നിയമലംഘകര്‍ സൌദി വിടണമെന്ന് ഇന്ത്യന്‍ എംബസി
ഔട്ട് പാസ് നല്‍കുന്നതിന് സൌകര്യം ഒരുക്കിയിട്ടുണ്ട്
നിയമവിധേയമായി നില്ക്കുന്നവര് ഭയപ്പെടേണ്ടതില്ല
ന്യൂഡല്‍ഹി: സൌദിഅറേബ്യയില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണത്തില്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ അഹമ്മദ്. വിഷയത്തില്‍ സൌദി വിദേശകാര്യസഹമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ സഅദ് രാജകുമാരനുമായി താജിക്കിസ്താനിലെ ദിന്ഷാന്ബെയില് മന്ത്രി ചര്‍ച്ച നടത്തി.
ഏഷ്യന്‍ സഹകരണ സമ്മേളനത്തിലാണു ചര്‍ച്ച നടത്തിയത്. സ്വദേശിവല്‍ക്കരണംമൂലം തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇന്ത്യയിലെ ലക്ഷക്കണക്കിനു കുടുംബങ്ങളെന്ന് അഹമ്മദ് സൌദി രാജകുമാരനെ അറിയിച്ചു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച കത്തിന്റെ ഉള്ളടക്കം മന്ത്രി രാജകുമാരന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ഇന്ത്യയുമായുള്ള ബന്ധം സൌഹാര്ദപരമാണെന്നും ഇത് സൌദി പരിഗണിക്കുമെന്നും തിരിച്ചുചെന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും രാജകുമാരന് അഹമ്മദിനെ അറിയിച്ചു. ഇന്ത്യക്കാര്‍ക്കു കഴിയുന്നിടത്തോളം പരിഗണന നല്‍കുമെന്നും രാജകുമാരന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടുദിവസമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കുഞ്ഞാലിക്കുട്ടി, സൌദിഅറേബ്യയിലെ സ്ഥാനപതി, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അഹമ്മദ് പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നം എംബസി സൌദി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാനപതി ഹമീദ് അലി റാവു ഇന്നലെ റിയാദ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭയാശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ഇതേസമയം, സൌദിഅറേബ്യയിലെ സ്വദേശിവല്‍ക്കരണംമൂലം മടങ്ങിവരേണ്ടിവരുന്ന ഇന്ത്യക്കാരുടെ സാമൂഹികസുരക്ഷ ഉറപ്പാക്കാന്‍ ഇടപെടുമെന്നു സോണിയാഗാന്ധി വ്യക്തമാക്കി. വിഷയത്തില്‍ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നു സോണിയാഗാന്ധി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചു.
അതേസമയം, സൌദിയിലെ നിയമലംഘകര്‍ രാജ്യംവിടണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇവര്‍ക്ക് ഔട്ട് പാ സ് നല്‍കുന്നതിന് സൌകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍, നിയമവിധേയമായി നില്ക്കുന്നവര് ഭയപ്പെടേണ്ടതില്ലെന്ന് എംബസി അധികൃതര്‍ അറിയിച്ചു.