ഫാസിസ്റ്റുകള്‍ക്കെതിരെ മതേതരകക്ഷികള്‍ ഐക്യപ്പെടണം : SKSSF ത്വലബാ വിംഗ് സെമിനാര്‍

കോഴിക്കോട് : തീവ്രവാദ ഭീകരവാദ വിധ്വംസക നീക്കങ്ങളും ഫാസിസ ഗൂഢാലോചനകളുമാണ് സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മതേതര ചലനങ്ങള്‍ക്ക് എക്കാലവും തടസ്സം നിന്നതെന്ന് SKSSF ത്വലബാവിംഗ് സെമിനാര്‍ അഭിപ്രായപ്പെട്ടു. പതിനഞ്ച് ലോക്‌സഭകള്‍ പിന്നിട്ട ഇന്ത്യയില്‍ ന്യൂനപക്ഷ പ്രതിസന്ധികള്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നതിന് ഭരണകൂട നിഷ്‌ക്രിയത്വവും തത്പരമുന്നണികളുടെ ഇടപെടലുകളും കാരണമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളകളില്‍ പ്രീണന പ്രഖ്യാപനങ്ങളുമായി ന്യൂനപക്ഷ വോട്ടുകള്‍ തട്ടുന്ന ഭരണകക്ഷികള്‍ തങ്ങളുടെ കറിവേപ്പില നയം തിരുത്തി പ്രായോഗികനിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭാരത റിപ്പബ്ലക്കില്‍ പൂര്‍ണ്ണത അവകാശപ്പെടാന്‍ ഇന്ത്യാരാജ്യത്തിന് അര്‍ഹതയുള്ളൂ.
വളര്‍ന്നുവരുന്ന ഫാസിസ്റ്റ് ഹിഡന്‍ അജണ്ടകള്‍ക്കെതിരെ മതേതരഭാരതം ഒന്നിച്ചുനിന്നാല്‍ മാത്രമേ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വൈവിധ്യ സംസ്‌കൃതികളെയും സ്വരച്ചേര്‍ച്ചയുടെ പൈതൃക പാരമ്പര്യത്തെയും വിഭാവനംചെയ്യുന്ന നാനാത്വത്തിന്‍ ഏകത്വ ഇന്ത്യയെ നിര്‍മ്മിക്കാനാവുകയുള്ളൂ; യോഗം വിലയിരുത്തി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന SKSSF മനുഷ്യജാലിക'യുടെ പ്രചരണാര്‍ത്ഥം ത്വലബവിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍‌സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പതിനാറാം ലോക്‌സഭയും ന്യൂനപക്ഷഭാവിയും ത്വലബവിംഗ് സെമിനാര്‍ സമസ്ത കോഴിക്കോട് ജില്ലാ സെക്രട്ടറി പി.പി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. വിവിധ മത-രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് നാസര്‍ ഫൈസി കൂടത്തായി (SYS), കെ.ടി അബ്ദുറഹിമാന്‍ (യൂത്ത് ലീഗ്), അഡ്വ: പി.എ മുഹമ്മദ് റിയാസ് (ഡി.വൈ.എഫ്.) ചര്‍ച്ചയില്‍ പങ്കെടുത്തു. അബൂബക്കര്‍ ഫൈസി മലയമ്മ വിഷയാവതരണം നടത്തി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മോഡറേഷന്‍ നിര്‍വ്വഹിച്ചു. ടി.പി സുബൈര്‍ മാസ്റ്റര്‍ , .പി.എം അഷ്‌റഫ്, റിയാസ് ഫൈസി പാപ്ലശ്ശേരി, ബാസിത്ത് ചെമ്പ്ര സംബന്ധിച്ചു. ജില്ലാ ചെയര്‍മാന്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ത്വയ്യിബ് കുയ്‌തേരി സ്വാഗതവും ജാഫര്‍ വാണിമേല്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE