പാണക്കാട്ട് വിദ്യാഭ്യാസ നഗര പദ്ധതിയുമായി ഇന്‍കെല്‍

മലപ്പുറം: പാണക്കാട് വില്ലേജിലെ കാരാത്തോട്ടില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ നഗരി പണിയാന്‍ ഇന്‍കെലും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും പദ്ധതി തയാറാക്കുന്നു.
സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ഇന്‍കെല്ലിനും ഇന്‍കെല്‍ കെ.എസ്.ഐ.ഡി.സി സംയുക്ത സംരംഭമായ ഇന്‍കിഡിനും പാട്ടത്തിന് നല്‍കിയ 243 ഏക്കര്‍ ഭൂമിയിലാണ് വിദ്യാഭ്യാസ നഗരി സ്ഥാപിക്കുകയെന്ന് ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടര്‍ ടി. ബാലകൃഷ്ണന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍. ശശിധരന്‍ നായര്‍, മലപ്പുറം പ്രോജക്ട് സ്‌പെഷല്‍ ഓഫീസര്‍ എം. അബ്ദുല്‍മജീദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
75 ഏക്കര്‍ സ്ഥലം ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റിയുടെ കാമ്പസിനായി അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലത്ത് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സംരംഭകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രശംസനീയമാംവിധം സംരംഭങ്ങള്‍ നടത്തുന്നവരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സാങ്കേതിക വിദ്യാഭ്യാസകേന്ദ്രം, എഞ്ചിനീയറിംഗ് കോളജ്, ഇന്റര്‍നാഷണല്‍ ബിസിനസ് സ്‌കൂള്‍, ഫിനിഷിംഗ് സ്‌കൂള്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സ്‌കൂള്‍ ഓഫ് സയന്‍സ്, സ്‌കൂള്‍ ഓഫ് കോമേഴ്‌സ്, മീഡിയ സ്‌കൂള്‍, ആയൂര്‍വേദിക് സെന്റര്‍ മുതലായവയാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പ്രോജക്ടുകള്‍. അനുബന്ധ സേവനങ്ങളായി ഹോട്ടല്‍, വാണിജ്യകേന്ദ്രം, കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയും മാസ്റ്റര്‍പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമെ ചെറുകിട വ്യവസായ പാര്‍ക്കില്‍ വ്യവസായ ഷെഡ്ഡുകള്‍ നിര്‍മിച്ചു നല്‍കാനും പദ്ധതിയുണ്ടെന്ന് ടി. ബാലകൃഷ്ണന്‍ പറഞ്ഞു.

എജ്യുസിറ്റിക്ക് ആവശ്യമായ വൈദ്യുതിയും വെള്ളവും ഇന്‍കെല്‍ എത്തിക്കും. കാമ്പസിനകത്ത് ആവശ്യമായ റോഡുകളും നിര്‍മിക്കും.

നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍ അപേക്ഷ ഫെബ്രുവരി 28ന് മുമ്പായി സ്‌പെഷല്‍ ഓഫീസര്‍, (മലപ്പുറം പ്രോജക്ട്‌സ്)ഇന്‍കെല്‍ എജ്യുസിറ്റി, കാരാത്തോട്, പി.ഒ ഊരകം മേല്‍മുറി, മലപ്പുറം-676 519 എന്ന വിലാസത്തില്‍ നിര്‍ദിഷ്ട ഫോറത്തില്‍ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ ഇന്‍കെല്‍ മലപ്പുറം പ്രോജക്ട് സ്‌പെഷല്‍ ഓഫീസറില്‍ നിന്ന് ലഭിക്കും.

നിക്ഷേപ തല്‍പരരുടെ യോഗം വിവിധ ജില്ലകളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആദ്യയോഗം ഇന്നലെ കോഴിക്കോട്ട് നടന്നു. പാലക്കാട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും യോഗം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.(അവ. ചന്ദ്രിക