മംഗല്‍പാടി-പൈവളിഗെ പഞ്ചായത്തുകളിലെ മഹല്ലു ജമാഅത്തുകളുടെ ഖാസിയായി ടി.കെ.എം.ബാവ ഉസ്താദ്‌ മെയ് 28 സ്ഥാനമേല്‍ക്കുന്നു

കാസര്‍കോട് : മംഗല്‍പാടി-പൈവളിഗെ പഞ്ചായത്തുകളിലെ മഹല്ലു ജമാഅത്തുകളുടെ ഐക്യവേദിയായ സംയുക്ത ജമാഅത്തു ഖാസിയായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ അദ്ധ്യക്ഷനും നിലവിലെ കാസറഗോഡ്-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയുമായ ഖാസി.ടി.കെ.എം.ബാവ മുസ്ല്യാരെ ബൈഅത്ത് ചെയ്യുന്ന ചടങ്ങ് മെയ് 28 വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം ഉപ്പള ടൗണ്‍ ബദരിയ ജുമാ മസ്ജിദ് പരിസരത്ത് വെച്ചു നടക്കുമെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ വെച്ച് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

മത പണ്ഡിതന്‍മാരുടെയും സയ്യിദുമാരുടേയും സാദാത്തുകളുടെയും സാന്നിധ്യത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ ഖാസിയെ തലപ്പാവ് അണിയിക്കും. കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വി.കെ. അബൂബക്കര്‍ മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ കെ.എസ്. അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. യു.എം. അബ്ദുല്‍റഹിമാന്‍ മുസ്ല്യാര്‍, ത്വാഖാ അഹമദ് മുസ്ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, സി.ടി.അഹമ്മദലി എം.എല്‍.എ എ.യു.ടി.ഖാദര്‍ എം.എല്‍.എ തുടങ്ങിയവരും പ്രമുഖ മതപണ്ഡിതന്‍മാരും ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹാജി വി.കെ. അബൂബക്കര്‍ മുസ്ല്യാര്‍, ഹാജി പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍, മിപ്പിരി ഷാഫി ഹാജി, ബി. മൂസ്സ ഹാജി, അട്ക്കം ഇസ്മയില്‍ ഹാജി, ആബിദ് തങ്ങള്‍, എം.കെ.അലി മാസ്റ്റര്‍, ഉമ്മര്‍ രാജാവ് ബന്തിയോട് കെ.എം.അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു.