളില അധ്യാപികര്‍ക്കും സമസ്ത ധനസഹായം അനുവദിച്ചു

ചേളാരി: കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍, സമസ്ത വിമണ്‍സ് (ഫാളില) കോളേജ് അധ്യാപികര്‍ക്കും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 1000 രൂപ വീതം ധനസഹായം അനുവദിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍, സമസ്ത വിമണ്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്ന നൂറ് കണക്കിന് അധ്യാപികര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒന്നിലധികം സ്ഥലങ്ങളിലോ തസ്തികകളിലോ സേവനം ചെയ്യുന്നവരാണെങ്കില്‍ ഒരിടത്ത് നിന്ന് മാത്രമാണ് സഹായം ലഭിക്കുക. മദ്‌റസ മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുദര്‍രിസുമാര്‍ എന്നിവര്‍ക്ക് സമസ്ത നേരത്തെ ധനസഹായം അനുവദിച്ചിരുന്നു. കോടിക്കണക്കിനുരൂപയാണ് സമസ്ത ഇതിനുവേണ്ടി വിനിയോഗിച്ചത്.
- Samasthalayam Chelari

വഖഫ് ബോര്‍ഡ് ബാധ്യത നിറവേറ്റണം: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം : മഹല്ലുകളില്‍നിന്നുള്ള 260 പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായവും 2010 പെണ്‍കുട്ടികളുടെ വിവാഹ സഹായവും ഉള്‍പ്പെടെ 3 കോടി രൂപ വഖഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്ന് നല്‍കുവാനുള്ള തീരുമാനം മരവിപ്പിച്ച് മുഖ്യമന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് വഖഫ് ബോര്‍ഡിന്റെ സാമ്പത്തിക പരിധിക്കപ്പുറമുള്ള തുക നല്‍കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗം അഭിപ്രായപ്പെട്ടു. മഹല്ലുകളും സ്ഥാപനങ്ങളും മറ്റും വളരെ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ അവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും ഉത്തരവാദിത്തമുള്ള വഖഫ് ബോര്‍ഡ് പ്രാഥമിക ബാധ്യത മറന്ന് നടത്തിയ ഈ തീരുമാനം കേവലം പ്രകടനപരതയാണെന്ന് യോഗം വിലയിരുത്തി. ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയ മൂന്ന് കോടി രൂപ

ദാറുല്‍ഹുദാ അപേക്ഷ മെയ് 31 വരെ നീട്ടി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു. ജി കോളേജുകളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥിമാ സഹ്‌റാ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനുള്ള അപേക്ഷാ തിയ്യതി മെയ് 31 വരെ നീട്ടി.

സമസ്ത: പൊതുപരീക്ഷ മാറ്റിവെച്ചു

ചേളാരി: മെയ് 29, 30 തിയ്യതികളില്‍ വിദേശ രാഷ്ട്രങ്ങളിലും 30, 31 തിയ്യതികളില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ മാറ്റിവെക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

ചെയര്‍മാന്‍ എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ. വി അബ്ദുറഹിമാന്‍ മസ്‌ലിയാര്‍, കെ. എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എന്‍. എ. എം അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കോവിഡ് പ്രതിസന്ധി; എസ്‌. ഐ. സി. ആഗോള ആത്മീയ പ്രാർത്ഥനാ സംഗമം മെയ് 21 വ്യാഴ്ച രാത്രി 10 മണിക്ക്, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും

റിയാദ്: കോവിഡ് 19 മഹാമാരി മരണം വിതച്ച് ഭീകരത പടർത്തി കത്തിപ്പടരുമ്പോൾ പ്രാർത്ഥനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ലോകം അംഗീകരിച്ചിരിക്കുന്ന വേളയിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗോള ആത്മീയ, പ്രാർത്ഥനാ സദസ് സംഘടിപ്പിക്കുമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ ഭാരവാഹികൾ അറിയിച്ചു. റമദാൻ 28 ന് രാത്രിയാണ് ആത്‌മീയ സംഗമം. ജിസിസി രാജ്യങ്ങളിലെ സമസ്ത പോഷക സംഘടനകളായ യുഎഇ സുന്നി കൗൺസിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ, കേരള ഇസ്‌ലാമിക് സെന്റർ ഖത്തർ, സമസ്ത ബഹ്‌റൈൻ കമ്മിറ്റി, മസ്കറ്റ് സുന്നി സെന്റർ, സലാല സുന്നി സെന്റർ, ലണ്ടൻ, തുർക്കി, മലേഷ്യ, ന്യൂസിലാൻഡ്, നൈജീരിയ, ഫ്ലോറിഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ സമസ്ത ഇസ്‌ലാമിക്, സുന്നി സെന്ററുകളുടെ സംയുക്തതയിലാണ് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണം : SKSSF

കോഴിക്കോട് : പുനക്രമീകരിച്ച എസ് എസ് എൽ സി, ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ നടപടികളുണ്ടാവണമെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തേണ്ട നിരവധി ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗൺ മൂലം ഇവിടേക്ക് വരാൻ കപ്പൽ യാത്രാ സംവിധാനമായിട്ടില്ല. സംസ്ഥാനത്തെ വിവിധ ദർസ്, അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാൻ പൊതുഗതാഗതം പുനസ്ഥാപിക്കാത്ത പക്ഷം വലിയ പ്രതിസന്ധി നേരിടും. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. സംസ്ഥാന അതിർത്തി കടന്നെത്തുന്ന വിദ്യാർത്ഥികളുടെ ക്വാറന്റയിൻ സംബന്ധമായ കാര്യങ്ങളും സർക്കാൻ നേരത്തെ വ്യക്തമാക്കണം. അല്ലെങ്കിൽ അവർക്ക് ദ്വീപിൽ തന്നെ പരീക്ഷ എഴുതാൻ സംവിധാനം ഒരുക്കണം - യോഗം ആവശ്യപ്പെട്ടു. ഇവ്വിഷയകമായി SKSSF സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
- SKSSF STATE COMMITTEE