പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍

പട്ടിക്കാട് (മലപ്പുറം): മതപണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണമെന്നും നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകം നശിപ്പിക്കാന്‍ അനുവദിച്ച് കൂടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയുടെ 58-ാം വാര്‍ഷിക, 56-ാം സനദ് ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്നത് സ്‌നേഹവും സമാധാനവുമാണ്. അക്രമം, വര്‍ഗീയത, തീവ്രവാദം എന്നിവ ഇസ്ലാം അംഗീകരിക്കുന്നില്ല. വിവിധ മതവിശ്വാസികള്‍ സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മഹത്തായ നാടാണിത്. എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ് രാജ്യം പുരോഗതി കൈവരിച്ചത്. എല്ലാ മത വിശ്വാസികളും ചേര്‍ന്നാണ് ഈ രാജ്യത്തിന് സ്വതന്ത്ര്യം നേടിയെടുത്തത്. ഈ ഐക്യവും സ്‌നേഹ ബന്ധവും ഇല്ലാതാക്കാന്‍ ഒരു ഭാഗത്തുനിന്ന് ശ്രമം നടക്കുമ്പോള്‍ മത പണ്ഡിതര്‍ക്കും പ്രബോധകര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ നിഖില മേഖലകളിലും നന്മ ചൊരിയുന്നവരാകണം ജാമിഅയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്ന യുവ പണ്ഡിതന്മാര്‍. സനദ് വാങ്ങി പുറത്തിറങ്ങുന്നവര്‍ക്ക് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. ആര്‍ജിച്ച വിജ്ഞാനം സമുദായത്തിനും രാജ്യത്തിനും ഉപകരിക്കുന്നതാകണം. വിദ്യാഭ്യാസം നല്‍കി സമുദായത്തെ ശാക്തീകരിക്കാന്‍ ഫൈസിമാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
- JAMIA NOORIYA PATTIKKAD