ശുഭ്രസാഗരം തീര്‍ത്ത് ജാമിഅഃ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന മഹാ സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകിയെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി.
ഉദ്ഘാന സമ്മേളനം ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത ഉദ്ഘാടനം ചെയ്തു. ശൈഖ് ഹസന്‍ ഈദ് മുഖമ്മസ് മുഖ്യാതിഥിയായിരുന്നു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി, അല്‍-മുനീര്‍ പ്രകാശനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മാണ്‍ മുഹമ്മദലി സാഹിബിനു നല്‍കി നിര്‍വഹിച്ചു. 
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഹസന്‍ ഈദ് അല്‍ ബുഖമ്മസ്, സയ്യിദ്ബശീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് സംസാരിച്ചു. കെ. മമ്മദ് ഫൈസി സ്വാഗവും മൂസ ബാസിത് നന്ദിയും പറഞ്ഞു.
............................................................................................................................
ഫൈസാബാദ്: മാനവ മൈത്രി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സാമുദായിക ഐക്യത്തിലൂടെയും സൗഹാര്‍ദത്തിലൂടെയും മാത്രമേ സമൂഹത്തിന്റെ പുരോഗതി സാധ്യമാവുകയുള്ളൂവെന്നും ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍ ശൈഖ് അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 51ാം വാര്‍ഷിക 49ാം സനദ് ദാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ പ്രമുഖ മതങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, ഹിന്ദു ജനസമൂഹങ്ങള്‍ക്കിടയില്‍ മൈത്രി നിലനില്‍ക്കേണ്ടതുണ്ടെന്നും വിദ്യാഭ്യാസ ആതുര സേവന രംഗത്ത് നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും ജാമിഅ നൂരിയ്യ നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.