സമസ്ത പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്ത് ഉദാത്ത മാതൃകയാവുന്നു. സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റികള്‍ മറ്റു ഏജന്‍സികള്‍ എന്നിവരെല്ലാം നടത്തുന്ന പൊതുപരീക്ഷകള്‍ പലപ്പോഴായി താളം തെറ്റുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ കുറ്റമറ്റ പൊതുപരീക്ഷ സംവിധാനം അക്കാദമിക് ലോകം പലപ്പോഴായി പ്രശംസിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് വരെ എണ്ണയിട്ടയന്ത്രം പോലെയാണ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19 മൂലം വിദേശങ്ങളില്‍ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടന്നിരുന്നത്. വിദേശങ്ങളില്‍ നടന്ന സമസ്ത ഓണ്‍ലൈന്‍ പരീക്ഷയെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും അക്കാദമിക സമൂഹവും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഇന്ത്യയില്‍ 3,4 തിയ്യതികളില്‍ നടത്തിയ ഓഫ്‌ലൈന്‍ പരീക്ഷയുടെ 11 ലക്ഷത്തോളം ഉത്തരക്കടലാസുകള്‍ പരിശോധിച്ച് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കകം ഫലം പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കോവിഡ്-19 ന്റെ നിയന്ത്രണ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ പ്രവര്‍ത്തനങ്ങള്‍ എന്നത് ഏറെ ശ്രദ്ധേയം. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം നടന്നത്. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയാണ് ഈ അദ്ധ്യായന വര്‍ഷത്തെ ക്ലാസുകള്‍ നടന്നിരുന്നത്. സാങ്കേതിക മേന്മയും അവതരണമികവും സമസ്ത ഓണ്‍ലൈന്‍ മദ്‌റസയെ പ്രത്യേകം ശ്രദ്ധേയമാക്കിയിരുന്നു. പൊതുപരീക്ഷാ ഫലത്തിലെ ഉയര്‍ന്ന ശതമാനം ഓണ്‍ലൈന്‍ പഠനത്തിന്റെ മികവിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രത്യേക ശിക്ഷണത്തിന്റെയും ഫലമാണ് സൂചിപ്പിക്കുന്നത്.

പരീക്ഷ നടത്തിപ്പുമായി സഹകരിച്ച എല്ലാവരെയും വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും പ്രത്യേകം അഭിനന്ദിച്ചു.
- Samasthalayam Chelari