'നട്ടാലേ നേട്ടമുള്ളൂ . . . ' SKSSF പരിസ്ഥിതി ദിനാചരണം

കോഴിക്കോട്: ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് വിപുലമായ കാര്‍ഷിക പ്രോത്സാഹന പരിപാടികള്‍ നടത്താന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൃഷി വകുപ്പുമായി സഹകരിച്ച് വിത്തുകളും ചെടികളും വിതരണം നടത്തി ശാഖാതലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കും. പ്രവര്‍ത്തകരുടെ വീടുകളില്‍ സ്വന്തമായി പച്ചക്കറി കൃഷി, പ്രത്യേക സമ്മാന പദ്ധതികള്‍, കാര്‍ഷിക സന്ദേശ പ്രചാരണങ്ങള്‍ തുടങ്ങിയവയും നടക്കും. കഴിഞ്ഞ വര്‍ഷങ്ങളിലെ പരിസ്ഥിതി ദിനാചരണങ്ങളില്‍ തുടക്കമിട്ട പദ്ധതികള്‍ മികച്ച രീതിയില്‍ പരിചരിച്ച ശാഖകള്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കും.

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കണം: SKMMA

ചേളാരി: കോവിഡ് 19ന്റെ വ്യാപനം മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമാവാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി രക്ഷിതാക്കളോടും മദ്‌റസ കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു. ജൂണ്‍ 1 മുതല്‍ രാവിലെ 7.30 മുതല്‍ 8.30 വരെയാണ് പഠന സമയം. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാം ദിവസങ്ങളിലും ഒന്ന് മുതല്‍ പ്ലസ്ടു ക്ലാസുകള്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകളുണ്ടാവും. പഠന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാവിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണം. മദ്‌റസ പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. കുട്ടികളുടെ പഠന സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും പുരോഗതി പരിശോധിക്കുന്നതിനും സംശയ നിവാരണത്തിനും സാദ്ധ്യമായ രീതിയില്‍ മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്തണം. ആവശ്യമായ പുസ്തകങ്ങളും നോട്ടുബുക്കുകളും ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ നടപടി സ്വീകരിക്കണം.

ദാറുല്‍ഹുദാ അപേക്ഷ; അവസാന തിയ്യതി 31

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥ്വിമാ സഹ്‌റാ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനു അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 31.

പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം: സമസ്ത

ചേളാരി: സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന പ്രവാസികളുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. നാടിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് പ്രവാസികള്‍. കോവിഡ്-19 മൂലം വിദേശങ്ങളില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അവരെ വീണ്ടും ദുരിതത്തിലാക്കുന്ന നടപടി ഒഴിവാക്കണമെന്നും യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രസംഗിച്ചു.
- Samasthalayam Chelari

മദ്‌റസ പരീക്ഷകള്‍ ഉണ്ടാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊമേഷന്‍ നല്‍കും

ചേളാരി: കോവിഡ്-19 ന്റെ വ്യാപന പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒന്നു മുല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പരീക്ഷകള്‍ നടത്തേണ്ടതില്ലെന്നും പകരം വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊമോഷന്‍ നല്‍കാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതിയോഗം തീരുമാനിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് ഉപരിപഠനത്തിന് യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കും. ശവ്വാല്‍ 9 (ജൂണ്‍ 1) മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവും. ഇതിന് വേണ്ടി വിദഗ്ദരടങ്ങിയ ടീം ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു. ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും യോഗം ആഭ്യര്‍ത്ഥിച്ചു.

ആഗോള ഖത്മുൽ ഖുർആൻ, ഗ്ലോബൽ പ്രതിനിധി സംഗമത്തിന്‌ ഉജ്ജ്വല സമാപനം

പരീക്ഷണങ്ങളെ അതിജയിക്കാൻ ദൈവീക മാർഗ്ഗത്തിലേക്ക് മടങ്ങുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

റിയാദ്: വിശുദ്ധ റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവ്, സഊദിയിലെ സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ, ആഗോള തലത്തിൽ സംഘടിപ്പിക്കപ്പെട്ട ഓൺലൈൻ ഖത്മുൽ ഖുർആൻ പ്രാർത്ഥനാ വേദിയും, ഗ്ലോബൽ പ്രതിനിധിസംഗമവും ശ്രദ്ധേയമായി. എസ്‌ഐസി സഊദി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ''പവിത്ര മാസം പരീക്ഷണങ്ങൾക്ക് പരിഹാരം'' എന്ന റമദാൻ കാമ്പയിൻ സമാപനത്തോടനുബന്ധിച്ചു നടന്ന, ഖത്മുമൽഖുർആൻ പ്രാർത്ഥനക്കു സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയതങ്ങൾ നേതൃത്വം നൽകി.

ഈദ് ആശംസകള്‍

ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദാശംസകള്‍ നേരുന്നു. ആഹ്ലാദത്തിന്റെ നിറ പുഞ്ചിരിയുമായി വീണ്ടുമൊരു ഈദുല്‍ഫിത്വര്‍. വിശ്വാസികളുടെ ആത്മാവിലേക്ക് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പുണ്യമാസത്തിന്റെ വേര്‍പ്പാടിനുശേഷമാണ് ഈ ആഘോഷം നമ്മെ തൊട്ടുണര്‍ത്തുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനയിലൂടെയും സത്കര്‍മങ്ങളിലൂടെയും ഒരു മാസക്കാലം ആര്‍ജിച്ചെടുത്ത പുതിയ വെളിച്ചം വിശ്വാസികളുടെ തുടര്‍ ജീവിതത്തിലും അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.

ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം : ലോക്ക്ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതിനാല്‍ പൊതുഗതാഗതവും, പരീക്ഷകളും, മൂല്യനിര്‍ണ്ണയ ക്യാമ്പുകളും, 50 പേര്‍ പങ്കെടുക്കുന്ന വിവാഹവും വ്യാപാര സ്ഥാപനങ്ങളും നടത്താന്‍ അനുവദിക്കപ്പെട്ട സാഹചര്യത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി പള്ളികളില്‍ ആരാധനകള്‍ക്ക് അനുമതി നല്‍കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന പക്ഷം പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മഹല്ല് കമ്മിറ്റികളെ അറിയിക്കുവാന്‍ വ്യക്തമായ രൂപരേഖ യോഗം അംഗീകരിച്ചു.

പെരുന്നാൾ ദിനത്തിൽ സ്നേഹത്തണലുമായ് SKSSF തൃശൂർ

ചെറുതുരുത്തി: എസ്കെഎസ്എസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ഏഴ് വർഷമായി നടപ്പിലാക്കിവരുന്ന സ്നേഹത്തണൽ പദ്ധതിയുടെ ഭാഗമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. മുൻവർഷങ്ങളിൽ അനാഥരായ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം ആണ് വിതരണം ചെയ്തിരുന്നത്. എന്നാൽ ഈ വർഷം ലോക് ഡൗൺ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പ്രയാസപ്പെടുന്ന നിരാലമ്പരായ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ചു നൽകാൻ ആണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. കിറ്റ് വിതരണോൽഘാടനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി ഷഹീർ ദേശമംഗലം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ സത്താർ ദാരിമി അധ്യക്ഷനായി. സ്നേഹത്തണൽ പദ്ധതിയുടെ സാമ്പത്തിക സഹായ വിതരണ ഉദ്ഘാടനം ഷാഹിദ് കോയ തങ്ങൾ നിർവ്വഹിച്ചു. ട്രെൻഡ് ജില്ലാ ചെയർമാൻ മാലിക് ചെറുതുരുത്തി, എം എം സലാം, ദേശമംഗലം മേഖലാ പ്രസിഡന്റ്‌ ഇബ്രാഹിം, പുതുശ്ശേരി മഹല്ല് സെക്രട്ടറി സിദ്ദീഖ്, ചെറുതുരുത്തി ക്ലസ്റ്റർ സെക്രട്ടറി അബ്ദുൽ ലതീഫ്, പുതുശേരി യൂണിറ്റ് സെക്രട്ടറി അബ്‌ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു.

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് റമളാന്‍ 29 (മെയ് 22 വെള്ളി) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT

S.I.C വിഖായ ആശ്രയം ഹെൽപ് ഡെസ്‌ക് പതിനായിരങ്ങൾക്ക് ആശ്വാസമേകുന്നു

റിയാദ്: സമസ്‌ത ഇസ്‌ലാമിക് സെന്ററിന് കീഴിൽ സഊദി ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന വിഖായ ആശ്രയം ഹെൽപ്‌ ഡെസ്‌ക്‌ പ്രവർത്തനം പതിനായിരങ്ങൾക്ക് ആശ്വാസമാകുന്നു. സഊദിയിൽ മൂന്നു സോണുകളിലായി പ്രവർത്തിക്കുന്ന ആശ്രയം ഹെൽപ്പ് ഡെസ്‌ക് ഇതിനകം തന്നെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. ജിദ്ധ, റിയാദ്, ഈസ്റ്റേൺ എന്നീ സോണുകളിൽ നാൽപതോളം സെന്റർ കമ്മിറ്റികളിൽ ആരോഗ്യം, മെഡിക്കൽ, ലീഗൽ എന്നീ വിഭാഗങ്ങളിലായാണ് പ്രവർത്തനം.

അല്‍ബിര്‍റ്, ഫാളില അധ്യാപികര്‍ക്കും സമസ്ത ധനസഹായം അനുവദിച്ചു

ചേളാരി: കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍, സമസ്ത വിമണ്‍സ് (ഫാളില) കോളേജ് അധ്യാപികര്‍ക്കും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 1000 രൂപ വീതം ധനസഹായം അനുവദിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ബിര്‍ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍, സമസ്ത വിമണ്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ സേവനം ചെയ്യുന്ന നൂറ് കണക്കിന് അധ്യാപികര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒന്നിലധികം സ്ഥലങ്ങളിലോ തസ്തികകളിലോ സേവനം ചെയ്യുന്നവരാണെങ്കില്‍ ഒരിടത്ത് നിന്ന് മാത്രമാണ് സഹായം ലഭിക്കുക. മദ്‌റസ മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുദര്‍രിസുമാര്‍ എന്നിവര്‍ക്ക് സമസ്ത നേരത്തെ ധനസഹായം അനുവദിച്ചിരുന്നു. കോടിക്കണക്കിനുരൂപയാണ് സമസ്ത ഇതിനുവേണ്ടി വിനിയോഗിച്ചത്.
- Samasthalayam Chelari

വഖഫ് ബോര്‍ഡ് ബാധ്യത നിറവേറ്റണം: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം : മഹല്ലുകളില്‍നിന്നുള്ള 260 പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായവും 2010 പെണ്‍കുട്ടികളുടെ വിവാഹ സഹായവും ഉള്‍പ്പെടെ 3 കോടി രൂപ വഖഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്ന് നല്‍കുവാനുള്ള തീരുമാനം മരവിപ്പിച്ച് മുഖ്യമന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് വഖഫ് ബോര്‍ഡിന്റെ സാമ്പത്തിക പരിധിക്കപ്പുറമുള്ള തുക നല്‍കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗം അഭിപ്രായപ്പെട്ടു. മഹല്ലുകളും സ്ഥാപനങ്ങളും മറ്റും വളരെ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ അവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും ഉത്തരവാദിത്തമുള്ള വഖഫ് ബോര്‍ഡ് പ്രാഥമിക ബാധ്യത മറന്ന് നടത്തിയ ഈ തീരുമാനം കേവലം പ്രകടനപരതയാണെന്ന് യോഗം വിലയിരുത്തി. ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയ മൂന്ന് കോടി രൂപ

ദാറുല്‍ഹുദാ അപേക്ഷ മെയ് 31 വരെ നീട്ടി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ കാമ്പസിലെയും വിവിധ യു. ജി കോളേജുകളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാഥിമാ സഹ്‌റാ വനിതാ കോളേജ്, മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും പ്രവേശനത്തിനുള്ള അപേക്ഷാ തിയ്യതി മെയ് 31 വരെ നീട്ടി.

സമസ്ത: പൊതുപരീക്ഷ മാറ്റിവെച്ചു

ചേളാരി: മെയ് 29, 30 തിയ്യതികളില്‍ വിദേശ രാഷ്ട്രങ്ങളിലും 30, 31 തിയ്യതികളില്‍ ഇന്ത്യയിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ മാറ്റിവെക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് യോഗം തീരുമാനിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

ചെയര്‍മാന്‍ എം. ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ. വി അബ്ദുറഹിമാന്‍ മസ്‌ലിയാര്‍, കെ. എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. എന്‍. എ. എം അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കോവിഡ് പ്രതിസന്ധി; എസ്‌. ഐ. സി. ആഗോള ആത്മീയ പ്രാർത്ഥനാ സംഗമം മെയ് 21 വ്യാഴ്ച രാത്രി 10 മണിക്ക്, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും

റിയാദ്: കോവിഡ് 19 മഹാമാരി മരണം വിതച്ച് ഭീകരത പടർത്തി കത്തിപ്പടരുമ്പോൾ പ്രാർത്ഥനയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ലോകം അംഗീകരിച്ചിരിക്കുന്ന വേളയിൽ സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗോള ആത്മീയ, പ്രാർത്ഥനാ സദസ് സംഘടിപ്പിക്കുമെന്ന് സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ ഭാരവാഹികൾ അറിയിച്ചു. റമദാൻ 28 ന് രാത്രിയാണ് ആത്‌മീയ സംഗമം. ജിസിസി രാജ്യങ്ങളിലെ സമസ്ത പോഷക സംഘടനകളായ യുഎഇ സുന്നി കൗൺസിൽ, കുവൈത്ത്‌ കേരള ഇസ്‌ലാമിക് കൗൺസിൽ, കേരള ഇസ്‌ലാമിക് സെന്റർ ഖത്തർ, സമസ്ത ബഹ്‌റൈൻ കമ്മിറ്റി, മസ്കറ്റ് സുന്നി സെന്റർ, സലാല സുന്നി സെന്റർ, ലണ്ടൻ, തുർക്കി, മലേഷ്യ, ന്യൂസിലാൻഡ്, നൈജീരിയ, ഫ്ലോറിഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ സമസ്ത ഇസ്‌ലാമിക്, സുന്നി സെന്ററുകളുടെ സംയുക്തതയിലാണ് ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.

പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണം : SKSSF

കോഴിക്കോട് : പുനക്രമീകരിച്ച എസ് എസ് എൽ സി, ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ നടപടികളുണ്ടാവണമെന്ന് SKSSF സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെത്തേണ്ട നിരവധി ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് ലോക്ക് ഡൗൺ മൂലം ഇവിടേക്ക് വരാൻ കപ്പൽ യാത്രാ സംവിധാനമായിട്ടില്ല. സംസ്ഥാനത്തെ വിവിധ ദർസ്, അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരാൻ പൊതുഗതാഗതം പുനസ്ഥാപിക്കാത്ത പക്ഷം വലിയ പ്രതിസന്ധി നേരിടും. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ തയ്യാറാവണം. സംസ്ഥാന അതിർത്തി കടന്നെത്തുന്ന വിദ്യാർത്ഥികളുടെ ക്വാറന്റയിൻ സംബന്ധമായ കാര്യങ്ങളും സർക്കാൻ നേരത്തെ വ്യക്തമാക്കണം. അല്ലെങ്കിൽ അവർക്ക് ദ്വീപിൽ തന്നെ പരീക്ഷ എഴുതാൻ സംവിധാനം ഒരുക്കണം - യോഗം ആവശ്യപ്പെട്ടു. ഇവ്വിഷയകമായി SKSSF സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
- SKSSF STATE COMMITTEE

വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും SKSSF സീ കെയര്‍ പദ്ധതി

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചെത്തി വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന പ്രവാസികള്‍ക്കുമായി SKSSF ശാഖാതലങ്ങളില്‍ സീ കെയര്‍ പദ്ധതി ആരംഭിക്കും. വീടുകളില്‍ ക്വാറന്റയിനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പി പി ഇ കിറ്റ് നല്‍കുക, മദ്രസകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശുചീകരിച്ച് അണുവിമുക്തമാക്കുക, മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിതരണം, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ വീടുകള്‍ കേന്ദ്രീകരിച്ച് ആവശ്യമായ സാങ്കേതിക സഹകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലസ്റ്റര്‍, ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

അസ്മി വിദ്യാലയങ്ങളില്‍ പെരുന്നാള്‍ വിശേഷങ്ങളുടെ അവതരണ മത്സരം

ചേളാരി: അസ്സോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ (അസ്മി) അഫിലിയേറ്റഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി പെരുന്നാള്‍ വിശേഷങ്ങളുടെ അവതരണ മത്സരം 'ഈദിയ്യ: 2020 വാക്കും വരയും' സംഘടിപ്പിക്കുന്നു. മെയ് 21 മുതല്‍ ഒരാഴ്ച്ച നീണ്ടുനില്ക്കുന്ന ദേശീയ തല മത്സരത്തില്‍ അസ്മി കിഡ്‌സ്, സബ് ജൂനിയര്‍ (എല്‍ പി), ജൂനിയര്‍(എല്‍ പി), ജൂനിയര്‍ പ്ലസ് (യു. പി), സീനിയര്‍ (എച്ച്. എസ്.), സീനിയര്‍ പ്ലസ് (എച്ച്. എസ്. എസ്.) അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നീ എട്ട് വിഭാഗങ്ങളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. താന്‍ അനുഭവിച്ചതോ ഭാവനയില്‍ കാണുന്നതോ ആയ പെരുന്നാള്‍ വിശേഷങ്ങളാണ് മത്സരത്തിന്റെ പ്രമേയം.