വിജ്ഞാനത്തോടൊപ്പം കൗതുകവും പകര്‍ന്ന് 'ഗ്രീന്‍ മെസഞ്ചര്‍' ജില്ലയില്‍ പര്യടനം തുടങ്ങി

കുറ്റിപ്പുറം: ശുദ്ധജലത്തിനായി കേഴുന്ന ജനങ്ങള്‍ക്കിടയിലേക്ക് മഴവെള്ളസംരക്ഷണ സന്ദേശത്തിന്റെ നിറകുടവുമായെത്തിയ 'ഗ്രീന്‍ മെസഞ്ചര്‍' ജില്ലയില്‍ പ്രയാണമാരംഭിച്ചു. ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന വാഹനപ്രദര്‍ശനമാണ് ഗ്രീന്‍ മെസഞ്ചര്‍. കോഴിക്കോട് ആസ്ഥാനമായ 'റഹ്മ' എന്ന സന്നദ്ധസംഘടനയാണ് 'ഗ്രീന്‍ മെസഞ്ചര്‍' ഒരുക്കിയത്.

വിജ്ഞാനത്തോടൊപ്പം കൗതുകവും പകര്‍ന്നാണ് ഗ്രീന്‍ മെസഞ്ചര്‍ ബസ് രൂപകല്പന ചെയ്തിരിക്കുന്നത്. വന്‍മരവും പാറക്കെട്ടും കൊച്ചരുവിയും പച്ചിലകളും നിറഞ്ഞുനില്‍ക്കുന്ന പ്രകൃതിഭംഗി ആവിഷ്‌കരിച്ചാണ് ഗ്രീന്‍ മെസഞ്ചറിന്റെ പ്രചാരണവാഹനം തയ്യാറാക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഒരു ബസ്സാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് നിര്‍മാണം. ബസ്സിന്റെ ഉള്‍ഭാഗം ഹോംതിയേറ്ററായാണ് ഡിസൈന്‍ചെയ്തിരിക്കുന്നത്. പ്രകൃതിപരിപാലനത്തിനും മഴവെള്ള സംരക്ഷണത്തിനും ആഹ്വാനംചെയ്യുന്ന പോസ്റ്ററുകള്‍ ഉള്ളില്‍ പതിച്ചിട്ടുണ്ട്.

മുനവ്വറലി ശിഹാബ്തങ്ങള്‍ (ചെയ.), റഹ്മത്തുള്ളഖാസിമി (പ്രസി.) തുടങ്ങിയവരാണ് 'റഹ്മ'യുടെ സാരഥികള്‍. ഈമാസം 10ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച പ്രയാണം മന്ത്രി ബിനോയ്‌വിശ്വമാണ് ഫ്‌ളാഗ്ഓഫ് ചെയ്തത്. പാലക്കാട് ജില്ലയിലെ പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് ഗ്രീന്‍മെസഞ്ചര്‍ ജില്ലയിലേക്ക് പ്രവേശിച്ചത്. ജില്ലയില്‍ എടപ്പാള്‍, കുറ്റിപ്പുറം, വളാഞ്ചേരി, പുത്തനത്താണി, തിരൂര്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ മെസഞ്ചര്‍ ശനിയാഴ്ച പര്യടനം നടത്തി. ഞായറാഴ്ച കോട്ടയ്ക്കല്‍, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.