പ്രവാസികളെ കുരുതി കൊടുക്കരുത്: SKSSF തൃശ്ശൂർ

തൃശ്ശൂർ: കോവിഡ് 19 മഹാമാരിയിൽ അകപ്പെട്ടു ജോലി നഷ്ടപ്പെട്ടവരും വിവിധ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി ക്കിടക്കുന്നവരുമായ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്നക്കൾക്ക് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുകൊണ്ടും പ്രവാസികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഉൾക്കൊള്ളാതെ പലരുടെയും സഹായത്താലും ത്യാഗം ചെയ്തും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിൽ വരുന്നവര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാട് തിരുത്തണമെന്നും ആവശ്യപെട്ട്കൊണ്ട് എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ കലക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി. സമസ്ത തൃശ്ശൂർ ജില്ല വർക്കിങ്ങ് സെക്രട്ടറി ബഷീർ ഫൈസി ദേശമംഗലം ധർണ ഉദ്ഘാടനം ചെയ്തു.

വിദേശത്തുള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപവത്കരിച്ച നോർക്ക നിർണായക ഘട്ടത്തിൽ പോലും ഇടപെടുന്നില്ല. ഗൾഫ് നാടുകളിൽ കോവിഡിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടും ഇവരെ തിരിച്ചെത്തിക്കാൻ ഒരൊറ്റ വിമാനം പോലും നോർക്കയുടെ നേതൃത്വത്തിൽ ചാർട്ട് ചെയ്തിട്ടില്ലാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വന്ദേഭാരത് മിഷനിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിക്കുന്നത്. ഇതിന് പരിഹാരമായി ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടെങ്കിലും നോർക്കയോ ലോക കേരളസഭയോ സംസ്ഥാന സർക്കാറോ ഇടപെട്ട് ഒരൊറ്റ വിമാനം പോലും ചാർട്ട് ചെയ്തിട്ടില്ല. ഈ ഘട്ടത്തിൽ വിവിധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളുമാണ് ചാർട്ടേഡ് സർവിസ് നടത്തിയത്. നോർക്ക മുൻകയ്യെടുത്ത് വിവിധ സംഘടനകളെ ഉൾപ്പെടുത്തി പൊതുവേദി രൂപവത്കരിച്ച് വിമാനങ്ങൾ ചാർട്ട് ചെയ്യാനുള്ള ലളിതമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ പ്രയാസം അനുഭവിക്കുന്ന കൂടുതൽ പേർക്ക് നാട്ടിലെത്താൻ സാധിക്കുമായിരുന്നു എന്നദ്ദേഹം കൂട്ടിച്ചേർത്തു.

എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഷഹീർ ദേശമംഗലം മുഖ്യപ്രഷണം നടത്തി. എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫെയർ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് അവർക്ക് നാട്ടലെത്താനുള്ള വിമാന ടിക്കറ്റും കോവിഡ് ടെസ്റ്റും സൗജന്യ ക്വാറൻ്റയിനും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാംസ്കാരിക മുന്നേറ്റത്തിന് കൂട്ടായ ശ്രമങ്ങൾ അനിവാര്യം: യു.എ.ഖാദർ

മനീഷ ലോഗോ പ്രകാശനം ചെയ്തു.

കോഴിക്കോട്: മനുഷ്യർക്കിടയിൽ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതിന് കൂട്ടായ സാംസ്കാരിക മുന്നേറ്റങ്ങൾ അനിവാര്യമാണെന്ന് സാഹിത്യകാരൻ യു.എ ഖാദർ. എസ്.കെ.എസ്.എസ്.എഫ് സാംസ്കാരിക വേദിയായ മനീഷയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സെക്രട്ടറി ഇൻചാർജ് ഒ.പി.എം അഷറഫ്, റഷീദ് ഫൈസി വെള്ളായിക്കോട്, ടി.പി.സുബൈർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. 'ഇടംനേടുകയല്ല, ഇടപെടുകയാണ്.' എന്നതാണ് സാംസ്കാരിക രംഗത്ത് ഇടപെടുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മനീഷയുടെ സിദ്ധാന്തവാക്യം. ഇതുമായി ബന്ധപ്പട്ട് നടന്ന ഓൺലൈൻ യോഗത്തിൽ ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷനായി. കൺവീനർ അലി വാണിമേൽ, മോയിൻ ഹുദവി മലയമ്മ, ശുഹൈബുൽ ഹൈതമി, ജൗഹർ കാവനൂർ, ഇസ്സുദ്ദീൻ പെരുവാഞ്ചേരി, ടി.ബി റഫീഖ് വാഫി, റഷീദ് അസ്‌ലമി പാനൂർ, മൊയ്തു ചെർക്കള, അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര, ആദിൽ ആറാട്ടുപുഴ, ഉനൈസ് വളാഞ്ചേരി, ജാബിർ മന്നാനി തിരുവനന്തപുരം തുടങ്ങിയവർ സംസാരിച്ചു.

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ; രണ്ടാം ഘട്ട ക്ലാസുകള്‍ 24 മുതല്‍

ചേളാരി: കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2020 ജൂണ്‍ 1 (1441 ശവ്വാല്‍ 9) മുതല്‍ തുങ്ങിയ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകളുടെ ഒന്നാം ഘട്ടം ഇന്നലയോടെ (22-06-2020) പൂര്‍ത്തിയായി. ഇന്നലത്തെത് (23-06-2020) ഒന്നാം ഘട്ട ക്ലാസുകളുടെ റിവിഷനും അവലോകനുമാണ്. നാളെ(24-06-2020) മുതല്‍ രണ്ടാം ഘട്ട ക്ലാസുകള്‍ തുടങ്ങും. അവതരണ രീതിയിലും സാങ്കേതിക വിദ്യയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് രണ്ടാം ഘട്ട ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ളവര്‍ക്ക് പുറമെ പുതുതായി ഉള്‍പ്പെടുത്തിയ അധ്യാപകരും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ 36 അംഗ വിദഗ്ദ സംഘമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രണ്ടാം ഘട്ട ക്ലാസുകള്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. എസ്.വി മുഹമ്മദലി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കോ-ഓര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി ചെമ്മാട് സ്വാഗതവും, മുസ്തഫ ഹുദവി കൊടുവള്ളി നന്ദിയും പറഞ്ഞു.

സമസ്ത ഓണ്‍ലൈന്‍ ചാനല്‍, യൂട്യൂബ്, വെബ്‌സൈറ്റ്, ആപ് എന്നിവ വഴിയും ദര്‍ശന ചാനല്‍ വഴിയുമാണ് ക്ലാസുകള്‍ ലഭ്യമാവുന്നത്. വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസ് സമയം. ദര്‍ശന ടി.വിയില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ ദിവസവും രാവിലെ 7.00 മണി മുതല്‍ 11.15 വരെയാണ് സംപ്രേഷണം ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ യു.എ.ഇ, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, അമേരിക്ക, ഇംഗ്ലണ്ട്, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, ജര്‍മനി, ഇന്തോനേഷ്യ, മാലിദ്വീപ്, കാനഡ, നെതര്‍ലാന്റ്, ആസ്‌ത്രേലിയ, പാക്കിസ്ഥാന്‍, ഇറ്റലി, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, ശ്രീലങ്ക, ഫ്രാന്‍സ്, ബെല്‍ജിയം, ഉക്രൈന്‍, പോര്‍ച്ചുഗല്‍, ഈജിപ്ത്, ജപ്പാന്‍, ന്യൂസിലാന്റ്, ബ്രൂണൈ, സ്വിറ്റ്‌സര്‍ലാന്റ്, സ്വീഡന്‍, ബ്രസീല്‍, പെസ്‌നി, സ്‌പെയിന്‍, മൊസാമ്പിക്, സൗത്ത് ആഫ്രിക്ക, ഹങ്കറി, ലക്‌സംബര്‍ഗ്, റൊമാനിയ, താല്‍സാനിയ, ബിലാറസ്, വിയറ്റ്‌നാം, കെനിയ, സോമാലിയ, കോങ്കോ, മാള്‍ഡോവ തുടങ്ങി 49 ഓളം രാജ്യങ്ങളിലെ 4.5 കോടിയിലധികം പേര്‍ 19 ദിവസത്തെ ക്ലാസുകള്‍ വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10257 മദ്‌റസകളിലെ 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കളും പഠനത്തിനായി ക്ലാസുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
- Samasthalayam Chelari

SKSSF മീഡിയ സംസ്ഥാന സമിതിക്ക് പുതിയ നേതൃത്വം

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വിംഗിന് 2020-22 വര്‍ഷത്തേക്കുള്ള പുതിയ സമിതിയെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുബാറക് എടവണ്ണപ്പാറ ചെയര്‍മാനും, സൂറൂര്‍ പാപ്പിനശേരി കണ്ണൂര്‍ കണ്‍വിനറുമാണ്. മറ്റു അംഗങ്ങളായി പി. എച്ച് അസ്ഹരി കാസര്‍ഗോഡ്, ബാസിത് അസ്അദി വയനാട്, നിയാസ് മാവൂര്‍ കോഴിക്കോട്, ഹസീബ് പുറക്കാട് കോഴിക്കോട്, മുനവ്വര്‍ കാവനൂര്‍ ഈസ്റ്റ്, യൂനുസ് ഫൈസി വെട്ടുപാറ മലപുറം ഈസ്റ്റ്, മുഹമ്മദലി പുളിക്കല്‍ മലപ്പുറം വെസ്റ്റ്, കബീര്‍ അന്‍വരി പാലക്കാട്, ഐ മുഹമ്മദ് മുബാഷ് ആലപ്പുഴ, സഫ്വാന്‍ ബി. എം ദക്ഷിണ കന്നഡ, ശുഹൈബ് നിസാമി നീലഗിരി, അബ്ദുല്‍ ജലീല്‍ കോട്ടയം, മുഹമ്മദ് സ്വാലിഹ് എറണാംകുളം, നസീര്‍ ദാരിമി വിഴിഞ്ഞം തിരുവനന്തപുരം, ഉമ്മര്‍ കുട്ടി റഹ്മാനി വണ്ണപ്പുറം ഇടുക്കി, മുഹമ്മദ് അയ്യൂബ് കൊല്ലം, അഫ്‌നാസ് കൊല്ലം, മുനീര്‍ പള്ളിപ്രം കണ്ണൂര്‍, മുഹമ്മദ് സാലിഹ് എറണാകുളം എന്നിവരേയും തിരഞ്ഞെടുത്തു
- SKSSF Cyber Wing State Committee

മനീഷ വായനാവസന്തം; വെബിനാറിന് തുടക്കമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സാംസ്‌കാരിക സമിതിയായ മനീഷയുടെ ആഭിമുഖ്യത്തില്‍ വായനാവസന്തം വാരാചരണം തുടങ്ങി. കാമ്പയിന്റെ ഭാഗമായി നടത്തുന്ന വെബിനാറിന്റെ ആദ്യ ദിവസത്തില്‍ 'വായനയും സംസ്‌കാരങ്ങളുടെ നിര്‍മിതിയും' എന്ന വിഷയത്തില്‍ ഓണമ്പള്ളി മുഹമ്മദ് ഫൈസി സംസാരിച്ചു. ഇന്നലെ 'പുസ്തക സംസ്‌കാരത്തിന്റെ പുതുമ, പഴമ' എന്ന വിഷയത്തില്‍ നോവലിസ്റ്റ് പി. സുരേന്ദ്രന്‍ ഓൺ ലൈനിൽ സംവദിച്ചു. ഇന്ന് വൈകിട്ട് നാലിന് 'സോഷ്യല്‍ മീഡിയയും ധാര്‍മ്മികതയും ' എന്ന വിഷയത്തില്‍ ബശീര്‍ ഫൈസി ദേശമംഗലം സംസാരിക്കും. എസ്.കെ.എസ്.എസ്.എഫ് മിഷന്‍ 100ന്റെ ഭാഗമായി നടത്തുന്ന വായനാവാരത്തിലെ പരിപാടികളായ ബുക് ചാലഞ്ചിനും റിവ്യൂ ഹാഷ് ടാഗ് ക്യാംപയിനും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതികരണമാണ് ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന റിവ്യൂകള്‍ റൈറ്റേഴ്‌സ് ഫോറം വെബ്‌സൈറ്റായ വായന@ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.
- SKSSF STATE COMMITTEE

ദാറുല്‍ഹുദായില്‍ പുതിയ ഫാക്കല്‍റ്റികള്‍ക്ക് അനുമതി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശായില്‍ പിജി തലത്തില്‍ പുതിയ ഫാക്കല്‍റ്റികള്‍ (കുല്ലിയ്യ) സംവിധാനിക്കാന്‍ സെനറ്റ് യോഗത്തില്‍ അനുമതി നല്‍കി. അഞ്ച് ഫാക്കല്‍റ്റികളായി പത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് പുതിയ അധ്യയന വര്‍ഷം മുതല്‍ സംവിധാനിക്കുന്നത്. കുല്ലിയ്യ ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സുന്നഃക്ക് കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആിനിക് സ്റ്റഡീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, കുല്ലിയ്യ ഓഫ് ഉസ്വൂലുദ്ദീനു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഖീദ ആന്‍ഡ് ഫിലോസഫി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്‌ലാമിക് സിവിലൈസേഷന്‍, കുല്ലിയ്യ ഓഫ് റിലീജ്യന്‍ ആന്‍ഡ് സൊസൈറ്റിക്കു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കംപാരറ്റീവ് റിലീജ്യന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൊസൈറ്റല്‍ ഡെവലപ്‌മെന്റ്, കുല്ലിയ്യ ഓഫ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിനു കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌ലേഷന്‍ എന്നിങ്ങനെയാണ് പുതുതായി സംവിധാനിച്ച കുല്ലിയ്യകളു ഡിപ്പാര്‍ട്ട്‌മെന്റുകളും.

മതപഠനം; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗൗരവത്തിലെടുക്കണം: ഹൈദര്‍ അലി തങ്ങള്‍

കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഗൗരവത്തിലെടുക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നവീന സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിച്ച് ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ അതിജയിക്കാന്‍ നമുക്കാവണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംവിധാനിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഓണ്‍ലൈന്‍ ക്ലാസുകളടക്കമുള്ള പഠന സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സ്ഥാപന ഭാരവാഹികളും അധ്യാപകരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ പറഞ്ഞു.

മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ യു.ഐ.ഡി നമ്പര്‍ പ്രാബല്യത്തില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലം മത വിദ്യഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ യുനിക്ക് ഐ.ഡി നമ്പര്‍ പ്രാബല്യത്തില്‍ വന്നു. ഒന്നാം ക്ലാസിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം യു.ഐ.ഡി നമ്പര്‍ നല്‍കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,257 അംഗീകൃത മദ്‌റസകളിലും യു.ഐ.ഡി നടപ്പാക്കും. ഒന്നാം ക്ലാസില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ മദ്‌റസ പഠനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങള്‍ക്കും യു.ഐ.ഡി നമ്പര്‍ ഉപയോഗപ്പെടുത്താനാവും.

വെളിമുക്ക് തഅ്‌ലീമുസ്സിബ്‌യാന്‍ ഹയര്‍ സെക്കന്ററി മദ്‌റസയിലെ മുഹമ്മദ് റുഫൈദ് വി.പി എന്ന വിദ്യാര്‍ത്ഥിയുടെ യു.ഐ.ഡി നമ്പര്‍ ചേര്‍ത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് അബ്ദുസ്സമദ് ഹാമിദ് നിസാമി ജമലുല്ലൈലി തങ്ങള്‍, കബീര്‍ ഫൈസി ചെമ്മാട് ചടങ്ങില്‍ സംബന്ധിച്ചു. http://online.samastha.info എന്ന സൈറ്റ് മുഖേനെയാണ് അപ്‌ലോഡ് ചെയ്യേണ്ടത്.

ചൈനീസ് അതിക്രമം പ്രതിഷേധാര്‍ഹം: SYS

കോഴിക്കോട്: അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ചുകൊണ്ട് അന്യായമായി അതിര്‍ത്തി കടന്ന് ഇന്ത്യയുടെ 20 ധീരജവാന്മാരെ വധിച്ച ചൈനീസ് നടപടി അപലപനീയമാണെന്ന് സുന്നി യുവജനസംഘം സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തിന്റെ അഖണ്ഡത കാത്തുരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നും ഇന്ത്യയുടെ ഒരു തരിമണ്ണോ ഒരു ജീവനോ പൊലിയാതെ അത്മാഭിമാനം കാക്കാന്‍ ശക്തമായ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ആദ്യമായി നമ്മുടെ പട്ടാളത്തിന്റെ രക്തം അതിര്‍ത്തിയില്‍ വീണിരിക്കുന്നു. ലോകം കോവിഡ് 19 മഹാമാരിയില്‍ ശ്വാസം മുട്ടിനില്‍ക്കുന്ന ഈ ഘട്ടത്തില്‍ ചൈന നടത്തിയ അതിക്രമം ഇരട്ട കുറ്റകൃത്യമായി കാണണം.

ഭാരതത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
- Sunni Afkar Weekly

പ്രവാസികളുടെ തിരിച്ചുവരവ്; സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ചേളാരി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടില്‍ എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വന്ദേഭാരത് മുഖേന കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകള്‍ ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലും തിരിച്ചുവരാന്‍ ആയിരങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കിയിരിക്കുകയാണെന്നും ആയതിന് അടിയന്ത്രിര പരിഹാരമുണ്ടാക്കി തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari

സാമൂഹിക പിന്നോക്കാവസ്ഥക്ക് പരിഹാരം ലക്ഷ്യബോധമുള്ള വിദ്യാഭ്യാസം മാത്രം: ഡോ. പി. സരിന്‍

ഒറ്റപ്പാലം: സാമൂഹികവും സാമൂദായികവുമായ പിന്നോക്കാവസ്ഥക്ക് ലക്ഷ്യ ബോധത്തോടെയുള്ള വിദ്യാഭ്യാസം മാത്രമാണ് പരിഹാരമെന്ന് പ്രമുഖ സാമൂഹിക വിദ്യാഭ്യാസ വിചക്ഷകനും മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഡോ. പി. സരിന്‍ അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ പുതിയ സംരഭം 'ട്രന്റ് ടോക്കി' ന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള പല തൊഴില്‍ മേഖലകളും മുപ്പത് വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടാവില്ല എന്ന തിരിച്ചറിവിന്റെ കാലമാണിത്. കാലഘട്ടത്തിനനുസരിച്ച് മാറി മാറി വരുന്ന ട്രന്‍ഡുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന തലമുറകളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. എന്നാല്‍ ഇനി അത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. വരും കാലത്തെ ട്രന്റ് എന്തെന്ന് മനസ്സിലാക്കി അതിന് മുന്‍പില്‍ നില്‍ക്കാന്‍ കഴിയുന്ന വിധം മാറ്റത്തെ വിലയിരുത്താന്‍ പറ്റുന്ന രീതിയില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും ഒരുക്കി എടുക്കേണ്ടതുണ്ടെന്നും ഈ ലക്ഷ്യത്തിന് വേണ്ടിയാണ് എസ്. കെ. എസ്. എസ്. എഫും ട്രന്‍ഡും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ട്രന്റ് ടോക്ക്' ഈ ലക്ഷ്യത്തിന് വലിയ മുതല്‍ കൂട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് മീഡിയാ വിംഗിന്റെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ഷഹീര്‍ ദേശമംഗലം, ട്രന്റ് ടോക്ക് കോര്‍ഡിനേറ്ററും ട്രന്റ് സംസ്ഥാന സമിതി അംഗവുമായ മാലിക്ക് ചെറുതുരുത്തി, ദേശമംഗലം മേഖലാ പ്രസിഡന്റ് സി. എ ഇബ്രാഹിം എന്നിവര്‍ സന്നിഹിതരായിരുന്നു. വിദ്യാഭ്യാസ തൊഴില്‍ സംബന്ധമായ വ്യത്യസ്ത പരിപാടികളുമായി ട്രന്റ് ടോക്ക് എല്ലാ വെള്ളിയാഴ്ചകളിലും എസ്. കെ. ഐ. സി. ആര്‍ യൂറ്റൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും ലഭ്യമാകുമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു. ആദ്യ എപ്പിസോഡില്‍ ട്രന്‍ഡ് സ്ഥാപക ഡയറക്ടര്‍ എസ് വി മുഹമ്മദലി വിഷയമവതരിപ്പിച്ചു.

SKSSF പ്രബന്ധ മത്സരം; മുഹമ്മദ് മുഹ്സിന് സ്വർണ്ണ നാണയം

കോഴിക്കോട്: സഹനം, സംയമനം,സംസ്‌കരണം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച റമളാന്‍ കാമ്പയിന്റെ ഭാഗമായുള്ള പ്രബന്ധ മത്സരത്തിൽ മുഹമ്മദ് മുഹ്സിൻ ഒളവട്ടൂർ ഒന്നാം സ്ഥാനം നേടി സ്വർണ്ണ നാണയത്തിന് അർഹത നേടിയതായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു. അസ് ഹാബുല്‍ ബദ്ര്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധ മത്സരത്തില്‍ അറുപത് പേരാണ് പങ്കെടുത്തത്. മുഹമ്മദ് സാലിം വാഫി പഴമള്ളൂര്‍, ഫാത്തിമ ഷബാന മണ്ണഞ്ചേരി ആലപ്പുഴ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടാം സ്ഥാനത്തിന് 4444 രൂപയും മൂന്നാം സ്ഥാനത്തിന് 2222 രൂപയും കാഷ് അവാർഡ് നൽകുമെന്ന് തങ്ങൾ അറിയിച്ചു.
- SKSSF STATE COMMITTEE

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധാക്കിയ ഉത്തരവ് പിന്‍വലിക്കുക: സമസ്ത പ്രവാസി സെല്‍

ചേളാരി : ജോലി നഷ്ടപ്പെട്ട് നിത്യ ജീവിതത്തിന് പോലും വകയില്ലാതെ ഗള്‍ഫിലും മറ്റും വളരെ പ്രയാസത്തിലകപ്പെട്ട പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി സന്നദ്ധ സംഘടനകളും മറ്റും ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യണമെങ്കില്‍ കോവിഡ് ടെസ്റ്റ് നടത്തി രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് സര്‍ക്കാര്‍ എത്രയും വേഗം പിന്‍വലിക്കണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ ആവശ്യപ്പെട്ടു. വന്ദേഭാരത് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നിരിക്കെ ചാര്‍ട്ടേഡ് വിമാനത്തില്‍ മാത്രം ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ടെസ്റ്റ് നടത്താനുള്ള സാമ്പത്തിക പ്രയാസവും റിസള്‍ട്ട് ലഭിക്കാനുള്ള കാലതാമസവും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം റിസള്‍ട്ടിന്റെ പ്രാബല്യം നഷ്ടപ്പെടുമെന്നതും നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ചവരുടെ മുമ്പില്‍ വലിയ തടസ്സമായി മാറുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കേരള സർക്കാർ തീരുമാനം പ്രവാസികളോടുള്ള ക്രൂരമായ നടപടി: സമസ്ത ഇസ്‌ലാമിക് സെന്റർ

റിയാദ്: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാർ നടപടി പ്രവാസികളോടുള്ള ക്രൂരമായ നടപടിയെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആരോപിച്ചു. വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇല്ലാത്ത കൊവിഡ് രോഗ സാധ്യത എന്തടിസ്ഥാനത്തിലാണ് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർകുണ്ടാകുകയെന്നു സർക്കാർ വ്യക്തമാക്കണം. തീർത്തും വിവേചന പരവും നിരുത്തരവാദിത്ത പരവുമായ സമീപനമാണ് കേരള സർക്കാരിന്റെ ചാർട്ടേഡ് വിമാനങ്ങൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാണെന്ന പ്രസ്‌താവനയിലൂടെ പുറത്ത് വന്നത്. ഇത് തീർത്തും രാഷ്ട്രീയ ലക്‌ഷ്യം വെച്ചും ദുരുദ്ദേശപരമായ സമീപനങ്ങളിലൂടെയുമാണ് ഇങ്ങനെ ഒരു രീതി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും എസ്‌ഐസി കുറ്റപ്പെടുത്തി.

സമസ്ത 253 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി പുതുതായി 253 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10257 ആയി. കേരളം 3, കര്‍ണാടക 24, ആന്ധ്രപ്രദേശ് 45, ബീഹാര്‍ 16, വെസ്റ്റ് ബംഗാള്‍ 85, ആസാം 80 എന്നിങ്ങനെയാണ് പുതുതായി അംഗീകരിച്ച മദ്‌റസകളുടെ എണ്ണം. കേരളത്തിന് പുറത്ത് ഹാദിയയുടെ കീഴില്‍ നടത്തിവന്നിരുന്ന മദ്‌റസകളാണ് ഇപ്പോള്‍ വിദ്യാഭ്യാസ ബോര്‍ഡിനുകീഴില്‍ അംഗീകരിച്ചത്.

കോളേജുകളുടെ സമയമാറ്റത്തിൽ വെള്ളിയാഴ്ച ഇളവ് അനുവദിക്കണം: SKSSF

കോഴിക്കോട്: സംസ്ഥാനത്ത് കോളേജുകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പുതിയ സമയക്രമീകരണത്തിൽ വെള്ളിയാഴ്ചക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ആവശ്യപ്പെട്ടു. രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയുള്ള ക്ലാസ്സ് സമയക്രമീകരണം വെള്ളിയാഴ്ച ജുമുഅ നിസ്ക്കാരം നിർവ്വഹിക്കുന്ന മുസ് ലിം വിദ്യാർത്ഥികൾക്ക് പ്രയാസകരമാവും. കോളേജുകളിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവിൽ മാറ്റം വരുത്തി കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ഉന്നത വിദ്യാഭ്യാസ വകപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ, 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്

ചേളാരി: കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസക്ക് 10 ദിവസം കൊണ്ട് 2.5 കോടി വീവേഴ്‌സ്. 2020 ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ യൂട്യൂബില്‍ രേഖപ്പെടുത്തിയ ഔദ്യോഗിക കണക്കാണിത്. കൂടാതെ ദര്‍ശന ടീവിയില്‍ ദിനേന 26 ലക്ഷത്തോളം വീവേഴ്‌സ് വേറെയുമുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കു പുറമെ പതിനായിരങ്ങള്‍ ദിവസവും ക്ലാസുകള്‍ വീക്ഷിക്കുന്നുണ്ടെന്ന സാക്ഷ്യപ്പെടുത്തല്‍ കൂടിയാണിത്. ഒന്നു മുതല്‍ പ്ലസ്ടൂ വരെ ക്ലാസുകളില്‍ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ 7.30 മുതല്‍ 8.30 വരെയാണ് ക്ലാസുകളുടെ സമയം. ദര്‍ശന ചാനലില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 7 മുതല്‍ 11.30 വരെയാണ് സംപ്രേഷണം ചെയ്യുന്നത്.

മദ്‌റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ല

കോഴിക്കോട്: മദ്‌റസകളും മറ്റു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ലെന്നും അവിടങ്ങളില്‍ വെച്ചുള്ള ജുമുഅ: നിസ്‌കാരം നിയമവിരുദ്ധവും കുറ്റകരവുമാണെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ ജുമുഅ: നിസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ജുമുഅ: നിസ്‌കാരം ഇരുസര്‍ക്കാറുകളുടെ നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് നിര്‍വ്വഹിക്കണം. ഒരു പള്ളിയില്‍ ആളുകളുടെ എണ്ണം 100 ല്‍ പരിമിതപ്പെടുത്തിയത് കൊണ്ട് നൂറിന് പുറത്തുള്ളവര്‍ക്ക് അതേ മഹല്ലിലെ നിസ്‌കാരപള്ളികളിലും സൗകര്യമില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് ജുമുഅ: നിര്‍ബന്ധമില്ലാത്തതിനാല്‍ ളുഹ്‌റ് നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ മതിയാവുന്നതാണ്. നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആവശ്യമായ ക്രമീകരണങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

ദാറുല്‍ഹുദാ പഠനാരംഭം 15 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ മുഴുവന്‍ യു.ജി കോളേജുകളിലും ഓഫ് കാമ്പസുകളിലും പുതിയ അധ്യയന വര്‍ഷത്തെ പഠനാരംഭം ജൂണ്‍ 15 ന് നടത്താന്‍ ദാറുല്‍ഹുദാ-യു.ജി സ്ഥാപന മാനേജ്മെന്റ്, അധ്യാപക പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ വീതമായിരിക്കും ക്ലാസുകള്‍. അധ്യായന വര്‍ഷരംഭത്തിന്റെ മുന്നോടിയായി അധ്യാപകര്‍ക്കുള്ള പരിശീലന ക്യാംപ് ഓണ്‍ലൈന്‍ വഴി 7,8 തിയ്യതികളില്‍ നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള വാഴ്‌സിറ്റിയുടെ 32 കോളേജുകളിലെ നാനൂറിലധികം അധ്യാപകര്‍ ക്യാംപില്‍ സംബന്ധിച്ചു.

പള്ളികളിലെ ജുമുഅ: ജമാഅത്ത്; നിലപാടില്‍ മാറ്റമില്ല: സമസ്ത

ചേളാരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ ഇരുസര്‍ക്കാരുകളുടെയും നിബന്ധനകള്‍ പാലിച്ച് പള്ളികള്‍ തുറന്ന് ജുമുഅ: ജമാഅത്ത് നിര്‍വ്വഹിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തല്‍ ഉലമാ നേതാക്കളുടെയും പോഷക സംഘടന ഭാരവാഹികളുടെയും സംയുക്ത യോഗം അറിയിച്ചു.

രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരമാണ് ഇത് വരെ പള്ളികള്‍ അടച്ചിട്ടത്. അതേ ഭരണകൂടം പള്ളികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിബന്ധനകളോടെ അനുമതി നല്‍കിയ സാഹചര്യത്തിലാണ് പള്ളികള്‍ തുറക്കുന്നത്. നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ പള്ളികള്‍ തുറന്ന് ആരാധനക്ക് അവസരമൊരുക്കാതിരിക്കുന്നത് കുറ്റകരമാണ്. മഹല്ല് ജമാഅത്തുകളും ഖാസി, ഖത്തീബുമാരും ഇക്കാര്യം ഗൗരവത്തിലെടുക്കണം. അതേസമയം നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതുമാണ്.

ധാർമിക ബോധമുള്ളവർ സിവിൽ സർവ്വീസ് രംഗത്തേക്ക് വരണം: അബൂബക്കർ സിദ്ധീഖ് IAS

എസ്. കെ. എസ്. എസ്. എഫ് മഫാസ് സിവിൽ സർവ്വീസ് പ്രൊജക്റ്റ് മൂന്നാം ബാച്ചിന്റെ ലോഞ്ചിങ് നിർവ്വഹിച്ചു

കോഴിക്കോട്: ധാർമികത ജീവിത ഭാഗമാക്കിയവരും മൂല്യബോധമുള്ളവരും സിവിൽ സർവീസ് രംഗത്തേക്ക് കടന്ന് വരുന്നത് സ്വാഗതാർഹമെന്ന് അബൂബക്കർ സിദ്ധീഖ് ഐ. എ. എസ് പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെൻഡിന് കീഴിൽ അറബിക് കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള സിവിൽ സർവ്വീസ് കോച്ചിംഗ് പദ്ധതിയായ മഫാസ് മൂന്നാം ബാച്ച് ലോഞ്ചിങ് നിർവ്വഹിച്ച ഓൺലൈൻ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ധേഹം.

മമ്പുറം മഖാം ഇപ്പോള്‍ തുറക്കുന്നില്ല

ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ഉണ്ടെങ്കിലും കോവിഡ് - 19 ന്റെ നിലവിലെ നമ്മുടെ സംസ്ഥാനത്തിന്റെയും മലപ്പുറം ജില്ലയുടെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നത് വരെ തല്‍ക്കാലം തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മമ്പുറം മഖാം മാനേജ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു.
- Darul Huda Islamic University

പള്ളികളില്‍ ആരാധന: സമസ്ത മഹല്ലുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി

ചേളാരി: 2020 ജൂണ്‍ 8 മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മഹല്ലു കമ്മിറ്റികള്‍ക്ക് സര്‍ക്കാരിന്റെ നിബന്ധനകളും മറ്റും ഉള്‍ക്കൊള്ളിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, ഖാസി, ഖത്തീബ്, ഇമാം, മഹല്ല് നിവാസികള്‍ എന്നിവര്‍ക്ക് നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവരാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പള്ളികള്‍ തുറക്കുമ്പോള്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം: SMF

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അടക്കമുള്ള മത സംഘടനകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചും മത നേതാക്കന്മാര്‍ സമര്‍പ്പിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സ്വാഗതം ചെയ്തു. പള്ളികള്‍ ആരാധനക്കായി തുറക്കുമ്പോള്‍ മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്ത്വം വര്‍ദ്ധിച്ചിരിക്കുകയാണെന്നും ആരോഗ്യ സംരക്ഷണ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മഹല്ല് ഭാരവാഹികളും വിശ്വാസി സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. ഇത് സംബന്ധമായി മഹല്ല് കമ്മിറ്റികള്‍ക്ക് ഓണ്‍ലൈന്‍ വഴി അയച്ച് കൊടുക്കുന്നതിനുള്ള സര്‍ക്കുലര്‍ സമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം ചില സുപ്രധാന കാര്യങ്ങള്‍ കൂടി മഹല്ലുകള്‍ പാലിക്കണമെന്നാണ് സര്‍ക്കുലര്‍ വഴി ബോധവല്‍ക്കരിക്കുന്നത്.

SKSBV പരിസ്ഥിതി സംരക്ഷണ കാമ്പയിനിന് തുടക്കം കുറിച്ചു

ചേളാരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ബാലവേദി എല്ലാ വര്‍ഷവും നടത്തപ്പെടുന്ന പരിസ്ഥിതി സംരക്ഷണ കാമ്പയിനിന് തുടക്കം കുറിച്ചു. തണലൊരുക്കം നല്ല നാളെക്കായ് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ വീട്ടിലൊരു മരം, ശുചിത്വം നമ്മുടെ കടമ, ഓണ്‍ലൈന്‍ പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ജൂണ് 5 മുതല്‍ 15 വരെയാണ് കാമ്പയിനിന്റെ കാലാവധി. കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പി.കെ കുഞ്ഞാലികുട്ടി സാഹിബ് നിര്‍വഹിച്ചു. സുന്നി ബാലവേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി ഉണ്ണി കൃഷ്ണന്‍, കൊടക് അബ്ദു റഹ്മാന്‍ മുസ്ലിയാര്‍, ഹുസ്സൈന്‍ കുട്ടി മൗലവി, എം.എ ചേളാരി, സയ്യിദ് തുഫൈല്‍ തങ്ങള്‍, റബീഉദ്ദീന്‍ വെന്നിയൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാമിഅഃ നൂരിയ്യഃ അഡ്മിഷന്‍ ഓണ്‍ലൈന്‍ അപേക്ഷ ആരംഭിച്ചു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യ അറബിയ്യയില്‍ 2020-21 അധ്യയന വര്‍ഷത്തേക്കുള്ള മുഖ്തസ്വര്‍, മുത്വവ്വല്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ആരംഭിച്ചു. jamianooriya.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 2020 ജൂണ്‍ 7ന് വൈകുന്നേരം 6 മണിക്ക് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കണം. മുദരിസുമാര്‍ മുഖേനെ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 10 മുതല്‍ ഇന്റര്‍വ്യൂ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതാണെന്നും ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ക്ക് 9747399584 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- JAMIA NOORIYA PATTIKKAD

പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. സമസ്ത ഓണ്‍ലൈന്‍ മദ്‌റസ 15 ലക്ഷത്തോളം പേര്‍ വീക്ഷിച്ചു

ചേളാരി: റമസാന്‍ അവധി കഴിഞ്ഞ് മദ്‌റസ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം പതിവുപോലെ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ ലൈന്‍ മദ്‌റസ പഠനം ഏല്‍പ്പെടുത്തിയാണ് പുതിയ അദ്ധ്യയ വര്‍ഷത്തിലേക്ക് പ്രവേശിച്ചത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികള്‍ ഇന്നലെ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തില്‍ പരം പഠിതാക്കള്‍ ഇന്നലത്തെ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ ക്ലാസുകള്‍ ലഭ്യമായിരുന്നു.

രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. നിശ്ചിത സമയം പെങ്കടുക്കാന്‍ കഴിയാത്തവര്‍ക്കും ആവര്‍ത്തിച്ചു കേള്‍ക്കേണ്ടവര്‍ക്കും ക്ലാസുകള്‍ യൂട്യൂബിലും ആപ്പിലും ലഭ്യമായത് ഏറെ അനുഗ്രമായി.

ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ രണ്ട് വിഷയങ്ങളിലും മറ്റു ക്ലാസുകളില്‍ ഒരു വിഷയവുമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. സ്വന്തം ഭവനത്തില്‍ നിന്നുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. പഠന സമയത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് തുണയായി. മദ്‌റസ പിരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുവരുത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകള്‍ക്ക് രക്ഷിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് സഹായകമായി. സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ച് തലത്തില്‍ മോണിറ്ററിംഗ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും പഠനം കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായിച്ചു.

മദ്‌റസ അദ്ധ്യയന വര്‍ഷവും സ്‌കൂള്‍ അദ്ധ്യയന വര്‍ഷവും ഒന്നിച്ചുവന്ന ദിവസം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഇന്നലത്തെ അധ്യയന വര്‍ഷാരംഭത്തിന്. കോവിഡ് -19 ലോക്ക് ഡണ്‍ മൂലം മൂന്ന് മാസത്തോളമായി വിദ്യാലയത്തില്‍ പോയി പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതലുള്ള മദ്‌റസ-സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനം അനുഗ്രമായി.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ 'ദര്‍ശന' ടിവി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉള്‍പ്പെടെ നെറ്റ് സര്‍വ്വീസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.

ഓണ്‍ലൈന്‍ മദ്‌റസ ഇന്നത്തെ വിഷയക്രമം: ഒന്നാം ക്ലാസ്-തഫ്ഹീമുത്തിലാവ (1), രണ്ടാം ക്ലാസ് ഖുര്‍ആന്‍, അഖ്‌ലാഖ്, മൂന്നാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, നാലാം ക്ലാസ് - ഖുര്‍ആന്‍, അഖീദ, അഞ്ചാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ആറാം ക്ലാസ് - ഖുര്‍ആന്‍, ഫിഖ്ഹ്, ഏഴാം ക്ലാസ് - ഖുര്‍ആന്‍, താരീഖ്, എട്ടാം ക്ലാസ് - ഫിഖ്ഹ്, ഒമ്പതാം ക്ലാസ് - താരീഖ്, പത്താം ക്ലാസ് - ദുറൂസുല്‍ ഇഹ്‌സാന്‍, പ്ലസ്‌വണ്‍ - ഫിഖ്ഹ്, പ്ലസ്ടു - തഫ്‌സീര്‍. ദര്‍ശന ടി.വി: എല്ലാ ദിവസവും രാവിലെ 7.30 മുതല്‍ 7.15 വരെ ഖുര്‍ആന്‍. പ്ലസ്ടു: 7.15 മുതല്‍ 7.35 വരെ. പ്ലസ്‌വണ്‍: 7.35 മുതല്‍ 7.55 വരെ. പത്താം ക്ലാസ്: 7.55 മുതല്‍ 8.15 വരെ. ഒന്നാം ക്ലാസ്: 8.15 മുതല്‍ 8.35 വരെ. രണ്ടാം ക്ലാസ്: 8.35 മുതല്‍ 8.55 വരെ. മൂന്നാം ക്ലാസ്: 8.55 മുതല്‍ 9.15 വരെ. നാലാം ക്ലാസ്: 9.15 മുതല്‍ 9.35 വരെ. അഞ്ചാം ക്ലാസ്: 9.35 മുതല്‍ 9.55 വരെ. ആറാം ക്ലാസ്: 9.55 മുതല്‍ 10.15വരെ. ഏഴാം ക്ലാസ്: 10.15 മുതല്‍ 10.35വരെ. എട്ടാം ക്ലാസ്: 10.35 മുതല്‍ 10.55 വരെ. ഒമ്പതാം ക്ലാസ്: 10.55 മുതല്‍ 11.15 വരെ.
- Samasthalayam Chelari