മൂല്യവത്തായ രചനകള്‍ സൃഷ്ടി പരതയുടെയും പ്രതിബദ്ധതയുടെയും ഉപോല്‍പന്നംജിദ്ദ : മൂല്യവത്തായ രചനകള്‍ സൃഷ്ടി പരതയുടെയും പ്രതിബദ്ധതയുടെയും ഉപോല്‍പന്നമാണെന്നും മാപ്പിള സാഹിത്യ രംഗത്ത് തനിമയിലൂന്നിയ പുതിയ വഴികളും ശീലുകളും സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും ജിദ്ദ ഇസ്ലാമിക് സെന്‍റര്‍ തൊങ്കല്‍ കലാ വേദി സംഘടിപ്പിച്ച ശില്‍പാലയം 2010 അഭിപ്രായപ്പെട്ടു.


വിപണന തന്ത്രങ്ങളില്‍ നിന്ന് ഉരുവം കൊള്ളുന്ന പുതിയ രചനകളില്‍ ഇശലും മാപ്പിളയും സാഹിത്യവുമൊക്കെ മേന്പൊടിക്ക് ചേര്‍ക്കുന്ന ചേരുവകള്‍ മാത്രമാണ്. വിറ്റു കാശാക്കുക എന്ന സങ്കുചിതത്വ മനസ്ഥിതി തന്നെയാണ് മറ്റേതു രംഗത്തുമെന്ന പോലെ മപ്പിള സാഹിത്യത്തിലും അരങ്ങു തകര്‍ക്കുന്നത്.


ഇസ്‍ലാമിക സംസ്കൃതിയുടെ മുഴുവന്‍ ആവിഷ്ക്കാരങ്ങളും ഭംഗിയായി നിര്‍വ്വഹിച്ച അറബി മലയാള ഭാഷ സ്വയം അസ്തിത്വമുള്ള ഭാഷയായിരുന്നു. ഏതാണ്ടെല്ലാ വിഷയങ്ങലിലുമായി നൂറുക്കണക്കിന് ഗ്രന്ഥങ്ങളും കൈയ്യെഴുത്ത് കോപ്പികളും ആ ഭാഷയില്‍ വിരചിതമായിട്ടുണ്ട്. അക്കാലത്തെ മുസ്‍ലിംകള്‍ ആ ഭാഷയില്‍ നൂറു ശതമാനം സാക്ഷരത നേടിയവരായിരുന്നു വിഷയാവതാരകന്‍ ചൂണ്ടിക്കാട്ടി.


ടി.എച്ച്. മുഹമ്മദ് ദാരിമി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഉമര്‍ അഞ്ചവിടി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ ഇസ്‍ലാമിന്‍റെ കലാ വീക്ഷണം, മാപ്പിള സാഹിത്യവും അറബി മലയാളവും, മാപ്പിളപ്പാട്ട് രചനയും അവതരണവും, മാപ്പിള സാഹിത്യത്തിന്‍റെ ആധുനിക സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.


മുസ്തഫ കുണ്ടോട്ടി, ഹമീദ് കിഴിശ്ശേരി, അന്‍സാര്‍ തിരൂരങ്ങാടി, പി. അസ്‍ലം മാസ്റ്റര്‍, ആദില്‍, ഹിഷാം, അസ്‍ലം സലീം, ഇസ്‍മാഈല്‍ മുഹി, ശിഹാബ് സി.കെ., മുഹമ്മദ് റബീഅ്, തുടങ്ങിയ യുവ ഗായകര്‍ അണിനിരന്ന തൊങ്കല്‍ കലാ സായാഹ്നവും അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, സൈതലവി ഫൈസി പൂക്കോട്ടും പാടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കാരാഗൃഹത്തിലെ പനിനീര്‍ പൂവ് എന്ന കഥാ കഥനവും അവതരണ മികവു കൊണ്ടും വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.


തൊങ്കല്‍ കലാവേദി ജിദ്ദയിലലെ യുവ ഗായകര്‍ക്കായി ജൂണ്‍ അവസാന വാരത്തില്‍ റിയാലിറ്റി പടപ്പാട്ട് മത്സരം സംഘടിപ്പിക്കുമെന്നും മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഫൈനലിലെത്തുന്ന വിജയികള്‍ക്ക് പ്രശംസാ പത്രവും സമ്മാനവും നല്‍കുമെന്നും തൊങ്കല്‍ കലാവേദി ഭാരവാഹികള്‍ അറിയിച്ചു.


- മജീദ് പുകയൂര്‍ -