യാങ്കൂണ്‍ : മ്യാന്മറിലെ മെഖ്തില നഗരത്തില്‍ ബുദ്ധതീവ്രവാദികള്‍ മുസ്ലിംകള്ക്കെതിരെ തുടങ്ങിയ കലാപം കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. തലസ്ഥാനമായ യാങ്കൂണില്നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഒഹ് ദെ കോണ്‍ നഗരത്തിലാണ് പുതുതായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.
ഇവിടെ മൂന്നോറോളം അക്രമികള്‍ പള്ളിക്ക് തീവെക്കുകയും മുസ്ലിം ഉടമസ്ഥതയിലുള്ള കടകളും അമ്പത് വീടുകളും തകര്‍ക്കുകയും ചെയ്തു. പ്രകോപനമൊന്നും കൂടാതെയാണ് നഗരത്തില്‍ കലാപകാരികള്‍ അഴിഞ്ഞാടിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
30 പേര് കൊല്ലപ്പെട്ട മെഖ്തിലയില് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മുസ്ലിം ഉടമസ്ഥതയിലുള്ള ഒരു ജ്വല്ലറിയിലെ വാക്കുതര്‍ക്കമാണ് ഇവിടെ അക്രമങ്ങള്‍ക്ക് കാരണമായത്. കലാപത്തില്‍ ഇതുവരെ 9000 പേര് ഭവനരഹിതരായിട്ടുണ്ട്. അക്രമത്തിനു കാരണക്കാരായ നിരവധി ബുദ്ധമതക്കാരെ അറസ്റ്റുചെയ്തു.
പ്രസിഡണ്ട് തീന് സീനും പ്രതിപക്ഷ നേതാവ് ആങ് സാന്‍ സൂകിയും ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചു. മ്യാന്മറിലെ യു.എന്‍ ദൂതന് വിജയ് നമ്പ്യാര്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അക്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലിം, ബുദ്ധ മതനേതാക്കളും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം രാഖിന്‍ സ്റ്റേറ്റിലുണ്ടായ കലാപത്തില്‍ 200ഓളം പേര് കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം മ്യാന്മറിലുണ്ടാകുന്ന ഏറ്റവും വലിയ കലാപമാണിത്.