കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി നാല്ദിവസംകൂടി. 20വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. 18, 19, 20 തിയ്യതികളില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസിലും പൊതുവിഭാഗം അപേക്ഷള് സ്വീകരിക്കും. നിലവില്‍ പൊതുവിഭാഗക്കാര്‍ തപാല്‍ കൊറിയര്‍ മുഖേനയാണ് അപേക്ഷ നല്‍കുന്നത്. റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരുടെ അപേക്ഷകള്‍ മാത്രമാണ് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സ്വീകരിക്കുന്നത്.
പൊതുവിഭാഗക്കാരുടെ അപേക്ഷ സ്വീകരിക്കുന്നതിന് മൂന്ന് കൗണ്ടര്‍കൂടി തുറക്കും. നിലവില്‍ എട്ട് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. നാല് കൗണ്ടറുകളിലാണ് റിസര്‍വ് കാറ്റഗറിക്കാരുടെ അപേക്ഷ വാങ്ങുന്നത്. നാല് കൗണ്ടറുകളില്‍ അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് നടക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഹജ്ജ് അപേക്ഷകരുടെ എണ്ണം കുറയുമെന്നാണ് സൂചന. നിലവില്‍ 25232 അപേക്ഷകളാണ് എത്തിയത്. റിസര്‍വ് കാറ്റഗറിയില്‍ 4500ഓളം അപേക്ഷകരുണ്ട്.
ഗുജറാത്തിലാണ് കൂടുതല്‍ അപേക്ഷകരെത്തിയത് 31,000. കേരളം രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 21000 അപേക്ഷകള്‍ എത്തി. കേരളത്തില്‍ ഇത്തവണ അപേക്ഷകരുടെ എണ്ണം 35000ല്‍ താഴെയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞവര്‍ഷം 49429 അപേക്ഷകരുണ്ടായിരുന്നു. ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹജ്ജ് തീര്‍ഥാടനം ജീവിതത്തില്‍ ഒരിക്കല്‍ മാത്രമെന്ന നയം സ്വീകരിച്ചതാണ് അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്നത്. നേരത്തെ അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് വീണ്ടും അപേക്ഷിക്കാമായിരുന്നു
ഹജ്ജ് അപേക്ഷകള്‍ ശ്രദ്ധയോടും അപാകതകളില്ലാതെയും പൂരിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ചെറിയ അപാകമുള്ള അപേക്ഷകള്‍ പോലും കേന്ദ്ര ഹജ്ജ് കമ്മിറ്റി തള്ളുന്നുണ്ട്