കേരളത്തിനു പുറത്ത് ദാറുല്‍ഹുദായുടെ മൂന്നാമത് കേന്ദ്രം |
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ദാറുല്‍ഹുദാ അസം ഓഫ് കാമ്പസിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്ഹിച്ചപ്പോള്‍ |
ഗുഹാവത്തി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ഓഫ് കാമ്പസിന് അസമിലെ ബോര്‍പ്പെട്ട ജില്ലയിലെ ബൈശ വില്ലേജില്‍ ശിലാസ്ഥാപനം കര്‍മ്മം നിര്‍വഹിച്ചു. ദാറുല്‍ഹുദാ നാഷണല്‍ പ്രോജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദവിയുടെ സാന്നിധ്യത്തില്‍ ഞായറാഴ്ച രാവിലെ ചടങ്ങളില്‍ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്.
കേരളത്തിനു പുറത്ത് ദാറുല്‍ഹുദാ നിര്‍മിക്കുന്ന മൂന്നാമത് കേന്ദ്രമാണ് അസമിലേത്. നേരത്തെ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പുങ്കന്നൂരും പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ ഭീംപൂരിലും നേരത്തെ ഓരോ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനു പുറമേ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള 350-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് നേരത്തെ ത്തന്നെ മലപ്പുറം ജില്ലയിലെ ചെമ്മാട് സ്ഥിതി ചെയ്യുന്ന ദാറുല്‍ഹുദായിലെ പ്രധാന കാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അസം കേന്ദ്രം പ്രവര്‍ത്തനം സജ്ജമാവുന്നതോടെ അസമിനു പുറമേ അയല്‍ സംസ്ഥാനങ്ങളായ സിക്കിം, അരുണാചല്‍ പ്രദേശ്, മേഘാലയ, നാഗാലാന്‍ഡ്, മിസോറം, ത്രിപുര, മണിപ്പൂര്‍, ബീഹാര്‍ തുടങ്ങിയവക്കും അതിന്റെ ഗുണഫലങ്ങള്‍ ലഭ്യമാവുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ നദവി പറഞ്ഞു.
അസം പാര്‍ലമെന്ററി ആന്റ് അഗ്രികള്‍ച്ചറല്‍ വകുപ്പ് മന്ത്രി നിലോമണി സെന്‍ദേക, അലി ഹുസൈന്‍ എം.എല്‍.എ, ഷുക്കൂറലി എം.എല്‍.എ, മുസ്‌ലിം ലീഗ് അസം സ്റ്റേറ്റ് പ്രസിഡന്റ് ദിലേര്‍ ഖാന്‍ അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദാറുല്‍ ഹുദാ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സെക്രട്ടറിമാരായ ഡോ.യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി, രജിസ്ട്രാര്‍ സുബൈര്‍ ഹുദവി ചേകന്നൂര്‍, കെ.ടി ജാബിര്‍ ഹുദവി, പി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.