മനാമ: എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റ് നവംബര്‍ 10ന് ബഹ്റൈനില്‍ നടക്കും. ഒക്ടോബര്‍.6ന് നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഗ്ലോബല്‍ മീറ്റ് നവംബറിലേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നു മുതല്‍ (ഓക്ടോ.10) ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
എസ്.കെ.എസ്.എസ്.എഫിന്‍റെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത്തെ ഗ്ലോബല്‍ മീറ്റാണ് ബഹ്റൈനിലെ മനാമ സമസ്ത ആസ്ഥാനത്ത് വെച്ച് നടക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഭാരവാഹികള്‍ക്കു പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനെത്തും.
2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രഥമ ഗ്ലോബല്‍ മീറ്റില്‍ അംഗീകരിച്ച 3 പദ്ധതികള്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സിവില്‍ സര്‍വിസ് പരിശീലനത്തിനുള്ള സ്മാര്‍ട്ട് പദ്ധതി, സംസ്ഥാനത്തെ മതകലാലയങ്ങളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന ബിരുദ വിദ്യാര്‍ഥികള്‍ക്ക് യു.പി.എസ്.സി, സിവില്‍ സര്‍വിസ് പരിശീലനം, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നിവയാണവ.
ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുവാനും കര്‍മ പരിപാടികള്‍ ഫലപ്രദമാക്കുവാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഗള്‍ഫ് സത്യധാര വിവിധ രാജ്യങ്ങളിലെ വായനക്കാരിലേക്ക്കൂടി എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷികം ഒക്‌ടോബര്‍ 20ന് അബൂദബിയില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ബഹ്‌റൈനില്‍ നടക്കുന്ന ഗ്ലോബല്‍ മീറ്റില്‍ വിവിധ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികളും, സംഘടനക്ക് ഇടപെടാന്‍ കഴിയുന്ന പ്രവാസി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.
ഗ്ലോബല്‍ മീറ്റിനായി വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിച്ചേരുന്ന പ്രതിനിധികളെ സ്വീകരിക്കുന്നതിനായി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫും ഒരുക്കങ്ങളാരംഭിച്ചിട്ടുണ്ട്. കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം രാത്രി 8.30ന് സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്.