മുഹമ്മദ് നബി(സ്വ); സര്‍വ്വലോക സന്മാര്‍ഗദര്‍ശകന്‍ : വലിയ ഖാസി

കോഴിക്കോട് : ജാതി-മത-വര്‍ഗ, അതിര്‍വരമ്പുകള്‍ക്കതീതമായി സര്‍വ്വലോകര്‍ക്കും നന്മയുടെ വിളക്കുമാടമായിട്ടാണ് പുണ്യനബി(സ്വ) അവതീര്‍ണ്ണമായതെന്നും ലോകം കൊതിക്കുന്ന സമാധാനത്തിന് കാലം സ്വീകരിക്കേണ്ട സമഗ്രപാതയാണ് മുഹമ്മദ് (സ്വ) സമര്‍പ്പിച്ചതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. ഭൗതിക വിപ്ലവങ്ങളിലൂടെ അത്ഭുതകരമായ വളര്‍ച്ച മനുഷ്യന് കൈവന്നുവെങ്കിലും വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹം അനുഭവിക്കുന്ന അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ ദാരുണമാണ്. ശാന്തിയും സമാധാനവും ജലരേഖയാവുകയാണിന്ന്. കുടുംബകങ്ങളില്‍പോലും സുരക്ഷിതത്വം അവകാശപ്പെടാനുള്ള സാഹചര്യം ദിനംപ്രതി അന്യമാവുന്നുവെന്നാണ് വര്‍ത്തമാന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനെല്ലാം പൂര്‍ണ്ണപരിഹാരമാണ് ആറാം നൂറ്റാണ്ടില്‍ പ്രവാചകന്‍(സ്വ) പ്രായോഗികമാക്കിത്തന്നത്. ഇതുള്‍ക്കൊള്ളുവാനും സ്വീകരിക്കുവാനും സമൂഹം സജ്ജമാവണമെന്ന സന്ദേശമാണ് ഓരോ റബീഇന്റെ തിരുപ്പിറവിയും ലോകത്തിന്‍ സമര്‍പ്പിക്കുന്നത്; തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നബിദിനത്തോടനുബന്ധിച്ച് SKSSF ത്വലബവിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീറ്റ് & റോസ് ഇവന്റ് നബിദിന സന്ദേശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ ആയിരത്തോളം പേര്‍ക്ക് മധുരവും അഞ്ഞൂറ് സഹോദരസമുദായാംഗങ്ങള്‍ക്ക് പ്രവാചക സന്ദേശലഘുലേഖയും വിതരണം ചെയ്തു. നബിദിന സന്ദേശ-മധുര വിതരണോദ്ഘാടനം ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് ചാത്തുക്കുട്ടി മാസ്റ്റര്‍ കടലുണ്ടിക്ക് നല്‍കി തങ്ങള്‍ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ടി.പി സുബൈര്‍ മാസ്റ്റര്‍ , ഇസ്മാഈല്‍ ഹാജി എടച്ചേരി, കടലുണ്ടി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ആരിഫ് തങ്ങള്‍ ചാലിയം, ശര്‍ഹബീല്‍ മഅ്‌റൂഫ്, റംസീര്‍ റഹ്മാനി ചാലിയം, നൗഫല്‍ തിരുവള്ളൂര്‍ , ത്വയ്യിബ് കുയ്‌തേരി, ജാഫര്‍ വാണിമേല്‍ , ശാഹിദ് മാളിയേക്കല്‍ , അബ്ദുല്ലത്തീഫ് ആലുവ, സാലിഹ് പൂക്കോട്ടൂര്‍ , സയ്യിദ് അക്‌റമലിതങ്ങള്‍ , സിദ്ദീഖ് പാക്കണ, ശബീര്‍ കാക്കുനി, സിദ്ദീഖ് പുവ്വാട്ട്പറമ്പ് എന്നിവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE