തളങ്കര ഇബ്രാഹിം ഖലീലിന് കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്‍റും കാസര്‍കോട് സംയുക്ത ജമാഅത്ത് സെക്രട്ടറിയും പ്രമുഖ വ്യവസായിയും മത സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ തളങ്കര ഇബ്രാഹിം ഖലീലിന് ആയിരങ്ങള്‍ കണ്ണീരോടെ വിട നല്‍കി. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മംഗലാപുരം വെല്‍ലോക് ആസ്പത്രിയില്‍നിന്ന് മയ്യത്ത് തളങ്കരയിലെ വീട്ടിലെത്തിയപ്പോള്‍ ആയിരങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തി. മയ്യത്ത് എത്തുമ്പോഴേക്കും വീടും പരിസരവും ജനനിബിഡമായിരുന്നു. 11.30 ഓടെ മയ്യത്ത് മാലിക് ദീനാര്‍ വലിയ പള്ളിയിലേക്ക് എടുത്തു. അപ്പോഴേക്കും പള്ളിപരിസരം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, റെയില്‍വെ സഹമന്ത്രി ഇ.അഹമ്മദ്, പ്രൊഫ. ആലിക്കുട്ടി മുസ്‌ല്യാര്‍, എം.എ.യൂസുഫലി, തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.