മദ്യത്തിനെതിരെ മഹല്ല് നേതൃത്വം

കോഴിക്കോട്: മദ്യപാന വിപത്തിനെതിരെ മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോധവത്കരണവും സമര പരിപാടികളും ആരംഭിക്കാന്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വിവാഹം, ആഘോഷങ്ങള്‍ തുടങ്ങിയവയുടെ മറവിലാണ് മദ്യപാനത്തിലേക്ക് മുസ്‌ലിം ചെറുപ്പക്കാര്‍ ചുവടുവെക്കുന്നതെന്നതിനാല്‍ ഇത്തരം അവസരങ്ങളില്‍ മഹല്ല്കമ്മിറ്റികള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും യോഗം നിര്‍ദേശിച്ചു.ബോധവത്കരണപരിപാടിയുടെ ഒന്നാംഘട്ടമായി മെയ് 21ന് ജില്ലയിലെ മഹല്ലുകളിലെ ജുമുഅത്ത് പള്ളികളില്‍ ജാഗ്രതാപ്രഭാഷണം നടക്കും. മെയ് 26ന് 11 മിന്‍ത്വഖകളിലും ഓരോ കേന്ദ്രങ്ങളില്‍ മദ്യവിരുദ്ധ സമ്മേളനങ്ങള്‍ നടക്കും.എ.വി. അബ്ദുള്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍, എന്‍.വി. ഖാലിദ് മുസ്‌ലിയാര്‍, സി.എസ്.കെ തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി. കുട്ടിഹസ്സന്‍, ഇസ്മായില്‍ ഹാജി എടച്ചേരി, അബൂബക്കര്‍ ഫൈസി മലയമ്മ എന്നിവര്‍ സംസാരിച്ചു.മുസ്തഫ മുണ്ടുപാറ സ്വാഗതവും കെ.എന്‍.എസ്. മൗലവി നന്ദിയും പറഞ്ഞു