സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന്‍; സനാബീസ് ഏരിയ മൌലിദ് മജ്‌ലിസ് സംഘടിപ്പിച്ചു

മനാമ : "മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം" എന്ന പ്രമേയത്തില്‍ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി സനാബീസ് ഏരിയ മൌലിദ് മജ്‌ലിസ്  സംഘടിപ്പിച്ചു.
പ്രവാചകന്‍ മുഹമ്മദ്‌ നബി()യോട്‌ സ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രവാചക സ്‌നേഹികള്‍ക്ക്‌ മുന്‍ മാതൃകയുടെ ആവശ്യമില്ലെന്നും അതാവശ്യപ്പെടുന്നവര്‍ പ്രവാചക സ്‌നേഹത്തെ കുറിച്ചും മഹത്വത്തെത്തെ കുറിച്ചും കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ചടങ്ങിൽ സംസാരിച്ച ഉബൈദുല്ല റഹ്‌മാനി കൊമ്പംകല്ല്‌ അഭിപ്രായപെട്ടു. 
സ്‌നേഹം ഹൃദയത്തിന്റെ ഭാഷയാണ്‌. ഹൃദയാന്തരങ്ങളില്‍ നിന്നുയരുന്ന അതിന്റെ ബഹിര്‍സ്‌ഫുരണങ്ങള്‍ക്ക്‌ മുന്‍മാതൃക ആവശ്യപ്പെടുന്നത്‌ തന്നെ മൌഢ്യമാണ്‌
ഒരു യുദ്ധത്തില്‍ നബി()തങ്ങളുടെ ഒരു പല്ല്‌ പൊട്ടി എന്നറിഞ്ഞപ്പോള്‍ അവിടുത്തെ ഏത്‌ പല്ലായിരിക്കും പൊട്ടിയതെന്നറിയാത്തതിനാല്‍ തന്റെ എല്ലാ പല്ലുകളും കുത്തിപ്പൊട്ടിച്ചാണ്‌ ഒരു സ്വഹാബി തന്റെ പ്രവാചക സ്‌നേഹം പ്രകടിപ്പിച്ചത്‌. മറ്റൊരു സ്വഹാബി പ്രവാചകന്റെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ നബി()യില്ലാത്ത ഈ ലോകം തനിക്കിനി കാണണ്ട എന്നു പറഞ്ഞ്‌ തന്റെ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ചായിരുന്നു സ്‌നേഹ പ്രകടനം നടത്തിയത്‌. ഇപ്രകാരം പ്രവാചകന്റെ ജീവിതകാലത്തും അല്ലാതെയും നടന്ന സച്ചരിതരുടെ സ്‌നേഹ പ്രകടനങ്ങള്‍ നിരവധിയുണ്ട്‌. അപ്രകാരം ചെയ്യാന്‍ അവര്‍ക്കൊന്നും ഒരു മുന്‍മാതൃകയുടെയും ആവശ്യമില്ലായിരുന്നുവെന്നും അവരെക്കാള്‍ വലിയ മുത്തഖികള്‍ ഇനി വരാനില്ലെന്നും അദ്ധേഹം പറഞ്ഞു.
അതേ സമയം, വൈകാരികമായ സ്‌നേഹ പ്രകടനങ്ങള്‍ക്കപ്പുറം പ്രവാചക സ്‌നേഹത്തിന്റെ ആവാച്യമായ  ഫലം അനുഭവിക്കാനും പ്രതിഫലം നേടാനും വിശ്വാസികളെല്ലാം തിരു ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുകയാണ്‌ വേണ്ടതെന്നും ദിനേനെ സ്വലാത്തുകള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
നബിദിനാഘോഷത്തെ വിമര്‍ശിക്കുന്നവര്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കിയ അദ്ധേഹം പ്രവാചകന്റെ ജനനവും മരണവും ഒരേ ദിവസമായിട്ടും ജനനത്തെ മാത്രം ആഘോഷിക്കുകയാണെന്ന വിമര്‍ശനത്തിനും മറുപടി നല്‍കി.
ഈ പ്രപഞ്ചം തന്നെ സൃഷ്‌ടിക്കാന്‍ കാരണക്കാരനായ മുഹമ്മദ്‌ നബി()യുടെ ഉമ്മത്തില്‍ (സമുദായത്തില്‍) നാം ഉള്‍പ്പെട്ടുവെന്നത്‌ തന്നെ അല്ലാഹു നമുക്ക്‌ നല്‍കിയ മഹത്തായ അനുഗ്രഹമാണ്‌. ഇത്തരം അനുഗ്രഹങ്ങളില്‍ നാം സന്തോഷിക്കണമെന്നത്‌ വിശുദ്ധഖുര്‍ ആന്‍ സൂക്തം 10:58 ലെ ആഹ്വാനമാണ്‌. ഈ സന്തോഷ പ്രകടനം കൂടിയാണ്‌ നാം നബിദിനാഘോഷത്തിലൂടെ നടത്തുന്നത്‌. അതേ സമയം ഒരു വ്യക്തിയുടെ മരണത്തില്‍ ദുഖാചരണത്തിന്‌ അടുത്ത ബന്ധുക്കള്‍ക്കു പോലും ക്രിത്യമായ ദിവസം കണക്കാക്കിയിട്ടുണ്ട്‌. അതില്‍ കൂടുതല്‍ ദുഖാചരണത്തിന്‌ ഇസ്ലാം അനുവാദം നല്‍കിയിട്ടില്ലെന്നും അദ്ധേഹം വിശദീകരിച്ചു.
ഇന്നു കാണുന്ന രീതിയില്‍ വിപുലമായിട്ടല്ലെങ്കില്‍ പോലും, നബി()യും അവിടുത്തെ അനുചരരും ഉത്തമ നൂറ്റാണ്ടുകാരുമൊക്കെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ നടത്തിയതിനും അതിനു വേണ്ടി ധനം ചിലവഴിച്ചതിനും അതിന്റെ മഹത്വം വിവരിച്ചതിനുമെല്ലാം വ്യക്തമായ മുൻ മാത്രകകളും രേഖകളുമുണ്ടെന്നും ഇന്നു നടക്കുന്ന മൌലിദ്‌ മജ്‌ലിസുകളില്‍ നടക്കുന്നത്‌ പദ്യ ഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീര്‍ത്തനങ്ങളാണെന്നും അവ നല്ലതാണെന്ന്‌ വിമര്‍ശകരുടെ മുന്‍കാമികള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും റഹ്‌ മാനി വിശദീകരിച്ചു.
ചടങ്ങില്‍ ഏരിയാ ജന.സെക്രട്ടറി കുഞ്ഞഹമ്മദ്‌ ചെമ്മരത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഷ്‌റഫ്‌ മാട്ടൂല്‍, മൌസല്‍ മൂപ്പന്‍ തിരൂര്‍, കുഞ്ഞഹമ്മദ്‌ വടകര, മാജിദ്‌ തലശ്ശേരി, യൂസുഫ്‌ ചെമ്മരത്തൂര്‍, ശംസുദ്ധീന്‍ കൊടിയേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- samasthanews.bh