കാസര്‍കോട്: ലോകം കാലാവസ്ഥ നിരീക്ഷണത്തിന്റെ 50 വര്‍ഷം ശനിയാഴ്ച ആഘോഷിക്കുമ്പോഴും നിരീക്ഷണ സംവിധാനങ്ങളില്ലാതെ നാല് ജില്ലകള്‍. കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കാലവസ്ഥ നിരീക്ഷണകേന്ദ്രങ്ങളില്ലാത്തത്. പ്രകൃതിദുരന്തങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണ് ഇവ. സര്‍ക്കാരിനുമുന്നില്‍ ഇവിടങ്ങളില്‍ നിരീക്ഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം കാലങ്ങളായി ഉണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
'ജീവനും സ്വത്തും സംരക്ഷിക്കാന്‍ കാലാവസ്ഥ നിരീക്ഷിക്കാം' എന്നതാണ് വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്ഗനൈസേഷന് (ഡബ്ല്യു.എം.ഒ.) ഈ വര്‍ഷത്തെ മുദ്രവാക്യമായി അംഗീകരിച്ചിട്ടുള്ളത്. പ്രകൃതിദുരന്തംമൂലം കഴിഞ്ഞ 30 വര്‍ഷത്തിനിടെ 20 ലക്ഷത്തിലേറെ ആളുകള്‍ മരിച്ചതായാണ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്ക്. 80 ലക്ഷം കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് ലോകത്തുണ്ടായിരിക്കുന്നത്. ഇതില്‍ 70 ശതമാനവും കാലവസ്ഥയുമായി ബന്ധപ്പെട്ടതാണ്. വരള്‍ച്ച, വെള്ളപ്പൊക്കം, ചൂടുകാറ്റ്, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് എന്നിവയാണ് പ്രധാനമായും ഈ ദുരന്തങ്ങള്‍ക്ക് കാരണം.
നിരീക്ഷണകേന്ദ്രങ്ങളുടെ എണ്ണം കൂടുന്നതിലൂടെ കൃത്യതയാര്‍ന്ന പ്രവചനങ്ങളും അതിലൂടെ ഉചിതമായ മുന്കരുതലുമെടുക്കാമെന്നിരിക്കെയാണ് നാലുജില്ലകളുടെ കാര്യത്തില്‍ ഇപ്പോഴും നടപടിയില്ലാത്തത്.
ഉരുള്‍പൊട്ടല്‍, അതിവര്‍ഷം എന്നിവയ്ക്ക് ഏറെ സാധ്യതയുള്ള സ്ഥലങ്ങളാണ് ഇടുക്കി, വയനാട്, പത്തനംതിട്ട മേഖലകള്‍. സൂര്യതാപമേല്‍ക്കാന്‍ സാധ്യതയുള്ള ഇടമാണ് കാസര്‍കോട്. 33 ഡിഗ്രിയാണ് കാസര്‍കോട്ടെ ഊഷ്മാവെങ്കിലും ജില്ല അക്ഷരാര്‍ത്ഥത്തില്‍ ഉരുകുകയാണ്. ഇതിന്റെ കാരണമെന്തെന്ന് തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. ഈ നാല് ജില്ലകളിലെ കാലാവസ്ഥാ പ്രവചനത്തിന് ആശ്രയിക്കുന്നത് ഉപഗ്രഹങ്ങള്‍വഴി സ്വയം പ്രവര്‍ത്തിക്കുന്ന സംവിധാനത്തെയാണ്. ഇത് എപ്പോഴും കൃത്യതയാര്‍ന്ന വിവരങ്ങള്‍ തരുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് മീറ്റിയറോളജിക്കല്‍ വിഭാഗത്തിന്റെ നേരിട്ട് നിയന്ത്രണമുള്ള കേന്ദ്രങ്ങളുടെ ആവശ്യം.