വന്‍മരങ്ങളും പാറക്കെട്ടുകളുമായൊരു ഗ്രീന്‍ ബസ്സ്

കൂത്തുപറമ്പ്: വന്‍മരങ്ങളും പാറക്കെട്ടുകളും വെള്ളച്ചാട്ടവുമൊക്കെ ഒരുക്കി ജല സംരക്ഷണ സന്ദേശവുമായെത്തിയ ഗ്രീന്‍ മെസഞ്ചര്‍ പ്രദര്‍ശനം ശ്രദ്ധേയമായി. റഹ്മ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന സന്ദേശയാത്രയിലാണ് ബസ്സിനെ പ്രകൃതിയുടെ കൊച്ചുപതിപ്പാക്കി മാറ്റിയിരിക്കുന്നത്. ബസ്സാണെന്നു മനസ്സിലാകാത്ത രീതിയില്‍ ഒരുക്കിയിരിിക്കുന്ന ഇതില്‍ രണ്ടു കവാടങ്ങളും ഗുഹാമുഖങ്ങളാക്കി മാറ്റിയിരിക്കുന്നു.

കേരളത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഴവെള്ളത്തെ സംരക്ഷിച്ചു നിര്‍ത്തി ഭൂമിയുടെ ദാഹമകറ്റുകയെന്ന സന്ദേശവുമായാണ് യാത്ര. ഗുഹാമുഖത്തിലൂടെ ആളുകള്‍ക്ക് ഉള്ളില്‍ പ്രവേശിക്കാം. ജല സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന വീഡിയോ പ്രദര്‍ശനമുണ്ട്. ബസ്സിനുള്ളില്‍ ഇരുവശങ്ങളിലും മഴവെള്ള സംരക്ഷണത്തിന്റെ ആഹ്വാനവുമായുള്ള പോസ്റ്ററുകളുമുണ്ട്. ഇപ്പോള്‍ അഞ്ചു ശതമാനം മാത്രം മഴവെള്ളം സംരക്ഷിച്ചുനിര്‍ത്തുന്ന കേരളത്തില്‍ 30 ശതമാനം മഴവെള്ളം സംരക്ഷിച്ചുനിര്‍ത്താനാകുമെന്ന് ഗ്രീന്‍ മെസഞ്ചര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നു.

മാതൃകര്‍ഷകമായി ഒരുക്കിയ ഗ്രീന്‍ മെസഞ്ചര്‍ കാണാന്‍ നിരവധി പേരെത്തുന്നുണ്ട്. റഹ്മ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുനവറലി ശിഹാബ് തങ്ങള്‍, പ്രസിഡന്റ് റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, പ്രോജക്ട് മാനേജര്‍ എസ്.വി. മുഹമ്മദലി, ഐ.ടി.മാനേജര്‍ പി. പ്രജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രീന്‍ മെസഞ്ചര്‍ ഒരുക്കിയത്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ശംസുദ്ദീന്‍ മുഹമ്മദ്, അബ്ദുല്‍ ഖയ്യൂം, പി. നിസാര്‍ എന്നിവര്‍ പരിപാടി വിവരിക്കുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനു ശേഷമാണ് കണ്ണൂര്‍ ജില്ലയിലെത്തിയത്