മീലാദ് കാമ്പയിൻ; SKSSFന് വിപുലമായ പരിപാടികൾ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷങ്ങളുടെ ഭാഗമായി എസ് കെ എസ് എസ് എഫിന് വിപുലമായ പരിപാടികൾ ആവിഷ്കരിച്ച് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. തിരുനബി(സ) ജീവിതം: സമഗ്രം, സമ്പൂർണ്ണം എന്നതാണ് ഈ വർഷത്തെ പ്രമേയം. സമസ്തയുടെ വിവിധ പോഷക ഘടകങ്ങൾ സംയുക്തമായി നടത്തുന്ന കാമ്പയിന് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ ആഘോഷ പരിപാടികൾക്ക് അന്തിമരൂപമായി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'തിരുസായാഹ്നം' പരിപാടിയിൽ സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സംഭാഷണങ്ങൾ, ഇസ്തിഖാമയുടെ നേതൃത്വത്തിൽ മൗലിദ് : ചരിത്രം, ആധികാരികത എന്ന വിഷയത്തിലുള്ള ഗവേഷണ പ്രഭാഷണം, ഇബാദ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 'ഞാനറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ പ്രമുഖരുടെ വീഡിയോ പ്രഭാഷണങ്ങൾ തുടങ്ങിയവ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സർഗലയയുടെ നേതൃത്വത്തിൽ മൗലിദ് പാരായണം അർത്ഥ സഹിതം വീഡിയോ പ്രചാരണം, ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തിൽ ഹുബ്ബുറസൂൽ - സംസ്ഥാന തല അറബിക് കവിതാ രചനാ മത്സരം തുടങ്ങിയവയും നടക്കും.

കാമ്പയിൻ ജില്ലാ തല ഉദ്ഘാടനങ്ങളും മീലാദ് കോൺഫറൻസും എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ നടക്കും. മേഖല തലങ്ങളിൽ മദീന പാഷനും ശാഖാ തലങ്ങളിൽ ത്വലബ വിംഗിന്റെ നേതൃത്വത്തിൽ ഓൺലൈൻ മദീനാ പാഷൻ, മീലാദ് സന്ദേശം, ബുർദ പാരായണം, മദ്‌ഹ് ഗാനാലാപനം തുടങ്ങിയവ നടക്കും.

സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ, സംസ്ഥാന തല വിംഗ് ചെയർമാൻ കൺവീനർമാർ, ജില്ലാ പ്രസിഡന്റ് ജനറൽ സെക്രട്ടറിമാർ എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.


ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന എക്സിക്യുട്ടീവ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

ഈ കൊച്ചുഹാഫിളുകള്‍ സമസ്ത ഓണ്‍ലൈന്‍ മദ്‌റസയുടെ ശ്രദ്ധാകേന്ദ്രങ്ങള്‍

ചേളാരി: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഇളം തലമുറക്കാരായ ഹാഫിള് സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് ദില്‍ദാര്‍ ശിഹാബ് തങ്ങള്‍, എന്നിവരും ഹാഫിള് സയ്യിദ് മിഖ്ദാദ് തങ്ങള്‍ കണ്ണന്തളി, ഹാഫിള് മുഹമ്മദ് ശൗബല്‍ അയ്യായ എന്നീ വിദ്യാര്‍ത്ഥികളും സമസ്ത ഓണ്‍ലൈന്‍ മദ്‌റസയുടെ ശ്രദ്ധാകേന്ദ്രങ്ങളാവുന്നു.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2020 ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസിന് ആമുഖമായി ദിവസവും 'സൂറത്തുല്‍ ഫാത്തിഹ' പാരായണം ചെയ്യുന്നതും മനഃപ്പാഠമാക്കേണ്ട സൂറത്തുകള്‍ ഓതി കേള്‍പ്പിക്കുന്നതും ഈ കൊച്ചുമിടുക്കരാണ്. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന നടത്തുന്ന വിശേഷാല്‍ പരിപാടികളിലും ഇവരുടെ സാന്നിദ്ധ്യം പരിപാടികളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മദ്‌റസ പഠനം ദിവസവും ആരംഭിക്കുന്നത് ഇവരുടെ ഖുര്‍ആന്‍ പാരാണം കേട്ടുകൊണ്ടാണ്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ പുത്രന്മാരാണ് യഥാക്രമം സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ദില്‍ദാര്‍ ശിഹാബ് തങ്ങള്‍ എന്നിവര്‍. സയ്യിദ് മിഖ്ദാദ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫക്‌റുദ്ദീന്‍ തങ്ങളുടെ മകനും മുഹമ്മദ് ശൗബല്‍ അയ്യായ മന്‍സൂര്‍ ദാരിമിയുടെ മകനുമാണ്. ഇവര്‍ക്കുള്ള സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അനുമോദന പത്രം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും വിതരണം ചെയ്യുകയുണ്ടായി.


- Samasthalayam Chelari

മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ടപ്രഹരം

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ബഹു. ലഖ്നോ സി.ബി.ഐ സ്പെഷ്യല്‍ കോടതി വിധി മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു. കൂടാതെ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.
- Samasthalayam Chelari

ബാബരി മസ്ജിദ്: കോടതി വിധി ദൗര്‍ഭാഗ്യകരം: SMF

ചേളാരി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബഹു. ലക്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നുമുള്ള നിരീക്ഷണം നടത്തി കുറ്റക്കാരെ വെറുതെ വിട്ടത് ഖേദകരമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും രാജ്യം ലോകത്തിന് മുമ്പില്‍ നാണംകെട്ടുവെന്നും മുന്‍ രാഷ്ട്രപതി അടക്കം പലരും അന്ന് പ്രതികരിച്ചത് പ്രസ്താവ്യമാണ്. കോടതി വിധി മതേതര ജനാധിപത്യ വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും യോഗം അഭിപ്രായപ്പെട്ടു.

പള്ളികള്‍ അടച്ചിടുന്നത് കാരണം യാത്രക്കാര്‍ക്ക് നിസ്‌കാരത്തിനും മറ്റും നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പള്ളികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യര്‍ത്ഥിച്ചു.

പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ത്വാഖാ അഹ്മദ് മൗലവി, പിണങ്ങോട് അബൂബക്കര്‍, എം.സി മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, പി.സി ഇബ്രാഹീം ഹാജി വയനാട്, എസ്. മുഹമ്മദ് ദാരിമി, ഹംസ ബിന്‍ ജമാല്‍ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, എം.എ ചേളാരി, കെ.എ റഹ്മാന്‍ ഫൈസി, കെ.എം കുട്ടി എടക്കുളം, ശറഫുദ്ദീന്‍ വെണ്‍മേനാട്, ഹംസ ഹാജി മൂന്നിയൂര്‍, കെ.കെ ഇബ്രാഹീം ഹാജി എറണാകുളം, അബ്ദുസ്സലാം ബക്കര്‍ ഹാജി പെരിങ്ങാല, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, ബദ്‌റുദ്ദീന്‍ അഞ്ചല്‍, ദമീം ജെ മുട്ടക്കാവ്, ഹനീഫ ഹാജി, അബ്ദുറസാഖ്, പി. മാമുക്കോയ ഹാജി, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

ബാബരി മസ്ജിദ്; കോടതി വിധി അപഹാസ്യം

റിയാദ്: ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധി അപഹാസ്യവും മതേതര ഇന്ത്യയുടെ അന്തസിന് നിരക്കാത്തതുമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. കോടതി വിധി ഇന്ത്യൻ മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്നും ഇന്ത്യൻ നീതി പീഠം പോലും സത്യങ്ങളെ കണ്ണടച്ച് കബളിപ്പിക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു. 28 വർഷത്തിന് ശേഷം, ഇപ്പോൾ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്ന് കാണിച്ചു പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നീതിയുടെ കണിക ജനാധിപത്യ ഇന്ത്യയിൽ നിന്നും എടുത്തു കളയപ്പെട്ടുവെന്ന തരത്തിലേക്ക് അധഃപതിച്ചുവെന്നും ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അളവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
- abdulsalam