ലണ്ടന്‍: :സ്കോട്ടുലാന്‍റിലെ ആബര്‍ദീനില്‍ സയ്യിദ് ഷാ മുസ്തഫ മസ്ജിദില്‍ മതിയായ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമൊരുക്കിയ തൊട്ടടുത്ത സെന്‍റ് ജോണ്‍സ് ബിഷപ് ചര്‍ച്ചിന് മുസ്‌ലിം നേതാക്കളുടെ അഭിനന്ദനം.
ഇന്ത്യന്‍ വംശജനായ ഇസാഖ് പൂബാലന്‍റെ നേതൃത്വത്തിലാണ് പള്ളി ഇമാം അഹ്മദ് മഗര്‍ബിക്കും സംഘത്തിനും ചര്‍ച്ചിന്‍റെ പ്രധാന ഭാഗങ്ങള്‍ തന്നെ നിസ്കാരത്തിന് തുറന്നു കൊടുത്തത്. ബ്രിട്ടനില്‍ ഇതാദ്യമാണ് ഇത്തരമൊരു സംഭവം. വിഷയം നേരത്തെ ആഗോള മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയില്‍ ഇസ്‌ലാമിനെ കണ്ടും പരിചയിച്ചും വളര്‍ന്നത് ആബര്‍ദീനില്‍ ഇരുമതങ്ങള്‍ക്കിടയിലെ വേര്‍തിരിവ് ഇല്ലാതാക്കാന്‍ സഹായകമായിട്ടുണ്ട്. പ്രാര്‍ഥന ഒരിക്കലും തെറ്റല്ല. ജനങ്ങളെ പ്രാര്‍ഥിക്കാന്‍ പ്രേരിപ്പിക്കുകയാണ് എന്‍റെ ജോലി. കാറ്റിലും മഴയിലും പള്ളിക്ക് പുറത്ത് ജനങ്ങള്‍ പ്രാര്‍ഥിക്കുന്നത് ഞാന്‍ കാണാറുണ്ട്-ഇസഖ് പൂബാലന്‍ പറഞ്ഞു.
സവിശേഷമായ ഒരു കാര്യമാണ് ഇവിടെ നടന്നതെന്നും ഇത് ആവര്‍ത്തിക്കപ്പെടണമെന്നും പള്ളി ഇമാം അഹ്മദ് മഗര്‍ബി പറഞ്ഞു. ഇപ്പോള്‍ നൂറുകണക്കിന് മുസ്‌ലിംകളാണ് ഇവിടെ പ്രാര്‍ഥന നിര്‍വഹിക്കുന്നത്.