പൊട്ടച്ചിറ അന്‍വരിയ്യ: ആത്മീയ നേതൃത്വം സ്ഥാപിച്ച കലാലയം

പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ് 44ാം വാര്‍ഷിക സനദ്ദാന സമ്മേളനം ആഘോഷിക്കുകയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് പൊട്ടച്ചിറയില്‍ സ്ഥിതിചെയ്യുന്ന ഈ മത കലാലയം ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവിധം പ്രശസ്തമാണ്.
കേരളത്തില്‍ സൂഫികളുടെയും പണ്ഡിതവര്യരുടെയും സാദാത്തുക്കളുടെയും കൂട്ടായ്മയില്‍നിന്ന് ഉടലെടുത്ത ഒട്ടനവധി സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അന്‍വരിയ്യയെ വേര്‍തിരിക്കുന്ന വ്യത്യസ്തമായ ചില ഘടകങ്ങളുണ്ട്. ആരുടെയും പ്രലോഭനങ്ങളും പ്രീണനവുമില്ലാതെ ഇസ്‌ലാമികേതര ജീവിതം മാറ്റിവെച്ച് സത്യത്തിന്റെ പാതയിലേക്ക് കടന്നുവന്ന ഫാത്വിമ എന്ന മഹതിയാണ് അന്‍വരിയ്യയുടെ സ്ഥാപക. അവരെ അതിലേക്ക് നയിച്ചത് ആത്മീയ ചക്രവര്‍ത്തി വീരാന്‍ ഔലിയയാണ്.
1925ല്‍ ഒറ്റപ്പാലം താലൂക്കിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത കുറ്റിക്കോട് ഗ്രാമത്തില്‍ ചോലയില്‍ വേലപ്പന്റെയും കാളിയുടെയും മകളായി ജനിച്ചതാണ് ഫാത്വിമാ ബീവി. നേരത്തെ അവര്‍ ലക്ഷ്മി ആയിരുന്നു.

17ാം വയസ്സില്‍ നെല്ലായ പഞ്ചായത്തിലെ മോളൂര്‍ എന്ന പ്രദേശത്തെ തെക്കേതില്‍ വേലുവിന്റെയും വള്ളിയുടെയും മകനായ കോരു എന്ന യുവാവുമായി വിവാഹിതയായി. ഒരു വര്‍ഷത്തിനുശേഷം ചെര്‍പ്പുളശ്ശേരിക്കടുത്ത എലിയപ്പറ്റയിലേക്ക് ഇരുവരും താമസം മാറ്റി. അതിനിടയില്‍ രോഗബാധിതയായ ഇവര്‍ രോഗശമനത്തിന് സമീപിച്ചത് അമ്പംകുന്ന് വീരാന്‍ ഔലിയയെയാണ്. ഓരോ ഗ്രാമങ്ങളിലൂടെ ചുറ്റിനടക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. വീരാന്‍ ഔലിയയോട് കാര്യം പറഞ്ഞു. രോഗ ശമനത്തിന് അദ്ദേഹം ചില നിര്‍ദേശങ്ങള്‍ നല്‍കി. രോഗം ഭേദമായി. തുടര്‍ന്ന് വീരാന്‍ ഔലിയയുടെ പല സദസ്സുകളിലേക്കും മഹതി പോകാന്‍ തുടങ്ങി. അതവരെ ഇസ്‌ലാമിക ആചാരങ്ങളോട് കൂടുതല്‍ അടുപ്പിച്ചു. കുടുംബങ്ങളില്‍നിന്ന് അകലാന്‍ ഇത് കാരണമായി. അവര്‍ ഏകയായി ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇത് ഭര്‍ത്താവിനെ കൂടുതല്‍ വേദനിപ്പിച്ചു.
വീരാന്‍ ഔലിയയുടെ നിര്‍ദേശപ്രകാരം ഭര്‍ത്താവിന്റെ കൂടെതന്നെ താമസിക്കാന്‍ തീരുമാനിച്ചു. പിന്നീട് താമസം പൊട്ടച്ചിറയിലേക്ക് മാറ്റി.


ആയിടക്ക് ഭര്‍ത്താവിന് ഒരു രോഗം പിടിപെട്ടു. ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വീരാന്‍ ഔലിയയെ സമീപിക്കുകയും ഭേദമാറുകയും ചെയ്തു.


ഇത്തരം സംഭവങ്ങള്‍ മഹതിയെ മാനസികമായ പരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു. അവര്‍ കൂടുതല്‍ ഇസ്‌ലാമിനോടടുത്തു. ഒടുവില്‍ ഔലിയയെ സമീപിച്ച് സത്യവാചകം ചൊല്ലി ഇസ്‌ലാമിലേക്ക് വന്നു.


പിന്നീട് അവരുടെ ജീവിതം ദൈവിക സ്മരണയിലും സത്യത്തിന്റെ പാതയിലും മാത്രമായിരുന്നു. ആരാധനാ കര്‍മ്മങ്ങളിലൂടെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുത്തു. പല അത്ഭുത സംഭവങ്ങളും പ്രകടിപ്പിക്കാന്‍ തുടങ്ങി. നിരാശ്രയരായ സമൂഹം പല കാര്യങ്ങള്‍ക്കും ബീവിയെ സമീപിച്ചു. ജാതി മത ഭേദമെന്യേ എല്ലാവരുടെയും സങ്കടങ്ങള്‍ കേട്ടു. പരിഹാരങ്ങള്‍ നിര്‍ദേശിച്ചു. ജനം ഉദ്ദേശിച്ച ഫലം നേടിക്കൊണ്ടിരുന്നു.


ഭൗതിക നേട്ടങ്ങളോ സമ്പത്തിനോടുള്ള ആര്‍ത്തിയോ അവരെ പിടികൂടിയില്ല. ദൈവ പ്രീതിക്കായുള്ള സേവനം മാത്രം. തന്നെ സമീപിക്കുന്നവര്‍ നല്‍കിയ നാണയത്തുട്ടുകള്‍ അവര്‍ ഒരുമിച്ചുകൂട്ടി. സുഖാഡംബരങ്ങള്‍ക്കായിരുന്നില്ല അത് വിനിയോഗിച്ചത്. അന്ത്യനാള്‍വരെ സമൂഹത്തിന് ഉപകരിക്കുന്ന പദ്ധതി അവര്‍ മനസില്‍ കണ്ടു. ഒടുവില്‍ അതൊരു വിജ്ഞാന ഗേഹമായിത്തീര്‍ന്നു. വീരാന്‍ ഔലിയയുടെ സമ്പൂര്‍ണ്ണ ആശീര്‍വാദത്തോടെയാണിതിന് അടിത്തറ പാകിയത്. അതാണ് പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്.


കേരളത്തിലെ പല പ്രമുഖ പണ്ഡിതരും മഹതിയോട് ആത്മീയ ബന്ധം പുലര്‍ത്തിയിരുന്നു. ശംസുല്‍ ഉലമയും കണ്ണിയത്ത് ഉസ്താദും കക്കിടിപ്പുറവും തുടങ്ങിയവരെല്ലാം അവരില്‍ ചിലര്‍ മാത്രം. ആത്മീയ ചൂഷണവും കപട സദാചാരവും ഏറെ വിലപോകുന്ന ആധുനിക സാഹചര്യത്തില്‍ അകക്കാഴ്ചയും ദീര്‍ഘവീക്ഷണവുമുള്ള പണ്ഡിത സമൂഹം ബീവി ഉമ്മയെ ഒരു തണലിനുവേണ്ടി സമീപിച്ചിരുന്നെങ്കില്‍ അതിന്റെ ഫലം തന്നെയാണ് ഇന്ന് പൊട്ടച്ചിറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന അന്‍വരിയ്യ കോളജും എം.ടി.ഐ സെന്‍ട്രല്‍ സ്‌കൂളും അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങള്‍.


ഇസ്‌ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനമാണ് അന്‍വരിയ്യ നടത്തിക്കൊണ്ടിരിക്കുന്നത്. വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറി സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ പ്രാപ്തരായ പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അന്‍വരിയ്യക്ക് കഴിഞ്ഞു.


ആയിരക്കണക്കിന് പണ്ഡിതന്‍മാര്‍ ഇതിനകം അന്‍വരിയ്യയില്‍നിന്ന് വിജ്ഞാനം നേടിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മുഈനി ബിരുദവും പിന്നീട് മുതവ്വല്‍ കോഴ്‌സിലേക്ക് ജാമിഅ: നൂരിയ്യയിലേക്കും പോവുകയായിരുന്നു പതിവ്. ഇപ്പോള്‍ വര്‍ഷങ്ങളായി അന്‍വരി ബിരുദം ഇവിടെനിന്ന് കൊടുക്കുന്നു.


കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് അന്‍വരിമാര്‍ സേവനം ചെയ്യുന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യമായ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെയും അന്‍വരിയ്യ പുതിയ വിപ്ലവം സൃഷ്ടിക്കുന്നു. മത വിഷയത്തില്‍ മുതവ്വല്‍ ബിരുദവും ഭൗതിക തലത്തില്‍ പി.ജിയും നല്‍കുന്ന പത്തുവര്‍ഷ കോഴ്‌സ് 6 വര്‍ഷം പൂര്‍ത്തിയാക്കുന്നു. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യവും പ്രസംഗ എഴുത്ത് രംഗങ്ങളില്‍ പരിശീലനവും സുന്നത്ത് ജമാഅത്തിന്റെ വിഷയങ്ങളിലെ പ്രത്യേക പഠനവും നടത്തുന്നതിന്റെ ഫലമായി കേരളത്തില്‍ ഇത്തരം രംഗങ്ങളില്‍ അന്‍വരിയ്യയുടെ സന്തതികള്‍ മികച്ചു നില്‍ക്കുന്നുണ്ട്.


മര്‍ഹൂം കെ.കെ അബൂബക്കര്‍ ഹസ്രത്ത്, ഉസ്താദ് കെ.സി ജമാലുദ്ദീന്‍ മുസ്‌ല്യാര്‍, ഉസ്താദ് കുമരംപുത്തൂര്‍ അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ഉസ്താദ് കാപ്പില്‍ വി. ഉമ്മര്‍ മുസ്‌ല്യാര്‍ തുടങ്ങി ഒട്ടനവധി പണ്ഡിതന്‍മാര്‍ അന്‍വരിയ്യയില്‍ പ്രിന്‍സിപ്പല്‍മാരായി സേവനം ചെയ്തിട്ടുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും സി.കെ.എം സ്വാദിഖ് മുസ്‌ല്യാര്‍ ജനറല്‍ സെക്രട്ടറിയും അബ്ദുഹാജി പൊട്ടച്ചിറ ട്രഷററുമായ സമിതിയാണ് സ്ഥാപനത്തെ നയിക്കുന്നത്.


ഇന്ന് തുടങ്ങി ഫെബ്രുവരി 1, 2 തീയതികളില്‍ 44ാം വാര്‍ഷികം ആഘോഷിക്കുന്ന അന്‍വരിയ്യയുടെ സമ്മേളനത്തില്‍ 73 അന്‍വരിമാര്‍ക്ക് സനദ് നല്‍കുന്നു. വീരാന്‍ ഔലിയയുടെയും ബീവി ഉമ്മയുടെയും ആത്മീയ സാന്നിധ്യമുള്ള അന്‍വരിയ്യ ഇനിയും ഏറെ മുന്നോട്ട് ഗമിക്കുമെന്നതില്‍ സംശയമില്ല. - സി.ടി യൂസുഫ് മുസ്‌ല്യാര്‍ ഇരുമ്പുഴി (അന്‍വരിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലാണ് ലേഖകന്‍)