സമസ്ത ബഹ്റൈന്‍ അഞ്ചാം വാര്‍ഷിക- ത്രിദിന പ്രഭാഷണ പരന്പര വെള്ളിയാഴ്ച മുതല്‍

ശൈഖുനാ മാണിയൂര്‍ ഉസ്താദ്, ഹാഫിള് കബീര്‍ ബാഖവി, ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി എന്നിവര്‍ പങ്കെടുക്കും

മനാമ: സമസ്ത ബഹ്റൈന്‍ -ഗുദൈബിയ ഘടകം സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരന്പര വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ ഇവിടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി സമസ്ത ബഹ്റൈനില്‍ നടത്തി വരുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയുടെ അഞ്ചാം വാര്‍ഷിക പ്രഭാഷണ പരന്പരയാണ് മാര്‍ച്ച് 31, ഏപ്രില്‍ 1, 3 (വെള്ളി, ശനി, തിങ്കള്‍) എന്നീ ദിവസങ്ങളിലായി നടക്കുന്നത്. 
ശൈഖുനാ മാണിയൂര്‍ ഉസ്താദ്, അല്‍ ഹാഫിള് കബീര്‍ ബാഖവി, അല്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി, അബ്ദുല്‍ ഫത്താഹ് ദാരിമി എന്നിവരും സ്വദേശി പ്രമുഖരും വിവിധ ദിവസങ്ങളിലായി പങ്കെടുത്ത് സംസാരിക്കും.
മാര്‍ച്ച് 31, വെള്ളിയാഴ്ച രാത്രി 7 മണിക്ക് അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, ഏപ്രില്‍ 1ന് ശനിയാഴ്ച രാത്രി 7 മണിക്ക് അല്‍ ഹാഫിള് സിറാജുദ്ധീന്‍ ഖാസിമി പത്തനാപുരം എന്നിവര്‍ വിവിധ വിഷയങ്ങളിലായി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലാണ് പ്രഭാഷണം നടത്തുക. 
തുടര്‍ന്ന് സമാപന ദിവസമായ ഏപ്രില്‍ 3ന്(തിങ്കളാഴ്ച) രാത്രി 8.30ന് കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ വിപുലമായ പ്രാര്‍ത്ഥനാ സദസ്സും പ്രഭാഷണവും നടക്കും. 
പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ പണ്ഢിതനും സൂഫി വര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടറിയുമായ ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.